Top

കൊവിഡ്: സാമ്പത്തിക ഞെരുക്കം അതിജീവിക്കാന്‍ നാലു വഴികള്‍

കൊവിഡ് 19 പടര്‍ന്നു പിടിക്കുകയും ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ അസംഘടിത മേഖലയില്‍ ജോലി ചെയ്തിരുന്നവരൊക്കെയും സ്വന്തം നാട്ടിലേക്ക് പോകാന്‍ തിടുക്കപ്പെട്ടു. കുടുംബത്തിലെത്താനുള്ള ആഗ്രഹത്തിനപ്പുറം ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചപ്പോള്‍ വീട്ടുവാടകയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനാവാത്തതും അതിന് കാരണമായി.

അസംഘടിത മേഖലയിലെ മാത്രമല്ല, സംഘടിത മേഖലയിലെ ജീവനക്കാരും ശമ്പളം വെട്ടിക്കുറയ്ക്കലും ജോലി നഷ്ടപ്പെടലുമടക്കമുള്ള പ്രതിബന്ധങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും(ficci) ധ്രുവ അഡൈ്വസേഴ്‌സും നടത്തിയ സര്‍വേയില്‍ വ്യക്തമായത് 2020 ജൂണില്‍ രാജ്യത്തെ 32 ശതമാനം കമ്പനികളിലും 10 ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമുണ്ടായി എന്നതാണ് ഏപ്രില്‍ മാസത്തില്‍ ഇത് 40 ശതമാനമായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം കമ്പനികളിലും പത്തു ശതമാനത്തിലേറെ ശമ്പളം വെട്ടിക്കുറക്കലും ഉണ്ടായി.

ഇത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് കുടുംബ ബജറ്റ് താളം തെറ്റാതെ മറ്റു ആവശ്യങ്ങള്‍ നടത്തിക്കുക? ഈ അവസ്ഥയെ നേരിടാന്‍ ചില വഴികളിതാ...

1. ജിവിത ചെലവ് കുറയ്ക്കാം

വരുമാനം കുറയുമ്പോള്‍ അതിനെ നേരിടാനുള്ള ഏറ്റവും മികച്ച മാര്‍ഗം ആഢംബര ചെലവുകള്‍ കഴിയുന്നതും കുറയ്ക്കുക എന്നതാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാത്രം പണം മുടക്കുക. നഗരത്തില്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകും. അവിടെ നിന്ന് ഓണ്‍ലൈനായി ചെയ്യാവുന്ന ജോലികളെ കുറിച്ച് അന്വേഷിക്കാം. ഇതിലൂടെ വീട്ടു വാടക മാത്രമല്ല കുറയുക, മറിച്ച് മറ്റു ജീവിത ചെലവുകളും നഗരത്തേക്കാള്‍ കുറവായിരിക്കും.

2. നിക്ഷേപങ്ങളും മാസത്തവണകളും മാറ്റി വെക്കാം

ശമ്പളം കുറയുകയോ ഇല്ലാതാവുകയോ ചെയ്താല്‍ വരുമാനം ഉണ്ടാകുന്നതു വരെ എസ്‌ഐപിയടക്കമുള്ള പതിവ് നിക്ഷേപങ്ങള്‍ നിര്‍ത്തി വെക്കാം. ഇഎംഐകളില്‍ മൊറട്ടോറിയം ലഭിക്കുന്നതും പ്രയോജനപ്പെടുത്താം. എന്നാല്‍ മൊറട്ടോറിയം പ്രയോജനപ്പെടുത്തുമ്പോള്‍ അക്കാലയളവിലെ പലിശ ഒഴിവാക്കപ്പെടുന്നില്ല എന്നതിനാല്‍ ഉയര്‍ന്ന പലിശയുള്ള ഇഎംഐകള്‍ക്ക് മൊറട്ടോറിയം പ്രയോജനപ്പെടുത്താതിരിക്കലാണ് അഭികാമ്യം എന്നും അറിയുക.

3. നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്താം

നിങ്ങളുടെ നിക്ഷേപങ്ങള്‍ ദൈനംദിന ചെലവുകള്‍ കഴിഞ്ഞു പോകാന്‍ പ്രയോജനപ്പെടുത്താം. എമര്‍ജന്‍സി ഫണ്ട് ഉണ്ടെങ്കില്‍ അത് ആദ്യം പിന്‍വലിക്കാം. ആവശ്യമാണെങ്കില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സ്വരൂപിച്ചു വെച്ച നിക്ഷേപങ്ങള്‍ എടുത്ത് ഉപയോഗിക്കരുത്. സ്വര്‍ണത്തിന് ഉയര്‍ന്ന വിലയായതിനാല്‍ അതു വിറ്റും പണമാക്കാം. വിപണി താഴ്ന്നു നില്‍ക്കുന്നതിനാല്‍ ഓഹരി നിക്ഷേപം ഇപ്പോള്‍ പിന്‍വലിക്കുന്നതിനേക്കാള്‍ ലാഭകരം സ്വര്‍ണം വില്‍ക്കുന്നതാണ്. പ്രൊവിഡന്റ് ഫണ്ട് ഭാഗികമായി പിന്‍വലിക്കാനുള്ള അവസരവും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ അത് മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലാത്തപ്പോഴായിരിക്കാന്‍ ശ്രദ്ധിക്കുക.

4. വായ്പയെടുക്കാം

മറ്റു മാര്‍ഗങ്ങളെല്ലാം അടയുമ്പോള്‍ നിലനില്‍പ്പിനായി വായ്പയെ കുറിച്ച് ചിന്തിക്കാം. ഉയര്‍ന്ന പലിശയുള്ള വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ഒഴിവാക്കാം. സ്വര്‍ണപ്പണയ വായ്പ, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയില്‍മേലുള്ള വായ്പകള്‍ തുടങ്ങി പലിശ കുറവുള്ള വായ്പകളാണ് ഉചിതം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it