പ്രവാസികളെ ഇതിലേ ഇതിലേ; വിവിധ എന്‍ആര്‍ഐ അക്കൗണ്ടുകളെക്കുറിച്ച് അറിയാം

പ്രവാസികള്‍ക്ക് തങ്ങളുടെ ബാങ്കിടപാടുകളെക്കുറിച്ചു പദ്ധതികളുണ്ടെങ്കിലും ഏതൊക്കെ അക്കൗണ്ടുകളുണ്ട്, അവയുടെ പ്രത്യേകതകള്‍ എന്തെല്ലാം എന്നുള്ള കാര്യങ്ങളെക്കുറിച്ചൊന്നും എപ്പോളും ധാരണയുണ്ടാകണമെന്നില്ല. പ്രവാസികള്‍ക്ക് പ്രധാനമായും മൂന്നു ഗണത്തില്‍പ്പെടുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളാണ് ഓരോരുത്തരുടെയും നിക്ഷേപ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ആവശ്യാനുസരണം തിരഞ്ഞെടുക്കാനാവുക, എന്‍ആര്‍ഒ, എന്‍ആര്‍ഇ, എഫ്സിഎന്‍ആര്‍. ഈ അവസരത്തില്‍ മുകളില്‍ പറഞ്ഞ മൂന്നു എന്‍ആര്‍ഐ അക്കൗണ്ടുകളുടെയും പൂര്‍ണ വിവരങ്ങള്‍ അറിയാം.

എന്‍ആര്‍ഇ സേവിംഗ്‌സ്

എന്‍ആര്‍ഇ സേവിംഗ്സ് / ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍ സേവിംഗ്‌സ് / ഫിക്സ്ഡ് ഡിപ്പോസിറ്റ് അക്കൗണ്ടെന്നാണ് എന്‍ആര്‍ഇ അക്കൗണ്ടിന്റെ പൂര്‍ണ രൂപം. ഇന്ത്യന്‍ രൂപയിലാണ് എന്‍ആര്‍ഇ അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെടുന്നത്. അതായത് വിദേശ കറന്‍സിയില്‍ പണം നിക്ഷേപിച്ചാലും അന്നന്നത്തെ വിനിമയ നിരക്ക് പ്രകാരമുള്ള ഇന്ത്യന്‍ രൂപയായിരിക്കും എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് വരിക. നിക്ഷേപിക്കുന്ന പണവും പലിശയും മറ്റു അക്കൗണ്ടിലേക്ക് കൈമാറുന്നതിന് തടസമില്ല. ഒപ്പം എന്‍ആര്‍ഇ അക്കൗണ്ടിലെ പലിശയ്ക്ക് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

എന്‍ആര്‍ഒ സേവിംഗ്സ്

എന്‍ആര്‍ഒ സേവിംഗ്സ്/ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് നോണ്‍ റസിഡന്റ് ഓര്‍ഡിനറി സേവിംഗ്സ്/ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടെന്നാണ് എന്‍ആര്‍ഒ അക്കൗണ്ടിന്റെ പൂര്‍ണ രൂപം. എന്‍ആര്‍ഇ അക്കൗണ്ടുപോലെ എന്‍ആര്‍ഒ അക്കൗണ്ടിലും ഇന്ത്യന്‍ രൂപയിലാണ് പണം നിക്ഷേപിക്കപ്പെടുന്നത്. വിദേശ കറന്‍സിയില്‍ പണം അടച്ചാലും അന്നന്നത്തെ വിനിമയ പ്രകാരമുള്ള ഇന്ത്യന്‍ രൂപ എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും. ഇന്ത്യയിലുള്ള ആര്‍ക്കും എന്‍ആര്‍ഒ അക്കൗണ്ട് തുടങ്ങാം. ഇതേസമയം, എന്‍ആര്‍ഒ അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് മുപ്പതു ശതമാനം നികുതി ഒടുക്കേണ്ടതുണ്ട്. ഒപ്പം വിദ്യാഭ്യാസ സെസും സര്‍ചാര്‍ജും പലിശയ്ക്ക് മേല്‍ ഈടാക്കപ്പെടും. ഇന്ത്യയിലെ അടവുകള്‍ക്കും ചിലവുകള്‍ക്കുമായി എന്‍ആര്‍ഒ അക്കൗണ്ട് പ്രവാസികള്‍ക്ക് ഉപയോഗിക്കാം. ഇന്ത്യന്‍ കറന്‍സി അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും തടസങ്ങളില്ല.

എഫ്സിഎന്‍ആര്‍ സേവിംഗ്സ്

എഫ്സിഎന്‍ആര്‍ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടെന്നാണ് എഫ്സിഎന്‍ആര്‍ അക്കൗണ്ടിന്റെ പൂര്‍ണ രൂപം. വിദേശ കറന്‍സിയില്‍ ദീര്‍ഘകാലം നിക്ഷേപം സൂക്ഷിക്കാന്‍ എഫ്സിഎന്‍ആര്‍ അക്കൗണ്ടിലൂടെ കഴിയും. ഇതേസമയം, എഫ്സിഎന്‍ആര്‍ അക്കൗണ്ടില്‍ ഇന്ത്യന്‍ രൂപ നിക്ഷേപിക്കാനാവില്ല. അമേരിക്കന്‍ ഡോളര്‍, പൗണ്ട്സ് സ്റ്റെര്‍ലിങ്, യൂറോ, ജാപ്പനീസ് യെന്‍, ഓസ്ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍ എന്നീ കറന്‍സികളാണ് ഒട്ടുമിക്ക ബാങ്കുകളും എഫ്സിഎന്‍ആര്‍ അക്കൗണ്ടില്‍ സ്വീകരിക്കാറ്. എഫ്സിഎന്‍ആര്‍ അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയില്‍ നികുതിയില്ല.

Related Articles
Next Story
Videos
Share it