Begin typing your search above and press return to search.
ജീവനക്കാർക്ക് ഇനി ഉയർന്ന പിഎഫ് പെൻഷൻ; സുപ്രീംകോടതി വിധി നിർണ്ണായകം
രാജ്യത്തെ കോടിക്കണക്കിന് ശമ്പള ജീവനക്കാർക്ക് ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കാൻ വഴിതുറന്ന് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. പൂർണ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ അനുവദിക്കണമെന്നാണ് ഉത്തരവ്.
പെന്‍ഷന്‍ വിഹിതം കണക്കാക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയാക്കി നിശ്ചയിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ (ഇപിഎഫ്ഒ) വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരെ ഇപിഎഫ്ഒ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നടപടി.
കോടതി വിധിക്ക് ശേഷമുള്ള പ്രധാന മാറ്റങ്ങൾ
- മുഴുവൻ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് നൽകി ഉയർന്ന പെൻഷൻ നേടാം. അധിക കോൺട്രിബ്യുഷൻ പെൻഷൻ ഫണ്ടിലേക്ക് പോകുമ്പോൾ പിഎഫ് കോർപസിൽ അതിനനുസരിച്ച് കുറവുണ്ടാകും. എന്നാൽ പെൻഷൻ ഉയരുന്നതുകൊണ്ട് ഈ കുറവ് നികത്താനാകും.
- എക്സംപ്റ്റഡ് ട്രസ്റ്റുകളും അല്ലാത്തതുമായി സ്ഥാപനങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പി.എഫ്. അംഗങ്ങൾക്ക് ഒരേപോലെ പെൻഷന് അർഹതയുണ്ടാകും.
- 2014 സെപ്റ്റംബർ ഒന്നിലെ നിയമഭേദഗതിയിൽ ഇപിഎഫ്ഒ പെൻഷൻ വിഹിതം പരമാവധി 15,000 രൂപയുടെ 8.33% ശതമാനമാക്കിയിരുന്നു. 1996 വരെ 6500 രൂപയുടെ 8.33% ശതമാനമായിരുന്നു. ഇതോടൊപ്പം, പെൻഷന് ആധാരമാക്കേണ്ട ശമ്പളം വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളമായിരുന്നത് 60 മാസ (5 വർഷം) മാക്കുകയും ചെയ്തിരുന്നു.
- വിധിയിലൂടെ സുപ്രീംകോടതി 15000 രൂപ (മാസം 1250 രൂപ) എന്ന സീലിംഗ് എടുത്തുമാറ്റുകയും പെൻഷൻ വിഹിതം മുഴുവൻ ശമ്പളത്തിന്റെ (അടിസ്ഥാനശമ്പളവും ഡി.എ.യും കൂട്ടിയ തുക) 8.33 ശതമാനമാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. കൂടാതെ പെൻഷൻ കണക്കാക്കേണ്ടത് വിരമിക്കുന്നതിന് മുൻപുള്ള 5 വർഷത്തെ ശമ്പളത്തിന്റെ ശരാശരി ആധാരമാക്കിയല്ല, മറിച്ച് ഒരു വർഷത്തെ ശമ്പളം നോക്കിയിട്ടാവണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
- 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് പി.എഫ്. വരിക്കാരായവർക്ക് ഉയർന്ന പെൻഷൻ വിഹിതം അടയ്ക്കാനായി ഓപ്ഷൻ നൽകാം. 15000 എന്ന പരിധി റദ്ദായതിനാൽ, ഉയർന്ന വിഹിതത്തിന് ഓപ്ഷൻ നൽകിയില്ലെങ്കിൽ പഴയ പരിധിയായ 6,500 രൂപയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിക്കും.
- 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്ക് അവസാന 12 മാസത്തെ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കും.
Next Story