കഴിഞ്ഞ 10 മാസത്തിലെ ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണവില

കഴിഞ്ഞ പത്തുമാസക്കാലത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് താഴ്ന്ന് സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് മാത്രം ഇടിഞ്ഞത് പവന് 520 രൂപയാണ്. ഇതോടെ 33,960 രൂപയിലായിരുന്ന സ്വര്‍ണം പവന് 33,440 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 4180 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 280 രൂപ കൂടി 33,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ ത്രൈമാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണമെത്തിയപ്പോള്‍ സംസ്ഥാനത്തെ റീറ്റെയ്ല്‍ വിപണിയിലും ഉണര്‍വ് പ്രകടമാണ്.

ഈ മാസം മാത്രം ആയിരം രൂപയിലേറെ കുറവാണ് സ്വര്‍ണത്തിന് സംഭവിച്ചിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ്. ഫെബ്രുവരി 27, 28 തീയതികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 34,160 രൂപയായിരുന്നു അന്ന്. ഒരു ഗ്രാമിന് 4,270 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് 36,800 രൂപയായിരുന്നു വില.
ആഭ്യന്തര വിപണിയിലും ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് കഴിഞ്ഞ പത്തുമാസത്തെ താഴ്ന്ന നിലവാരമാണ്. 10 ഗ്രാമിന് 44,768 രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,200 രൂപയില്‍നിന്ന് 11,500 രൂപയാണ് കുറഞ്ഞത്. 2021 ല്‍ മാത്രം 5000 രൂപയിലധികമാണ് കുറഞ്ഞത്.
അതേസമയം ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. അമേരിക്കന്‍ ഉത്തേജക പാക്കേജ് പ്രഖ്യാപന പ്രതീക്ഷയില്‍ സ്വര്‍ണത്തില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കപ്പെടുന്നത് സ്വര്‍ണത്തിന് വീണ്ടും തിരുത്തല്‍ നല്കി. ഔണ്‍സിന് 1700 ഡോളറിന്റെ പിന്തുണ നഷ്ടമാകുന്നത് സ്വര്‍ണത്തിലെ വീഴ്ച ഇനിയും വലുതാക്കിയേക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it