വിദ്യാഭ്യാസ വായ്പ എങ്ങനെ വേഗത്തില്‍ തിരിച്ചടയ്ക്കാം?

വിദ്യാഭ്യാസ വായ്പയെ സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് സേവനമായാണ് ബാങ്കുകള്‍ തരംതിരിക്കുന്നത്. കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാറില്ല എന്നതുകൊണ്ടുതന്നെ. ഉദ്യോഗാര്‍ഥികളുടെ വിപണിയില്‍ ആവശ്യത്തിലധികം ലഭ്യത വന്നപ്പോള്‍ പഠിച്ചുപുറത്തിറങ്ങുന്നവര്‍ക്ക് യഥാസമയം ജോലി ലഭിക്കാതെയായി, കിട്ടിയാല്‍തന്നെ മതിയായ വരുമാനം ഇല്ലാതെയുമായി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ മിക്ക കോഴ്‌സുകള്‍ക്കും പഠനച്ചെലവ് പലമടങ്ങ് വര്‍ധിച്ചപ്പോള്‍ ആനുപാതികമായി ജോലിലഭ്യതയുടെയോ വരുമാനത്തിന്റെയോ കാര്യത്തില്‍ വര്‍ധനയുണ്ടായില്ല. വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവിനെ ഈ സാഹചര്യങ്ങള്‍ വളരെയധികം പ്രതികൂലമായി ബാധിച്ചു. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചടവ് സാധ്യമാക്കാന്‍ ഈ മാര്‍ഗങ്ങള്‍ സഹായിക്കും.

ഇളവുകള്‍ പ്രയോജനപ്പെടുത്തുക

വ്യക്തിഗത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ മുടക്കം വരുത്തുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ കുടിശ്ശിക തലവേദന സൃഷ്ടിക്കും. വിദ്യാഭ്യാസ വായ്പയ്ക്ക് കൂടുതല്‍ തിരിച്ചടവ് മാനദണ്ഡങ്ങളും മൊറട്ടോറിയം കാലാവധിയുമുണ്ട്. അതൊക്കെ വ്യക്തമായി മനസ്സിലാക്കണം. പലിശയടവ് കുറയ്ക്കാന്‍ തിരിച്ചടവ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കാനും ആളുകള്‍ ശ്രമിക്കാറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ വലിയ ബാധ്യത ഒഴിവാക്കാം.

പോക്കറ്റ് മണി കൂടി സമ്പാദിക്കുക

വിദേശത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിന് ഒപ്പം തന്നെ പാര്‍ട്ട് ടൈം ജോലി ചെയ്തും ധാരാളം പണം സമ്പാദിക്കാനാകും. ഇങ്ങനെ സമ്പാദിക്കുന്ന തുക ചെലവുകള്‍ക്ക് ശേഷം ബാക്കിയുള്ളത് വായ്പാ തിരിച്ചടവിന് ഉപയോഗിക്കാം. എന്നാല്‍ പഠനം തടസ്സപ്പെടാതെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള മതിയായ പ്രതിഫലം ലഭിക്കുന്ന ജോലി നേടുക എന്നതായിരിക്കണം അടിസ്ഥാന ലക്ഷ്യം. നാട്ടിലാണെങ്കില്‍ ട്യൂഷന്‍ എടുത്തോ, ബ്ലോഗ് എഴുത്തുവഴിയോ ഒക്കെ പണം സമ്പാദിക്കാം.

ബാലന്‍സ് ട്രാന്‍സ്ഫര്‍

വിദ്യാഭ്യാസ വായ്പ ഇഎംഐ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഓപ്ഷനാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍. ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫീസ്, പലിശ നിരക്കുകള്‍, ഫിനാന്‍സ് ചാര്‍ജുകള്‍, മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകള്‍ എന്നിവ ഉള്‍പ്പെടെ രണ്ട് ബാങ്കുകള്‍ തമ്മിലുള്ള പലിശ നിരക്ക് വ്യത്യാസത്തിന്റെ ആനുകൂല്യം ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

ആഡംബരം കുറയ്ക്കുക

വിദ്യാഭ്യാസ കാലഘട്ടത്തിലേ ലോണ്‍ ബാധ്യതകളില്ലാത്ത സമ്പന്നരായ മറ്റുള്ളവരുടെ അതേ ജീവിതരീതി തുടരരുത്. വിദ്യാഭ്യാസ വായ്പ എടുത്തിരിക്കുന്നവര്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കണം. വീട്ടുകാരോടും ഇത് ഓര്‍മിപ്പിക്കാം. കാരണം പ്രതിമാസ ചെലവുകള്‍ കുറയ്ക്കുന്നത് വഴി വിദ്യാഭ്യാസ വായ്പ ഇഎംഐ അടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പണം മിച്ചം പിടിക്കുന്നതിലൂടെ എത്രയും വേഗം വായ്പ അടച്ച് തീര്‍ക്കുകയും ചെയ്യാം. ജോലി കിട്ടി കഴിഞ്ഞ് പിന്നീട് മാത്രമല്ലേ തിരിച്ചടവ് എന്ന വാചകം മനസ്സിലേക്ക് കൊണ്ടുവരാതിരിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it