സ്വര്‍ണപ്പണയത്തെക്കുറിച്ച് ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരി, കടപ്പത്ര, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളെ കടത്തി വെട്ടുന്നതാണ് സ്വര്‍ണത്തില്‍ നിന്നുള്ള മൂലധന നേട്ടമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് രാജ്യത്തെ 12 ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇ ടി എഫ്) കൈകാര്യം ചെയ്യുന്ന അറ്റ ആസ്തിയുടെ മൂല്യം 5,799 കാടി രൂപയില്‍ എത്തി. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇടിഎഫ് അല്ലെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവയില്‍ നിക്ഷേപം നടത്താം. ഭൗതിക സ്വര്‍ണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി, കൈവശം ലഭ്യമല്ലെങ്കിലും ആവശ്യമുള്ളപ്പോള്‍ വീണ്ടെടുക്കാന്‍ കഴിയുന്ന ഒരു നിക്ഷേപമായി ഇത് ഉപയോഗിക്കാം. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നിയുക്ത പോസ്റ്റോഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ പോലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി നിങ്ങള്‍ക്ക് എസ്ജിബികളില്‍ നിക്ഷേപിക്കാം.
- ആഭരണം കൈവശമുള്ളവര്‍ക്ക് അവ വില്‍ക്കാതെ തന്നെ കാശ് സംഘടിപ്പിക്കാനുള്ള മാര്‍ഗമാണ് സ്വര്‍ണ വായ്പ. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണപ്പണയത്തെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
- സ്വര്‍ണ്ണ വായ്പ എന്താണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. 22 കാരറ്റ് അല്ലെങ്കില്‍ അതിനുമുകളില്‍ പരിശുദ്ധിയുള്ള ആഭരണങ്ങള്‍ക്കാണ് സ്വര്‍ണ വായ്പ ലഭിക്കുക. 50 ഗ്രാമിന് മുകളിലുള്ള സ്വര്‍ണ്ണ ബാറുകള്‍, ബുള്ളിയന്‍ അല്ലെങ്കില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. രത്‌നക്കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ വായ്പയ്ക്കായി പണയം വച്ചാല്‍, രത്നക്കല്ലുകളുടെ മൂല്യം കണക്കിലെടുക്കില്ല.
- സുരക്ഷിത വായ്പയായിട്ടാണ് ഇപ്പോള്‍ സ്വര്‍ണപ്പണയത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വായ്പ നല്‍കുന്ന സ്ഥാപനത്തിന്റെയും വായ്പക്കാരന്റെയും വിശ്വാസ്യത പരിശോധിക്കേണ്ടത് പ്രധാനമാണ്. ബാങ്കുകളിലും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുമാണ് സ്വര്‍ണം പണയം വയ്ക്കേണ്ടത്.
- സ്വര്‍ണ്ണ വായ്പ അന്തിമമാക്കുന്നതിന് മുമ്പ്, വിപണിയിലെ വിവിധ സ്വര്‍ണ്ണ വായ്പ ഓപ്ഷനുകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്. കൂടുതല്‍ പണം നല്‍കുന്നതും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതും ആകര്‍ഷകമായ സ്വര്‍ണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നതുമായ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മാത്രമല്ല ഇവയുടെ വിശ്വാസ്യതയും പരിഗണിക്കണം.
- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചട്ടമനുസരിച്ച്, വായ്പാ തുക നിശ്ചയിക്കുന്നതിനായി നിങ്ങളുടെ സ്വര്‍ണ്ണത്തിന്റെ മൂല്യം ബാങ്കുകള്‍ കണക്കാക്കും. ഈ മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ നല്‍കും.
- വായ്പ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഒരേ തരത്തിലുള്ള ഉല്‍പ്പന്ന സവിശേഷതകള്‍ നല്‍കുകയില്ല. അതിനാല്‍, ഏറ്റവും മികച്ച നിരക്കും സവിശേഷതകളും നല്‍കുന്ന വായ്പാ സ്ഥാപനത്തെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ നിങ്ങള്‍ കൂടുതല്‍ പലിശ നല്‍കേണ്ടി വരും.
- വായ്പാ തുകയോ ഇഎംഐ തുകയോ താരതമ്യപ്പെടുത്തരുത്. മറ്റ് നിരക്കുകളും നിബന്ധനകളും പരിശോധിക്കുക. വായ്പയുടെ മൊത്തം ചെലവ് താരതമ്യം ചെയ്ത് ഏറ്റവും മികച്ച വായ്പ പ്രയോജനപ്പെടുത്തുക.
- വ്യക്തിഗത ബജറ്റില്‍ സ്വര്‍ണ്ണ വായ്പയുടെ ഇഎംഐ വകയിരുത്താന്‍ മറക്കരുത്. തിരിച്ചടവില്‍ വീഴ്ച വരുത്തരുത്, കാരണം നിങ്ങള്‍ക്ക് പണയവസ്തു നഷ്ടപ്പെട്ടേക്കാം.
- നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് അയവുള്ള തിരിച്ചടവ് മാര്‍ഗ്ഗമാണെങ്കില്‍, പ്രോസസ്സിംഗ് നിരക്കുകളും മറ്റ് നിരക്കുകളും ഉള്ളതിനാല്‍ ഈടാക്കപ്പെടാവുന്ന അധിക ചെലവ് പരിഗണിക്കുക. ഇവയുള്ളതിനാല്‍ നിങ്ങള്‍ അധിക തുക അടയ്ക്കേണ്ടി വന്നേക്കാം.
- ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ തുകയ്ക്ക് അപേക്ഷിക്കരുത്; വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് പണയവസ്തു നഷ്ടപ്പെട്ടേക്കാം.