Top

സേവിംഗ്‌സ് അക്കൗണ്ടിലെ പലിശയേക്കാള്‍ ആദായം, ലിക്വിഡ് ഫണ്ടുകള്‍ നേട്ടമാകുന്നതെങ്ങനെ; അറിയാം

ലിക്വിഡ് മണി അഥവാ പെട്ടെന്ന് ലഭ്യമാകുന്ന പണം ഏറെ പ്രധാനമാണ് എല്ലാവരുടെയും ജീവിതത്തില്‍. എളുപ്പത്തില്‍ പണലഭ്യത നല്‍കുന്ന സാമ്പത്തിക സ്രോതസ്സുകളെയാണ് അതിനാല്‍ ലിക്വിഡ് ഫണ്ടുകളായി കണക്കാക്കുന്നതും. കയ്യില്‍ കുറച്ചു പണം വന്നാല്‍ എഫ്ഡി ഇടുകയോ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതാണ് പലരുടെയും ശീലം. സമീപഭാവിയില്‍ ആവശ്യമായ പണമെങ്കില്‍ സേവിംഗ് അക്കൗണ്ടില്‍ തന്നെ നിലനിര്‍ത്തും. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമായിരുന്ന നിരവധി പേര്‍ ലിക്വിഡ് ഫണ്ടുകളെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. എളുപ്പത്തില്‍ നിക്ഷേപിക്കാനും എപ്പോള്‍വേണമെങ്കിലും തിരിച്ചെടുക്കാനും കഴിയുന്ന ല്വിക്വിഡ് ഫണ്ടുകളെക്കുറിച്ച് കൂടുതലറിയാം.

സേവിംഗ്‌സ് അക്കൗണ്ടിലെ പലിശയേക്കാള്‍ ആദായം പ്രതീക്ഷിക്കുന്നവര്‍ക്ക് യോജിച്ചവയാണ് ലിക്വിഡ് ഫണ്ടുകള്‍. ഹ്രസ്വകാല സ്ഥിരനിക്ഷേപത്തേക്കാള്‍ കൂടുതല്‍ ആദായവും ഈവിഭാഗം ഫണ്ടുകളില്‍നിന്ന് ലഭിക്കും. സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക പലിശ ശരാശരി 2.7ശതമാനമാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് അഞ്ചുശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സേവിംഗ്സ് അക്കൗണ്ടില്‍ നിന്നെന്നപോലെ ആവശ്യമുള്ളപ്പോള്‍ പണംതിരിച്ചെടുക്കാനും കഴിയും.
91 ദിവസത്തില്‍ക്കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളില്‍മാത്രം നിക്ഷേപിക്കുന്നവയാണ് ലിക്വിഡ് ഫണ്ടുകള്‍. നിലവില്‍ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോര്‍ട്ട്ഫോളിയോ മെച്യൂരിറ്റി മൂന്നു മുതല്‍ 52 ദിവസം വരെയാണ്. മണിമാര്‍ക്കറ്റ് ഉപകരണങ്ങള്‍, ഹ്രസ്വകാല കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍, ട്രഷറി ബില്ലുകള്‍ എന്നിവയിലാണ് ഈ ഫണ്ടുകള്‍ കൂടുതലായി നിക്ഷേപം നടത്തുന്നത്.
നേട്ടമിങ്ങനെ
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനെക്കാളും ഹ്രസ്വകാല സ്ഥിര നിക്ഷേപത്തെക്കാളും കൂടുതല്‍ ആദായംേ നടാന്‍ ലിക്വിഡ് ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയും. നിലവില്‍ ഏറ്റവും കുറഞ്ഞ റിസ്‌ക് ഉള്ള ഡെറ്റ് ഫണ്ടുകളാണിവ. പണം തിരിച്ചെടുക്കാനും എളുപ്പമാണ്. ഓണ്‍ലൈനായോ ഓഫ്ലൈനായോ പണം തിരിച്ചെടുക്കാന്‍ അവസരമുണ്ട്. രണ്ടോ മൂന്നോ ക്ലിക്കുകള്‍ കൊണ്ട് ഓണ്‍ലൈനായി നിക്ഷേപിക്കാനും ഒറ്റ ക്ലിക്കു കൊണ്ട് നിക്ഷേപം തിരച്ചെടുക്കാനും കഴിയും. നിക്ഷേപം പൂര്‍ണമായോ ഭാഗികമായോ തിരിച്ചെടുക്കുകയും ചെയ്യാം. നിക്ഷേപം പിന്‍വലിച്ചാല്‍ അന്നുതന്ന പണം ബാങ്ക് അക്കൗണ്ടില്‍ കയറും. പരമാവധിയെടുക്കുന്ന സമയം 24 മണിക്കൂറാണ്. ഏഴുമുതല്‍ 11ശതമാനംവരെ ആദായം ഈ ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാമെങ്കിലും ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറുള്ളവര്‍മാത്രം ഈ ഫണ്ടുകള്‍ പരിഗണിച്ചാല്‍മതി.
നികുതി ബാധ്യത
ലിക്വിഡ് ഫണ്ടുകളില്‍നിന്നുള്ള ആദായം മൂലധനനേട്ടമായാണ് പരിഗണിക്കുക. അതുകൊണ്ടുതന്നെ പണംപിന്‍വലിക്കുമ്പോള്‍ മാത്രമാണ് നികുതി വരുന്നത്. സ്ഥിരനിക്ഷേപങ്ങളെ പോലെ വാര്‍ഷിക അടിസ്ഥാനത്തില്‍ ടിഡിഎസ് കിഴിവുചെയ്യില്ലന്ന് ചുരുക്കം.
നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്നനേട്ടം മൊത്തം വരുമാനത്തോടുചേര്‍ത്ത് അപ്പോള്‍ വരുന്ന സ്ലാബ് അനുസിരിച്ചാണ് നികുതി നല്‍കേണ്ടത്. മൂന്നുവര്‍ഷത്തിനുശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ഇന്‍ഡക്സേഷന്‍ ആനുകൂല്യവും ലഭിക്കും. അതായത് പണപ്പെരുപ്പം കിഴിച്ചുള്ളതുകയ്ക്ക് നികുതി നല്‍കിയാല്‍ മതിയെന്നര്‍ത്ഥം.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it