കോവിഡ് കാലത്ത് നിങ്ങളുടെ സമ്പാദ്യം എങ്ങനെ സുരക്ഷിതമാക്കാം?

എന്നും നിക്ഷേപകരുടെ, ഉപഭോക്താക്കളുടെ പക്ഷത്തു നില്‍ക്കുന്ന ബിസിനസ് പത്രപ്രവര്‍ത്തകയാണ് സുചേതാ ദലാല്‍. പത്മശ്രീ പുരസ്‌കാരം നേടിയ സുചേതാ ദലാലിനെ ഇന്ത്യ കൂടുതല്‍ അടുത്ത് അറിയുന്നത്, രാജ്യത്തിന്റെ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ ഓഹരി കുംഭകോണം പുറംലോകത്തെത്തിച്ചതോടെയാണ്. നിക്ഷേപ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുന്ന ആക്റ്റിവിസ്റ്റ് കൂടിയായ സുചേതാ ദലാല്‍ മണിലൈഫ് ഫൗണ്ടേഷനിലൂടെ ശക്തമായ ഇടപെടലാണ് നിത്യം നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ കോവിഡ് കാലത്ത് പണം കൈകാര്യം ചെയ്യുമ്പോള്‍ ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സുചേതാ ദലാല്‍ വിശദീകരിക്കുന്നു.

വളരെ ദുര്‍ഘകടമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് നമ്മള്‍. പല സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളും ഇപ്പോഴും ലോക്ക്ഡൗണില്‍ തന്നെയാണ്. പക്ഷെ മാര്‍ച്ച് 28 മുതല്‍ ലഭിച്ചു പോന്നിരുന്ന പല ഇളവുകളും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെങ്കിലും പതിവ് ബിസിനസിലേക്ക് കാര്യങ്ങള്‍ തിരികെയെത്തിയിരിക്കുന്നുവെന്ന് പറയാം.

ധനകാര്യ സ്ഥാപനങ്ങള്‍ പലതും അവര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ ഉണ്ടാക്കാനാകുന്ന ഉല്‍പ്പന്നങ്ങളുമായി ഉപഭോക്താക്കളെ സമീപിച്ചു തുടങ്ങിയിരിക്കുന്നു. അതേ സമയം സാധാരണ നിക്ഷേപരാകട്ടെ, അവരുടെ ആരോഗ്യത്തെ കുറിച്ചും കോവിഡ് മൂലമുണ്ടായിട്ടുള്ള സാമ്പത്തികപ്രശ്‌നങ്ങളെ കുറിച്ചുമുള്ള ആകുലതകളിലാണ്.
വമ്പന്‍ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയുമൊക്കെ തകര്‍ച്ചയും ടെംപിള്‍ടണ്‍ പോലുള്ളവ നിക്ഷേപങ്ങള്‍ നിര്‍ത്തലാക്കിയതും യെസ് ബാങ്ക് ടയര്‍ 1 ബോണ്ടുകള്‍ പിന്‍വലിച്ചതുമൊക്കെ നിക്ഷേപകരുടെ ആശങ്കയ്ക്ക് പിന്നിലെ ചില കാരണങ്ങളാണ്.
ഈ സാഹചര്യത്തില്‍ നിക്ഷേപത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വയം ചിന്തിക്കാനും പുനര്‍വിചിന്തനം നടത്താനും ആവശ്യത്തിന് സമയമെടുക്കണം. കാരണം നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം.

ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രതൈ!

രാജ്യം ലോക്ക് ഡൗണിലായിരുന്നപ്പോള്‍ കൂടുതല്‍ പേരും ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് മാറിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ ഓണ്‍ലൈന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളും നടന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പിന്തുടരേണ്ട ഏറ്റവും ലളിതമായ നിയമമെന്ന് പറയുന്നത് വലിയതും അറിയപ്പെടുന്നതുമായ കമ്പനികളെ മാത്രം ആശ്രയിക്കുക എന്നതാണ്. എല്ലാ ഓണ്‍ലൈന്‍ കമ്പനികളും ആമസോണ്‍ അല്ലെങ്കില്‍ ഫഌപ്കാര്‍ട്ട് അല്ല, പല കമ്പനികളും സമാനമായ നിബന്ധനകളും ദ്രുത ഡെലിവറിയും വരുമാനവും ഒക്കെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ കൂടിയും ജാഗ്രത പുലര്‍ത്തുക മാത്രമാണ് മുന്നിലുള്ള വഴി. കാരണം ലോക്ക്ഡൗണ്‍ പോലുള്ള സാഹര്യങ്ങളില്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ്.

സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാം, വെട്ടില്‍ വീഴാതെ

ആളുകള്‍ക്ക് ആദ്യം ആശങ്കയുണ്ടാകുന്നത് അവരുടെ ബാങ്കുകളുടെ സുരക്ഷയെക്കുറിച്ചാണ്. ബാങ്കുകളുടെ കാര്യത്തിലും വലിയ ബാങ്കുകള്‍ തന്നെയാണ് സുരക്ഷിതം. ടേം ഡെപ്പോസിറ്റുകളുടെ പലിശ ക്രമാതീതമായി കുറയുന്നതില്‍ മുതിര്‍ന്ന പൗരന്മാരും വിരമിച്ച ജീവനക്കാരുമൊക്കെ ആശങ്കാകുലരാണ്. അതേസമയം, പുതിയ സ്വകാര്യ ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ പോലും 7 ശതമാനം വാഗ്ദാനം ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ഒരു റിസ്‌ക് എടുക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക. ബാങ്കിംഗ് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷം രൂപയ്ക്ക് വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട് എന്നതാണ് സന്തോഷകരമായ ഏക വാര്‍ത്ത. സമ്പദ്വ്യവസ്ഥയുടെ പോക്ക് എങ്ങോട്ടാണെന്ന് വളരെ വ്യക്തമായതിനാല്‍ നിങ്ങളുടെ പണം ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണെങ്കില്‍, സ്ഥിതി മെച്ചപ്പെടുന്നതു വരെ 5 ലക്ഷത്തില്‍ കൂടുതല്‍ ഏങ്ങോട്ടേക്കും നീക്കരുത്.

കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് കാണുന്നത് കോവിഡ് ഇന്‍ഷുറന്‍സ് വില്‍ക്കാനാണ്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെങ്കില്‍, അത് കോവിഡ് ചികിത്സയ്ക്കും പരിരക്ഷ ഉറപ്പു നല്‍കുന്നുണ്ടെന്ന് മനസിലാക്കുക.
കോവിഡ് ബാധിക്കുന്ന ഒരാള്‍ക്ക് ചികിത്സയ്ക്കായി കുറഞ്ഞത് 5 - 6 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവര്‍ വേണ്ടി വരും. അതിനാല്‍ നിലവില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ അത്രയും തുകയ്ക്കുള്ള കോവിഡ് പോളിസി തന്നെ എടുക്കണം. കാത്തിരിപ്പ് കാലയളവ്, മറ്റ് വ്യവസ്ഥകള്‍ എന്നിവയെ കുറിച്ച് മനസിലാക്കിയ ശേഷം മാത്രം പോളിസി എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി), മ്യൂച്വല്‍ ഫണ്ടുകള്‍ (എംഎഫ്) എന്നിവയില്‍ നിന്ന് പണം മാറ്റാനും നിക്ഷേപകര്‍ ഇപ്പോള്‍ ആലോചിക്കുന്നണ്ട്. ഫ്രാങ്ക്‌ലിന്‍ പ്രശ്‌നം ഉണ്ടായതോടെ 'മ്യൂച്വല്‍ ഫണ്ടുകള്‍ സഹി ഹേ' എന്നത് ഒരു മുദ്രാവാക്യം മാത്രമാണെന്ന തിരിച്ചറിവിലേക്ക് മാറിയിരിക്കുകയാണ് നിക്ഷേപകര്‍. മുതലിനെയും വരുമാനത്തെയും കുറിച്ച് ഒരുറപ്പും നല്‍കാത്ത അവസ്ഥ. വിപണിയിലാണെങ്കില്‍ നൂറുകണക്കിന് സ്‌കീമുകളുണ്ട്. അതില്‍ നിന്ന് ശരിയായ മ്യൂച്വല്‍ഫണ്ട് സ്‌കീമുകള്‍ തിരഞ്ഞെടുക്കുന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ നിക്ഷേപിക്കുന്നതിനു മുമ്പ് വിദഗ്ദ്ധ ഉപദേശമോ അല്ലെങ്കില്‍ മികച്ച ഗവേഷണമോ ആവശ്യമാണെന്ന് മനസിലാക്കുക.

റേറ്റിംഗ് മാത്രം നോക്കിയിട്ട് കാര്യമില്ല!

കമ്പനികളുടെ ബോണ്ടുകളിലേയും ഡിബഞ്ചറുകളിലേയും നിക്ഷേപവും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പലരുടേയും കൈ പൊള്ളിച്ചിട്ടുണ്ട്. റേറ്റിംഗ് നോക്കി നിക്ഷേപം നടത്താനാണ് നിക്ഷേപകരോട് പല വിദഗ്ധരും ആവശ്യപ്പെടാറുള്ളത്. പക്ഷേ ഇതില്‍ വലിയ കാര്യമില്ല എന്നതാണ് സാത്യം. കാരണം പലപ്പോഴും പല റേറ്റിംഗ് ഏജന്‍സികളും കമ്പനികളുടെ കടപത്രങ്ങളും മറ്റും ഒറ്റ രാത്രികൊണ്ട് ഡീ ഗ്രേഡ് ചെയ്തിട്ടുണ്ട്. നിക്ഷേപയോഗ്യമല്ല എന്ന് പറയുന്നതോടെ അവരുടെ ഉത്തരവാദിത്തം തീരുമെങ്കിലും നിക്ഷേപകര്‍ക്ക് വരുന്ന നഷ്ടം ഇല്ലാതാകുന്നില്ല.

ഇവിടെ റുഗലേറ്ററുടെ സഹായം പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല. പരാതി, പരിഹാര സംവിധാനങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ പ്രവര്‍ത്തിക്കൂ. കാരണം സംശയാസ്പദമായ കമ്പനികള്‍ക്ക് ഡോക്യുമെന്റുകളിലെ മറഞ്ഞിരിക്കുന്ന ക്ലോസുകള്‍ ഉപയോഗിച്ച് നിക്ഷേപകരെ എങ്ങനെ കുടുക്കാമെന്ന് അറിയാം. ഗുണമേന്മയുള്ള കമ്പനികളെ കണ്ടെത്തുക മാത്രമാണ് ഇതിനൊരു പോം വഴി. ഏറ്റവും പ്രശസ്തമായ നാലോ അഞ്ചോ ഭവന വായ്പാ കമ്പനികളും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഉയര്‍ന്ന റിട്ടേണ്‍ എന്ന് പറയുന്നത് തന്നെ ഒരു അപകട സൂചനയാണ് എന്ന് ഓര്‍ക്കുക.

മുന്നോട്ടു പോകാന്‍ വഴി തേടാം

ബിസിനസ് അടച്ചു പൂട്ടിയതുകൊണ്ടോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടമായതുകൊണ്ടോ പലര്‍ക്കും വരുമാനമില്ലാതായിരിക്കുന്നു. ഭീമമായ കടങ്ങളും അതിന്റെ പലിശയും പലരേയും വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്നു. എന്താണ് ചെയ്യാനാകുക?

ബാധ്യതകള്‍ കുറയ്ക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനുമുള്ള മറ്റു വഴികള്‍ കണ്ടെത്താനായി പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് ഉത്തരം. പലരും ഇപ്പോള്‍ തന്നെ ട്രാക്ക് മാറ്റിയിട്ടുണ്ട്. പ്രതീക്ഷകള്‍ ഒക്കെ കുറച്ച്, സമ്പാദിക്കാന്‍ മറ്റു വഴികള്‍ കണ്ടെത്തി കഴിഞ്ഞു. ജൂവലറിയുടമ പച്ചക്കറികള്‍ വില്‍ക്കാനും ഡോക്ടര്‍ ദമ്പതികള്‍ കോവിഡ് പ്രൊട്ടക്റ്റീവ് ഗിയറുകള്‍ വിതരണം ചെയ്യാനിറങ്ങിയതിനെക്കുറിച്ചും ഓണ്‍ലൈന്‍ ട്യൂഷനുകള്‍ എടുക്കുന്നവരെ കുറിച്ചുമൊക്കെ നമ്മള്‍ കേട്ടില്ലേ. അതുപോലെ നമ്മുടേതായ വഴികള്‍ കണ്ടെത്താം. മുന്നോട്ടു പോകാം.

സ്വര്‍ണത്തെ ബുദ്ധിപൂര്‍വം വിനിയോഗിക്കാം

ആപത്തു കാലത്തേക്ക് നിങ്ങള്‍ കരുതി വച്ച സ്വര്‍ണ നിക്ഷേപം പ്രയോജനപ്പെടുത്താനുള്ള സമയമാണിത്. സ്വര്‍ണ വില പവന് 43000 രൂപ കടന്നിരിക്കുകയാണ്. പുതിയത് വാങ്ങാന്‍ പറ്റില്ലെങ്കിലും നിലവിലുള്ള വലിയ കടങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിപരമായി ഇപ്പോള്‍ സ്വര്‍ണത്തെ ഉപയോഗിക്കാം. പലരും വൈകാരികമായി സ്വര്‍ണത്തെ കാണുന്നതിനാല്‍ കടം കുമിഞ്ഞു കൂടുമ്പോഴും സ്വര്‍ണത്തെ വില്‍ക്കാതെ സ്വര്‍ണ വായ്പയുടെ പിന്നാലെ പോകാറുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്. ഓരോ വ്യക്തിയുടെയും സാമ്പത്തിക സ്ഥിതി വ്യത്യസ്തമാണ്; എന്നാല്‍ സാധിക്കുന്നവര്‍ സ്വര്‍ണം വിറ്റു വായ്പ തിരിച്ചടയ്ക്കാന്‍ പറ്റുന്നവര്‍ ആ വഴി നോക്കുക.

വീട് വാങ്ങാന്‍ അല്‍പ്പം കാത്തിരിക്കാം!

വീട് വാങ്ങാനുള്ള താല്‍പര്യം ആളുകള്‍ക്ക് കുറയുന്നില്ലെന്ന് കാണിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ സര്‍വേകള്‍ നടത്തുന്നുണ്ട്. ഇത് ശരിയാണോ അതോ രൂപം മാറിയ ഒരു വില്‍പ്പന തന്ത്രം മാത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു? വളരെ സുരക്ഷിതമായ ജോലികളിലുള്ളവരോ ഭവനവായ്പ ആവശ്യമില്ലാത്തവരോ മാത്രമേ ഈ സമയത്ത് വീട് വാങ്ങുന്നത് പരിഗണിക്കൂ. മിടുക്കരായ മറ്റുള്ളവരെല്ലാം സമ്പദ്വ്യവസ്ഥ മികച്ചതാകുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാകും.

ചുരുക്കത്തില്‍ നിങ്ങളുടെ സമ്പാദ്യം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച നടപടി ബാധ്യത കുറയ്ക്കുന്നതിലും സുരക്ഷിതമായി മുന്നോട്ടു പോകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതുമാത്രമാണ്. ഇപ്പോള്‍ റിസ്‌ക് എടുക്കുന്നതിനുള്ള സമയമല്ല, പ്രത്യേകിച്ച് ധനകാര്യ മേഖലയില്‍ അത്ര ഗ്രാഹ്യമില്ലാത്തവര്‍ക്ക്. എല്ലാവരും ബിസിനസ് ആയാണ് കാര്യങ്ങളെ കാണുന്നതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞല്ലോ?

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it