സാമ്പത്തിക അച്ചടക്കത്തിലൂടെ ദുരിതകാലത്തെ നേരിടാനുള്ള വഴികൾ
കുടുംബ ബജറ്റ് തയ്യാറാക്കുക
ഓരോ മാസത്തേക്കുമുള്ള ഒരു കുടുംബ ബജറ്റ് മാസാദ്യത്തില്‍ തന്നെ തയ്യാറാക്കുക. വരുമാനവും ചെലവുകളും കണക്കാക്കുക. മുന്‍കൂട്ടി കാണാനാവാത്ത ചിലവുകള്‍ക്കായും ചെറിയൊരു തുക മാറ്റി വെക്കാം.
വൈദ്യുതി ബില്‍ ലാഭിക്കാം
വൈദ്യുതി ബില്‍ ലഭിക്കാനുള്ള ഒരു പ്രയത്‌നം നടത്താം. ലൈറ്റുകള്‍ പരമാവധി കുറച്ചും ഫ്രിഡ്ജ് രണ്ടു മണിക്കൂര്‍ ഓഫാക്കിയിട്ടും ഇസ്തിരിയിടുന്നത് ആഴ്ചയിലൊരിക്കലാക്കിയുമൊക്കെ വൈദ്യുതി ലഭിച്ചാല്‍ രണ്ടു മാസത്തെ കരണ്ടു ബില്ലില്‍ നല്ലൊരു തുക മാറ്റി വെക്കാനാകും.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക
ഒട്ടേറെ അനാവശ്യ പര്‍ച്ചേസുകള്‍ നടത്തുന്നവരാണ് നമ്മള്‍. ഓണ്‍ലൈന്‍ ഷോപ്പുകളില്‍ പരതുന്നതും ഷോപ്പിംഗ് മാളുകളിലെ കറക്കവുമെല്ലാം അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് നയിക്കും. മഹത്തായ ഒരു ഉദ്ദേശ്യം മുന്നില്‍ വെച്ചുകൊണ്ട് ബജറ്റില്‍ കാണിച്ച തുകയ്ക്ക് താഴെ ചെലവുകള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുക.
സമ്പാദ്യ പദ്ധതികള്‍ തുടരാം
മാസ വരുമാനത്തില്‍ നിന്ന് പണം മിച്ചം വെച്ച് നടത്തുന്ന നിക്ഷേപങ്ങള്‍, സമ്പാദ്യ പദ്ധതികള്‍ മുതലായവയെ സാമ്പത്തിക അച്ചടക്കം ബാധിക്കാതെ നോക്കുക. പ്രളയ പുനരധിവാസം പൂര്‍ത്തിയായാല്‍ മിച്ചം വെക്കുന്ന തുക ലാഭകരമായ നിക്ഷേപങ്ങളിലേക്ക് വഴി തിരിച്ചുവിടാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കല്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും ശ്രമിക്കുക. എന്നാല്‍ അതൊരു വിനോദയാത്രയുടെ സ്വഭാവത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ഹോള്‍സെയ്ല്‍ ആയി വാങ്ങി കുടുംബസമേതം ചെന്ന് കൈമാറാം. കുട്ടികള്‍ അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായി വളരാനും ഇത് സഹായിക്കും.
സാമ്പത്തിക അച്ചടക്കവും സാമ്പത്തിക സാക്ഷരതയും
ജീവിത വിജയത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു മന്ത്രമാണ് സാമ്പത്തിക അച്ചടക്കം. അതോടൊപ്പം പണം ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള സാമ്പത്തിക സാക്ഷരത കൂടി നേടാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടതുണ്ട്. സാമ്പത്തിക ആസൂത്രണവും നിയന്ത്രണവും പരിശീലിക്കല്‍, നിക്ഷേപ പദ്ധതികളുടെ ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ്, ഡെബിറ്റ് കാര്‍ഡുകള്‍ പോലെയുള്ള നവ ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായും ലാഭകരമായും ഉപയോഗിക്കാനുള്ള അറിവ് മുതലായവയെല്ലാം സാമ്പത്തിക സാക്ഷരതയുടെ ഭാഗമാണ്.
അതിജീവിക്കല്‍
മനുഷ്യന്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതും മഴക്കു മുമ്പേ എടുക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതുമാണ് ദുരന്തങ്ങളുണ്ടാക്കുന്നത്.പക്ഷെ മഴ മാറുമ്പോള്‍ നമ്മള്‍ അതെല്ലാം മനപ്പൂര്‍വം വിസ്മരിക്കുന്നു. കാലാവസ്ഥാവ്യതിയാനം നാളെ നമ്മളെയും ബാധിക്കാം. അതിനെ അതിജീവിക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് ഇപ്പോഴേ തുടക്കമിടാം.
ലേഖകന്‍- ഡോ. ജുബൈര്‍ ടി. - കോടഞ്ചേരി ഗവണ്‍മെന്റ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.