സ്വര്‍ണ വിപണിയെ ഉലച്ച് ചൈനീസ് പ്രതിസന്ധി; സംസ്ഥാനത്ത് കുറഞ്ഞത് 1000 രൂപയോളം

സംസ്ഥാനത്ത് സ്വര്‍ണവില 1000 രൂപ വരെ കുറഞ്ഞതായി കണക്കുകള്‍. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 50 രൂപയും. ഇക്കഴിഞ്ഞ ഒമ്പത് ദിവസത്തിലാണ് 1000 രൂപയോളം പവന് വിലക്കുറവ് വന്നത്. എന്നാല്‍ 2020 ഓഗസ്റ്റിലെ കണക്കുപരിശോധിച്ചാല്‍ ആദ്യ വാരം 42000 രൂപ വരെയാണ് പവന് രേഖപ്പെടുത്തിയിരുന്നത്.

ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5250 രൂപയായിരുന്നു വില. പവന് എക്കാലത്തെ.ും റോക്കോര്‍ഡ് വിലയായ 42000 രേഖപ്പെടുത്തിയതും അന്നാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ വിലയില്‍ നിന്നും 16.5 ശതമാനം വിലക്കുറവാണ് സ്വര്‍ണനിരക്കിലുണ്ടായത്. എന്നാല്‍ ഇതൊരു വലിയ കുറവായി കണക്കാക്കാനാകുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് തരംഗത്തില്‍ വിവിധ ഫണ്ടുകളിലേക്ക് സ്വര്‍ണമെത്തിയത് വില കൂടാന്‍ കാരണമായ ഘടകമാണ്. എന്നാല്‍ ഇനി അത്രയേറെയൊരു കയറ്റം സ്വര്‍ണത്തിനുണ്ടാകുമോ എന്നതില്‍ സംശയമാണെന്നും വിദഗ്ധര്‍ പറയുന്നു.
ഈ മാര്‍ച്ച് 31ന് സ്വര്‍ണ വില ഗ്രാമിന് 4,110 രൂപയും പവന് 32,880 രൂപയുമായി റെക്കോര്‍ഡ് വിലക്കുറവിലെത്തിയെങ്കിലും പിന്നീട് വര്‍ധിച്ച് പിന്നീട് വില വീണ്ടും വര്‍ധിച്ച് ഗ്രാമിന് 4,680 രൂപ വരെ എത്തിയെങ്കിലും വീണ്ടും കുറഞ്ഞുവരുന്ന പ്രവണതയും ചാഞ്ചാട്ടവുമാണ് സ്വര്‍ണ വിലയിലുണ്ടായത്. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ വില കുറയുന്ന നിലയിലായിരുന്നു. ഓഗസ്റ്റ് ഒന്നിന് ഒരു പവന് 36,000 രൂപയായിരുന്നു നിരക്ക്.
ഇക്കഴിഞ്ഞ ദിവസങ്ങളായി ഇടിവ് തുടരുന്ന സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,335 രൂപയും പവന്‍ വില 400 കുറഞ്ഞ് 34,680 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,747 ഡോളറും, രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 74.24 ലുമാണ്. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് 4700000 രൂപയിലും താഴേക്ക് എത്തി.

മധ്യചൈനയെ പിടിച്ചുലച്ച വന്‍ പ്രളയവും ഒരിടവേളയ്ക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട കോവിഡ് രോഗവ്യാപനവും ചൈനീസ് സമ്പദ്വ്യവസ്ഥയെയും ബാധിച്ചു. ഡെല്‍റ്റ വകഭേദമാണ് ചൈനയെ ആശങ്കയിലാക്കിയത്. 20 ലേറെ പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണവും ചൈനീസ് സർക്കാർ തുടരുന്നുണ്ട്. ചൈനീസ് സാമ്പത്തിക മാന്ദ്യവും കോവിഡ് വ്യാപനം കുറയാത്ത സാഹചര്യവുമാണ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിപണിയിലും പ്രതിഫലിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it