ഫിക്‌സഡ് ഡിപ്പോസിറ്റ് ആണോ റിക്കറിംഗ് ഡിപ്പോസിറ്റ് ആണോ നിങ്ങള്‍ക്ക് നല്ലത്?

നിലവിലെ പലിശ നിരക്കുകളും അസ്ഥിരമായ വിപണി സാഹചര്യങ്ങളും കണക്കിലെടുത്താല്‍ അധികം അപകടസാധ്യതയില്ലാതെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഏതാണെന്ന് എല്ലാവര്‍ക്കും ആശയക്കുഴപ്പമാണ്. പ്രധാനമായും ബാങ്ക് നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് മികച്ചതേതെന്ന് തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി) ആകാം. നിലവില്‍ ഏറ്റവും പ്രചാരമുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് അത്. പ്രത്യേകിച്ചും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സമ്പാദ്യ പദ്ധതി എന്ന നിലയ്ക്ക് പണം മാറ്റി വയ്ക്കാനുള്ള സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ബാങ്ക് നിക്ഷേപം. മാത്രമല്ല വരുമാനം ഉറപ്പുനല്‍കുന്നതിനാല്‍ ഇത് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിലൊന്നാണ്.

എഫ്ഡിക്ക് പുറമെ, തുറക്കാനും പ്രവര്‍ത്തിക്കാനും പിന്‍വലിക്കാനും എളുപ്പമുള്ള മറ്റൊരു നിക്ഷേപ മാര്‍ഗമാണ് റിക്കറിംഗ് ഡിപ്പോസിറ്റ് (ആര്‍ ഡി) എന്നാല്‍ ഇവയില്‍ ഏതാണ് നിങ്ങള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. എഫ്ഡിയും ആര്‍ഡിയും സ്ഥിര വരുമാന നിക്ഷേപങ്ങളാണ്. അതായത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്ക് നിക്ഷേപകര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. മാത്രമല്ല ഡെപ്പോസിറ്റ് കാലയളവില്‍ ഇത് മാറില്ല. എഫ്ഡി, ആര്‍ഡി എന്നിവയില്‍ നല്‍കുന്ന പലിശനിരക്കും ഒരുപോലെയാണ്. എഫ്ഡി, ആര്‍ഡി എന്നിവ ബാങ്ക് ശാഖയില്‍, ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് വഴി തുറക്കാനും കഴിയും. എങ്കിലും നിക്ഷേപ രീതി, മിനിമം നിക്ഷേപ തുക, കാലാവധി മുതലായവയില്‍ ചില വ്യത്യാസങ്ങളുണ്ട്. അവ നോക്കി സ്വന്തം സൗകര്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപ മാര്‍ഗം തെരഞ്ഞെടുക്കാം.

കൂടുതല്‍ അറിയാം

ഈ രണ്ട് നിക്ഷേപങ്ങളും ജോയിന്റ് ആയി തുറക്കാന്‍ കഴിയും. അതുവഴി നിങ്ങളുടെ അഭാവത്തില്‍ ജോയിന്റ് അക്കൗണ്ട് ഉടമയ്ക്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനും വരുമാനം ക്ലെയിം ചെയ്യാനും കഴിയുമെന്ന് ഉറപ്പാക്കും.

പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ അല്ലെങ്കില്‍ മറ്റ് അടുത്ത കുടുംബാംഗങ്ങളുടെ പേരുകളിലും എഫ്ഡികളും ആര്‍ഡികളും തുറക്കാന്‍ കഴിയും.

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നവീകരണം, ഒരു പുതിയ വീടിനുള്ള പണമടയ്ക്കല്‍ തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങളുമായി നിങ്ങളുടെ എഫ്ഡി, ആര്‍ഡി എന്നിവ ബന്ധിപ്പിക്കാനാകും.

നികുതി നിയമങ്ങള്‍ എഫ്ഡി, ആര്‍ഡി എന്നിവയ്ക്ക് തുല്യമാണ്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഒരു സാമ്പത്തിക വര്‍ഷത്തില്‍ നേടിയ പലിശ 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ ആദായനികുതി അടയ്ക്കണം.

നിങ്ങളുടെ വരുമാനത്തിലേക്ക് ഈ പലിശ ചേര്‍ക്കപ്പെടുകയും നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പലിശ 40,000 രൂപ കവിയുന്നുവെങ്കില്‍ ബാങ്കുകളും ടിഡിഎസ് കുറയ്ക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിഡിഎസ് പരിധി 50,000 രൂപയാണ്.

വ്യത്യാസങ്ങള്‍

ഒരു വലിയ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക്, എഫ്ഡി ഒരു നല്ല ഓപ്ഷനാണ്. ഉദാഹരണത്തിന്, വിരമിച്ച വ്യക്തികള്‍ക്ക് വിരമിക്കുന്ന സമയത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ ഒരു ദീര്‍ഘകാല എഫ്ഡിയില്‍ നിക്ഷേപിക്കാന്‍ കഴിയും. ഇത്തരം ആവശ്യങ്ങളുള്ളവര്‍ക്ക് ആര്‍ഡി അത്ര നല്ല ഓപ്ഷന്‍ ആവണമെന്നില്ല.

നിക്ഷേപിക്കാന്‍ ഒരു വലിയ തുക ഇല്ലാത്തവര്‍ക്ക്, ആര്‍ഡി ഒരു മികച്ച നിക്ഷേപ മാര്‍ഗമാണ്. കാരണം ഇത് എല്ലാ മാസവും ചെറിയ തുക നീക്കിവയ്ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു.

യാത്രകളും മറ്റും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ഡിയില്‍ പണം നിക്ഷേപിക്കുന്നത് ഒരു നല്ല ഓപ്ഷനാണ്. ഇത്തരക്കാര്‍ക്ക് ചെറിയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ എഫ്ഡിയെക്കാള്‍ മികച്ചത് ആര്‍ഡി ആണ്.

കാര്‍ വാങ്ങാനോ വീട് വാങ്ങുമ്പോള്‍ അഡ്വാന്‍സ് കൊടുക്കാനോ ഒക്കെയുള്ള തുകയാണ് നിക്ഷേപിക്കേണ്ടതെങ്കില്‍ അതിന് എഫ്ഡി തന്നെ മികച്ച ഓപ്ഷന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it