കൊവിഡ്-19 ആളുകളുടെ സമ്പാദ്യശീലം മാറ്റിയെന്ന് സര്‍വേ

കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കെ പണം മാറ്റിവെക്കുന്ന ശീലം കുറഞ്ഞത് മധ്യവര്‍ഗമെങ്കിലും ഉപേക്ഷിച്ചു, പകരം ആരോഗ്യത്തിനായി മാറ്റിവെക്കാന്‍ തുടങ്ങി

Covid19 savings habit
-Ad-

പണം എന്തിനു വേണ്ടി സമ്പാദിക്കുന്നുവെന്ന് ഒരു ആറു മാസം മുമ്പായിരുന്നു ചോദിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ മധ്യവര്‍ഗം പറയുമായിരുന്നു, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. എന്നാല്‍ കൊവിഡ് 19 കാര്യങ്ങളാകെ മാറ്റിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായെത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനാണ് ഇന്ന് ആളുകള്‍ പണം മാറ്റിവെക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊവിഡ് 19 ചികിത്സ, അടിയന്തിര ചികിത്സ, വരുമാന നഷ്ടം, വരുമാനക്കാരനായ കുടുംബനാഥന്റെ പെട്ടെന്നുള്ള മരണം തുടങ്ങിയവയൊക്കെയാണ് ആളുകളെ കുട്ടികളുടെ പഠനത്തെക്കാളും മറ്റും ആശങ്കപ്പെടുത്തുന്നതെന്ന് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സും ഗവേഷണ സ്ഥാപനമായ കന്താറും നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്. മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ താമസിക്കുന്നവരാണ് കൂടുതല്‍ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.

മെട്രോ നഗരങ്ങളിലെ 46 ശതമാനം പേര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ ടയര്‍ 1 ലെ 55 ശതമാനം പേരും ടയര്‍ 2 നഗരങ്ങളിലെ 52 ശതമാനം പേരും സുരക്ഷിതരാണെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. പൊതുവേ നഗരവാസികളിലാണ് അരക്ഷിതത്വ ബോധം കൂടുതലായുള്ളത്.

വീടോ കാറോ വാങ്ങള്‍, യാത്ര തുടങ്ങിയ കാര്യങ്ങളില്‍ നിന്നും ആളുകള്‍ പിന്നോക്കാം പോയിട്ടുണ്ട്. സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും പുതിയ വായ്പ എടുക്കുന്നവരുടെ എണ്ണം കുറവാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ പലരും നിലവിലുള്ള കടം തന്നെ അടച്ചു തീര്‍ക്കാനാവുമോ എന്ന ആശങ്കയിലാണ്.

-Ad-

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത വായ്പ 2.9 ശതമാനം കുറഞ്ഞിട്ടുണ്ട്. അതില്‍ തന്നെ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സിനു വേണ്ടിയുള്ളതില്‍ 6.4 ശതമാനവും വീടിനു വേണ്ടിയുള്ള വായ്പ 0.7 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ളത് 14.1 ശതമാനവും കുറഞ്ഞു. വിദ്യാഭ്യാസ വായ്പയെടുക്കുന്നതില്‍ 0.8 ശതമാനവും വാഹനങ്ങള്‍ക്കായുള്ള വായ്പ 2.7 ശതമാനവും കുറഞ്ഞിട്ടുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആഗോള മാന്ദ്യവും കൊവിഡ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതും അതിനുള്ള വാക്‌സിന്‍ ലഭ്യമല്ലാത്തതുമടക്കമുള്ള ആശങ്കകള്‍ മൂലം ആളുകള്‍ വരുമാനത്തിന്റെ പകുതിയും പെട്ടെന്നുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനായി മാറ്റിവെക്കുന്നുവെന്നും സര്‍വേയില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here