മോറട്ടോറിയം സ്വീകരിച്ചാല്‍ നിങ്ങളുടെ വായ്പാ തവണകളുടെ എണ്ണം എത്ര കൂടും? കണക്കുകൂട്ടാന്‍ ഇതാ ഒരു ഇഎംഐ കാല്‍ക്കുലേറ്റര്‍

ലോക്ക്ഡൗണ്‍ കാലത്ത് സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ വായ്പകള്‍ക്ക് മൂന്നുമാസത്തെ മോറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മളില്‍ പലരും ഇപ്പോള്‍ തന്നെ ബാങ്കുകളെ നേരിട്ട് സമീപിച്ചോ ഇ മെയ്ല്‍, എസ് എം എസ് വഴിയോ മോറട്ടോറിയം വേണമെന്ന കാര്യം ബാങ്കിനെ ധരിപ്പിച്ചിട്ടുമുണ്ടാകും.

വായ്പകള്‍ക്ക്് മോറട്ടോറിയമുണ്ടെങ്കിലും മൂന്നുമാസത്തെ തിരിച്ചടവ് തുകയുടെ പലിശയൊന്നും ഇളവ് ചെയ്തിട്ടില്ല. അതായത് മോറട്ടോറിയകാലത്തെ പലിശയും വായ്പാ തുകയില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടും.

മൂന്ന് മാസം നമ്മള്‍ വായ്പ തിരിച്ചടയ്ക്കാതെ ഇരുന്നാല്‍ പിന്നീട് അതെങ്ങനെയാകും നമ്മെ ബാധിക്കുക? പലരും ബാങ്ക് അധികൃതരുടെ അടുത്ത് ഈ സംശയവുമായി കടന്നുചെല്ലുന്നുണ്ട്.

വായ്പകള്‍ മോറട്ടോറിയം സ്വീകരിക്കുമ്പോള്‍ എങ്ങനെയായാലും വായ്പ എടുത്തവര്‍ക്ക് മേല്‍ അധിക ബാധ്യത വരുന്നുണ്ട്. കാരണം, നാം ഇവിടെ വായ്പാ തിരിച്ചടവില്‍ ഒരു സാവകാശം സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. തുക എഴുതി തള്ളുകയോ പലിശ വേണ്ടെന്ന് വെയ്ക്കുകയോ ചെയ്തിട്ടില്ല.

നിങ്ങളുടെ വായ്പയ്ക്ക് എന്തു സംഭവിക്കും?

മോറട്ടോറിയം സ്വീകരിക്കുമ്പോള്‍ വന്നിരിക്കുന്ന അധിക ബാധ്യത ഒഴിവാക്കാന്‍ നമുക്ക് മൂന്ന് വഴികള്‍ സ്വീകരിക്കാം. ഒന്നാമത്തെ മാര്‍ഗം, വായ്പയുടെ കാലാവധി കൂട്ടുക എന്നതാണ്. രണ്ടാമത്തേത്, നാം അടുക്കുന്ന മാസത്തവണ കൂട്ടുക. മോറട്ടോറിയം കാലത്തെ പലിശ മാത്രം അടയ്ക്കുക എന്നതാണ് മൂന്നാമത്തെ വഴി.

”ഈ മൂന്ന് മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴും നിങ്ങളുടെ മാസത്തവണകളില്‍ വരുന്ന മാറ്റങ്ങള്‍ കൃത്യമായി അറിയാന്‍ ഈ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാല്‍ മതി. കംപ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ആണ് നിങ്ങളിത് പരിശോധിക്കുന്നതെങ്കില്‍ എക്‌സല്‍ ഷീറ്റിലെ സംഖ്യകളില്‍ നിന്ന് വ്യക്തമായി നിങ്ങള്‍ക്ക് അത് അറിയാനാകും,” ശ്രീകാന്ത് വാഴയില്‍ പറയുന്നു.

ഈ കാല്‍ക്കുലേറ്ററില്‍ നിന്ന് നിങ്ങള്‍ക്ക് എന്തൊക്കെ മനസ്സിലാക്കാം?

നിങ്ങള്‍ മോറട്ടോറിയം സ്വീകരിച്ചാല്‍ വായ്പകളുടെ തവണ എത്ര വര്‍ധിക്കും? തവണകള്‍ കൂട്ടാതിരുന്നാല്‍ പിന്നീട് പ്രതിമാസ തിരിച്ചടവ് തുകയില്‍ എത്ര വര്‍ധന വരും? മോറട്ടോറിയം കാലയളവില്‍ എത്ര പലിശയാണ് നിങ്ങളുടെ വായ്പയ്ക്ക് വരിക? പലിശ നിരക്കില്‍ വരുത്തുന്ന കുറവുകള്‍ നിങ്ങളുടെ വായ്പയെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ ഈ കാല്‍ക്കുലേറ്ററില്‍ നിന്നറിയാം.

അതായത് ഈ കാല്‍ക്കുലേറ്റര്‍ നിങ്ങളുടെ ലാപ്‌ടോപ്പിലോ കംപ്യൂട്ടറിലോ സൂക്ഷിച്ചുവെച്ചാല്‍ കാലാകാലങ്ങളില്‍ നിങ്ങളുടെ വായ്പകളുടെ പലിശ നിരക്കില്‍ മാറ്റം വരുമ്പോള്‍, അത് നിങ്ങളുടെ വായ്പയെ എങ്ങനെ ബാധിക്കുമെന്ന് വളരെ ലളിതമായി സ്വയം കണ്ടെത്താനാകും.

എങ്ങനെ ഇത് ഉപയോഗിക്കാം?

ഇതോടൊപ്പമുള്ള ഇഎംഐ കാല്‍ക്കുലേറ്റര്‍ തുറന്നുവരുമ്പോള്‍ കാണുന്ന ഷീറ്റിലെ മഞ്ഞ നിറമുള്ള കോളങ്ങളെല്ലാം നമുക്ക് എഡിറ്റ് ചെയ്യാം.

പ്ലാന്‍ 1. വായ്പാ കാലവധി ദീര്‍ഘിപ്പിക്കുക

ഈ മാര്‍ഗമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ ലോണ്‍ എമൗണ്ടിനെ നേരെ നിങ്ങളുടെ ലോണ്‍ തുക നല്‍കു. പലിശ നിരക്കും കാലാവധിയും ചേര്‍ത്തുകൊടുക്കുക. അതിനു ശേഷം സെലക്ട് പ്ലാന്‍ എന്നതിനു നേരെ ക്ലിക്ക് ചെയ്ത് ‘ഇന്‍ക്രീസ് ടേം’ സെലക്ട് ചെയ്യുക. അപ്പോള്‍ ഒരു ഇഎംഐ ഷെഡ്യൂള്‍ ലിസ്റ്റ് വരും.

അതില്‍ Monthly EMI എന്ന കോളം മഞ്ഞനിറത്തിലാകും. അതില്‍ നിങ്ങള്‍ മോറട്ടോറിയം സ്വീകരിക്കുന്ന മൂന്ന് മാസങ്ങളിലെ തുക പൂജ്യമെന്ന് കൊടുക്കണം. അതായത് നിങ്ങളുടെ വായ്പയുടെ 120,121,122 തവണകളാണ് നിങ്ങള്‍ തിരിച്ചടയ്ക്കാതെ ഇരിക്കുന്നതെങ്കില്‍ ആ മൂന്ന് മാസവും പൂജ്യം കൊടുക്കുക.

അപ്പോള്‍ നിങ്ങളുടെ മാസത്തവണകളുടെ എണ്ണം വര്‍ധിക്കുന്നത് ഷീറ്റില്‍ കാണാന്‍ കഴിയും.

പ്ലാന്‍ 2: മാസം തിരിച്ചടയ്ക്കുന്ന തുക കൂട്ടുക

നേരത്തെ ചെയ്ത പോലെ ലോണ്‍ എമൗണ്ടും പലിശയും കാലാവധിയും നല്‍കിയ ശേഷം സെലക്ട് പ്ലാനിലെ ‘Increse EMI’ എന്നത് കൊടുക്കുക. മൂന്നുമാസം വായ്പാ തിരിച്ചടയ്ക്കാതെ ഇരിക്കുകയും തവണകള്‍ കൂട്ടാതിരിക്കുകയും ചെയ്താല്‍ ഓരോ മാസവും നിങ്ങള്‍ എത്രതുക നിങ്ങള്‍ അടക്കേണ്ടി വരുമെന്ന് ഇതിലൂടെ അറിയാന്‍ പറ്റും.

പ്ലാന്‍ 3: സെലക്ട് പ്ലാനില്‍ ‘Pay Interest’ എന്നുകൊടുക്കുക. മോറട്ടോറിയം കാലം കഴിയുമ്പോള്‍ തൊട്ടുടനെ തിരിച്ചടയ്‌ക്കേണ്ട പലിശയുടെ കാര്യം നിങ്ങള്‍ക്കറിയാന്‍ സാധിക്കും.

നിങ്ങള്‍ ഞെട്ടിയോ?

പലരും ഈ കാല്‍ക്കുലേഷന്‍ നടത്തി കഴിയുമ്പോള്‍ ഒന്നു ഞെട്ടിക്കാണും. വായ്പ തിരിച്ചടവ് തുടങ്ങി അധിക നാളായിട്ടില്ലെങ്കില്‍ മോറട്ടോറിയം സ്വീകരിച്ചപ്പോള്‍ നിങ്ങളുടെ തവണകളുടെ എണ്ണത്തില്‍ വലിയ വര്‍ധന സംഭവിച്ചിട്ടുണ്ടാകും. മൂന്നുമാസം തിരിച്ചടവ് വേണ്ടെന്ന് വെച്ചപ്പോള്‍ ചിലപ്പോള്‍ പതിനഞ്ച് തവണ അധികമായി അടക്കേണ്ടി വരുമെന്ന് കണ്ടുകാണും.

അതുകണ്ട് ഭയന്ന് മോറട്ടോറിയമേ വേണ്ട എന്ന തീരുമാനത്തിലാണോ നിങ്ങള്‍? അങ്ങനെ ഒറ്റയടിക്ക് തീരുമാനമെടുക്കണ്ടെന്നാണ് ശ്രീകാന്ത് വാഴയില്‍ പറയുന്നത്.

”15 വര്‍ഷം മുമ്പ് ആയിരം രൂപയ്ക്ക എന്തെല്ലാം ചെയ്യാമായിരുന്നു. അതേ മൂല്യമാണ് ഇപ്പോള്‍ ആയിരം രൂപയ്ക്ക്. അല്ലല്ലോ. നിങ്ങളുടെ ഭവന വായ്പകള്‍ ദീര്‍ഘമായ കാലയളവിലേക്ക് ഉള്ളതാണ്. മോറട്ടോറിയം സ്വീകരിച്ചാല്‍ പത്തോ പതിനഞ്ചോ വര്‍ഷം കഴിയുമ്പോള്‍ 10- 15 തവണ കൂടിയെന്നു വെച്ച് അത് അധിക ഭാരമാകില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ പണം അത്യാവശ്യമാണെങ്കില്‍ തവണകളുടെ എണ്ണം കൂടുമെന്ന ഒറ്റക്കാരണത്താല്‍ മോറട്ടോറിയം സ്വീകരിക്കാതിരിക്കരുത്,” ശ്രീകാന്ത് വാഴയില്‍ പറയുന്നു.

ഇക്കാര്യം നിങ്ങള്‍ക്ക് വ്യക്തമായി അറിയണമെന്നുണ്ടെങ്കില്‍, 10-20 വര്‍ഷം മുമ്പ് ഭവന വായ്പ എടുത്തിട്ടുള്ള നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഒന്നു ചോദിച്ചാല്‍ മതി. അവര്‍ അന്ന് എത്ര തുകയാണ് മാസത്തവണയായി അടച്ചത്, ഇന്ന് ആ തുക അവരെ സംബന്ധിച്ചിടത്തോളം എന്ത് ആവശ്യത്തിന് ഉതകും എന്ന് ഒന്നു ആരാഞ്ഞുനോക്കൂ.

മമ്മൂട്ടി കേന്ദ്രകഥാപാത്രമായ അഴകിയ രാവണന്‍ എന്ന സിനിയില്‍ പഞ്ചായത്തിലെ എല്ലാവര്‍ക്കും നൂറ് രൂപ വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞ് വരുന്ന ശ്രീനിവാസന്‍ കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ? ഇന്ന് ഇതുപോലെ ഒരു കഥാ സന്ദര്‍ഭം സിനിമയില്‍ വരുമോ? ഇല്ല. കാരണം, അന്നത്തെ നൂറു രൂപയ്ക്ക് ഇന്നത്തെ കുറഞ്ഞത് 2500 രൂപയുടെ എങ്കിലും മൂല്യമുണ്ട്.

അപ്പോള്‍ അതാണ് വ്യത്യാസം. ഇതൊക്കെ ചിന്തിച്ച്് മാത്രം നിങ്ങള്‍ അന്തിമ തീരുമാനം എടുക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it