റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് സ്വര്‍ണം ഇടിഞ്ഞത് 8000 രൂപ വരെ !

ഒമിക്രോണ്‍ കൊവിഡ് വേരിയന്റിനെക്കുറിച്ചുള്ള ഭയം ഇന്ത്യന്‍ കൊമ്മോഡിറ്റി വിപണിയെയും ചെറുതായൊന്ന് ഉലച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും താഴേക്ക് പോയി. എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.2% കുറഞ്ഞ് 10 ഗ്രാമിന് 47,791 രൂപ ആയി, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ഉയര്‍ന്ന മൂല്യമായ 56,000 ലെവലില്‍ നിന്ന് ഏകദേശം 8,000 രൂപ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ളത്. സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 61,296 രൂപയായി.

ആഗോള വിപണികളിലും സ്വര്‍ണവില ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോള്‍ഡ് 0.1 ശതമാനം ഇടിഞ്ഞ് 1,780.36 ഡോളറിലെത്തി, സ്പോട്ട് വെള്ളി 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 22.37 ഡോളറുമായി.
ഒമിക്രോണ്‍ അനിശ്ചിതത്വത്തിനിടയില്‍ ഇടിഎഫ് നിക്ഷേപകര്‍ സൈഡ്ലൈനില്‍ തുടരുന്നതായും കാണാം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ SPDR ഗോള്‍ഡ് ട്രസ്റ്റ്, ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച മുതല്‍ അതിന്റെ ഹോള്‍ഡിംഗ്‌സ് 0.2% ഇടിഞ്ഞ് 990.82 ടണ്ണായതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും പണപ്പെരുപ്പം കുറയാതെ തുടരാം എന്ന സാധ്യതയെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ ബാങ്ക് പ്രതികരിക്കേണ്ടതുണ്ടെന്ന് ഫെഡറല്‍ ചീഫ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വര്‍ണം ചാഞ്ചാട്ടത്തിലാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
സംസ്ഥാനത്തും സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് ഡിസംബര്‍ രണ്ടിന് സ്വര്‍ണവില മാറ്റമില്ലെങ്കിലും ഡിസംബര്‍ ഒന്നാം തീയതി 4460 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില. പവന് 35680 രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയുടെ കുറവുണ്ടായി. നവംബര്‍ 23 നും 27 നും 4505 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില.
നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ്ണവില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞ് ഇന്നലെ 4460 രൂപയിലെത്തിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it