കോവിഡ് കാലത്തും എല്‍ ഐ സി വളരുന്നതെങ്ങനെ? ചെയര്‍മാന്‍ എം ആര്‍ കുമാര്‍ പറയുന്നു

'ഇന്ത്യയുടെ കീരീടത്തിലെ രത്‌നം' പൊതുമേഖലാ വമ്പനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എല്‍ ഐ സി, യുടെ വിശേഷണം തന്നെ ഇതാണ്. രാജ്യത്തിന്റെ ഓരോ കോണിലും വിലപിടിച്ച മനുഷ്യ ജീവനുകള്‍ക്ക് സുരക്ഷിതത്വം പകര്‍ന്ന് എല്‍ ഐ സിയുണ്ട്. ഓരോ മനുഷ്യന്റെയും ഹൃദയമിടിപ്പ് അറിയുന്ന കോര്‍പ്പറേറ്റാണ് എല്‍ ഐ സി.

കോവിഡ് 19 എന്ന ലോകത്തെ അടിമുടി കീഴ്‌മേല്‍ മറിച്ച മഹാമാരിക്കിടയിലും മിന്നുന്ന പ്രകടനമാണ് എല്‍ ഐ സിയുടേത്.

എല്‍ ഐ സി ചെയര്‍മാന്‍ എം. ആര്‍ കുമാര്‍ കോര്‍പ്പറേഷന്റെ പ്രകടനവും പുതിയ അവസരങ്ങളും വിശദീകരിക്കുന്നു.

1. എല്‍ ഐ സിയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ പ്രകടനത്തില്‍ താങ്കള്‍ സന്തുഷ്ടനാണോ? വിവിധ മേഖലകളില്‍ ഉണര്‍വിന്റെ സൂചനകള്‍ കാണുന്നതുകൊണ്ട് വരും മാസങ്ങളില്‍ ഗണ്യമായ പുരോഗതി താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

എല്‍ ഐ സിയുടെ ഏറ്റവും ഉല്‍പ്പാദനക്ഷമമായ സമയമാണ് മാര്‍ച്ചിലെ രണ്ടാം ദൈ്വവാരം. കോവിഡ് 19 മൂലമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതും ആ നാളുകളിലാണ്. എന്നിട്ടും എല്‍ ഐ സിക്ക് ഉയര്‍ന്ന ബിസിനസ് നേടിയെടുക്കാന്‍ സാധിച്ചു. പോളിസികളുടെ എണ്ണത്തിലും ആദ്യ വര്‍ഷ പ്രീമിയം കളക്ഷനിലും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടിയെടുക്കാന്‍ സാധിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,77,977 കോടി രൂപയാണ് ആദ്യ വര്‍ഷ പ്രീമിയം ഇനത്തില്‍ സമാഹരിച്ചത്. ഇക്കാര്യത്തില്‍ 25.17 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2.19 കോടി പോളിസികളാണ് ഇക്കാലഘട്ടത്തില്‍ വില്‍പ്പന നടത്തിയത്. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.29 ശതമാനം വര്‍ധനയാണ് പോളിസി വില്‍പ്പനയുടെ കാര്യത്തിലുണ്ടായത്.

ആദ്യവര്‍ഷ പ്രീമിയം കളക്ഷന്റെ കാര്യത്തില്‍ 68.74 ശതമാനം വിപണി വിഹിതമാണ് എല്‍ ഐ സിക്കുള്ളത്. വില്‍പ്പന നടത്തിയ പോളിസികളുടെ എണ്ണത്തില്‍ 75.90 ശതമാനം വിപണി വിഹിതവും എല്‍ ഐ സിക്ക് സ്വന്തം. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രിയുടെ സമഗ്രമായ വളര്‍ച്ചയ്ക്കുള്ള ചാലകശക്തിയാകാന്‍ എല്‍ ഐ സിക്ക് ഇതിലൂടെ സാധിച്ചു.

ലോക്ക്ഡൗണും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ പ്രതികൂലമായി ബാധിക്കും. ജൂലൈ വരെ പുതിയ പോളിസികളില്‍ നിന്നുള്ള പ്രീമിയം കണക്ഷന്റെ കാര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക്, ഇതേ കാലയളവിലെ തൊട്ടുമുന്‍ വര്‍ഷത്തെ ബിസിനസുമായി താരതമ്യം ചെയ്യുമ്പോള്‍, 13.98 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. വില്‍പ്പന നടത്തിയ പുതിയ പോളിസികളുടെ എണ്ണത്തില്‍ 37.29 ശതമാനം ഇടിവും.

എന്നിരുന്നാലും ഞങ്ങളുടെ കരുത്തുറ്റ മാര്‍ക്കറ്റിംഗ് ടീമിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ ഇതര 23 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തത്തിലുള്ള പ്രകടനത്തേക്കാള്‍ മികച്ച പ്രകടനമാണ് എല്‍ ഐ സി കാഴ്ചവെച്ചിരിക്കുന്നത്. എല്‍ ഐ സിയുടെ കരുത്തും വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് അതിവേഗം ഉയരാനുള്ള കഴിവും ഈ രാജ്യത്തെ ജനങ്ങളും പ്രതിസന്ധി ഘട്ടത്തിലും കമ്പനിയുടെ തിളക്കമാര്‍ന്ന പ്രകടനത്തിന് കാരണമായിട്ടുണ്ട്. ജൂലൈ അവസാനത്തില്‍ പ്രീമിയത്തിന്റെ കാര്യത്തില്‍ എല്‍ ഐ സിയുടെ വിപണി വിഹിതം 71.49 ശതമാനമായി കുതിച്ചുയര്‍ന്നു. മൊത്തം ആദ്യ വര്‍ഷ പ്രീമിയം കളക്ഷന്‍ 51,700.97 കോടി രൂപയാണ്. രാജ്യത്തെ 23 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം ആദ്യവര്‍ഷ പ്രീമിയം കളക്ഷന്‍ 20,620. 56 കോടി രൂപ മാത്രമാണ് ഇക്കാലത്ത്.

ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസും രാജ്യത്തിന്റെ സാമ്പത്തിക രംഗവും തമ്മില്‍ പ്രത്യക്ഷമായി ബന്ധപ്പെട്ട് കിടക്കുന്നു. സര്‍ക്കാരിന്റെ വിവിധ ഇടപെടലുകള്‍ മൂലം സാമ്പത്തിക നില മെച്ചപ്പെട്ടുവരുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തിന്റെ അവസാനത്തോടെ പ്രീമിയത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ വളര്‍ച്ചയുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

2. ഇന്ത്യന്‍ ഓഹരി വിപണിയിലെ സുപ്രധാന നിക്ഷേപകരാണ് എല്‍ ഐ സി. കോര്‍പ്പറേഷന്റെ ഇന്‍വെസ്റ്റ്‌മെസ്റ്റ് പോര്‍ട്ട്‌ഫോളിയോ വിശദീകരിക്കാമോ?

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏതാണ്ട് എല്ലാ സെക്ടറുകളിലും സജീവമായി എല്‍ ഐ സി നിക്ഷേപം നടത്താറുണ്ട്. നിഫ്റ്റി, സെന്‍സെക്‌സ് സൂചികകളിലെ കമ്പനികളിലും എല്‍ ഐ സി നിക്ഷേപിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ തന്ത്രപരമായ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഞങ്ങള്‍ എന്‍ എസ് ഇയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. യുടിഐ മ്യൂച്വല്‍ ഫണ്ട്, ബിഎസ്ഇ (ഇപ്പോള്‍ ലിസ്റ്റ് ചെയ്തു), എന്‍ എസ് ഡി എല്‍, സി എസ് ഡി എല്‍ (ഇപ്പോള്‍ ലിസ്റ്റ് ചെയ്തു), എന്‍സിഡിഎക്‌സ്, എന്‍ ഇ എസ് എല്‍ എന്നിവയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇത്തരം കമ്പനികള്‍ വഹിക്കുന്ന പങ്ക് കണക്കിലെടുത്താണ് നിക്ഷേപം നടത്തുന്നത്.

കമ്പനികളുടെ പ്രകടനം, പ്രമോര്‍ട്ടര്‍മാരുടെ പശ്ചാത്തലം, ട്രാക്ക് റെക്കോര്‍ഡ്, ഓരോ കമ്പനികളുടെയും വളര്‍ച്ചാ സാധ്യത, ആ കമ്പനികള്‍ നിലകൊള്ളുന്ന മേഖലയുടെ സാധ്യത എന്നിവയെല്ലാം പരിഗണിക്കും. നിക്ഷേപത്തില്‍ ദീര്‍ഘകാല ലക്ഷ്യങ്ങളാണ് എല്‍ ഐ സിക്കുള്ളത്. ഒപ്പം മൂല്യവര്‍ധനയ്ക്കും ഊന്നല്‍ നല്‍കുന്നു. പോളിസി ഉടമകള്‍ക്ക് റിട്ടേണ്‍ നല്‍കാന്‍ വേണ്ടിയുള്ള എല്‍ ഐ സിയുടെ പരിശ്രമത്തിന്റെ ഭാഗമായുള്ളതാണിതെല്ലാം.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, കോവിഡ് മഹാമാരി മൂലം വിപണി കനത്ത ചാഞ്ചാട്ടത്തിലായിരുന്നു. എന്നാല്‍ ഏത് ഉയര്‍ന്ന തലത്തില്‍ നിന്നാണ് വിപണിയില്‍ തിരുത്തല്‍ ഉണ്ടായത് അതേ തലത്തിലേക്ക് ഇപ്പോള്‍ സൂചികകള്‍ തിരിച്ചെത്തിയിട്ടുണ്ട്. ചാഞ്ചാട്ടങ്ങള്‍ നടക്കുമ്പോഴും എല്‍ ഐ സി ഓഹരി വിപണിയില്‍ സജീവമായി തന്നെയുണ്ടായിരുന്നു. വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളില്‍ നിക്ഷേപിക്കുകയും ലാഭമെടുത്തു കൊണ്ട് അനുയോജ്യമായ തലത്തില്‍ വെച്ച് കമ്പനികളില്‍ നിന്ന് ഭാഗികമായോ പൂര്‍ണമായോ എല്‍ ഐ സി പിന്‍വാങ്ങുകയും ചെയ്യാറുണ്ട്. ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് ന്യായമായ നേട്ടം കമ്പനിക്കുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 35,000 കോടി രൂപയുടെ ഓഹരികളാണ് എല്‍ ഐ സി വാങ്ങിക്കൂട്ടിയിരിക്കുന്നത്.

3. ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് എല്‍ ഐ സി ഇറങ്ങി ചെന്നിരിക്കുന്നത് എത്രത്തോളമാണ്? ഈ സാഹചര്യത്തില്‍ താങ്കള്‍ കാണുന്ന, ഉയര്‍ന്നുവരാനിടയുള്ള, അല്ലെങ്കില്‍ മറഞ്ഞിരിക്കുന്ന സാധ്യതകള്‍ എന്തൊക്കെയാണ്?

ലൈഫ് ഇന്‍ഷുറന്‍സിന്റെ വിപണി വ്യാപനം കണക്കാക്കുന്നത് ജിഡിപിയും പ്രീമിയവും തമ്മിലുള്ള അനുപാതത്തിലൂടെയാണ്. ഐആര്‍ഡിഎയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2001ല്‍ ഇത് 2.15 ശതമാനമായിരുന്നുവെങ്കില്‍ 2018ല്‍ ഇത് 2.75 ശതമാനമാണ്. ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളിലെയും ഇന്‍ഷുറന്‍സ് പെനിട്രേഷന്‍ ഇതില്‍ കൂടുതലാണ്. ഉദാഹരണത്തിന് യുകെയില്‍ 8.32 ശതമാനമാണ്. ഫ്രാന്‍സ് (5.75%), ദക്ഷിണാഫ്രിക്ക (10.27%). ജപ്പാന്‍ (6.72%) എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ നിരക്ക്. ലോകത്തെ ശരാശരി ഇന്‍ഷുറന്‍സ് പെനിട്രേഷന്‍ നിരക്ക് 3.31 ശതമാനമാണ്. ഇന്ത്യയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെല്ലാം ഉയര്‍ന്ന തലത്തിലാണ്. 130 കോടിയിലേറെ ജനങ്ങളുണ്ട് ഇന്ത്യയില്‍. എന്നാല്‍ 2020 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം 33.33 കോടി സജീവ പോളിസികളാണുള്ളത്. ജിഡിപിയും പ്രീമിയം വരുമാനവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോള്‍ പെനിട്രേഷന്‍ കുറവാണെങ്കിലും പോളിസികളുടെ എണ്ണവും രാജ്യത്തെ ഇന്‍ഷുറബ്ള്‍ പോപ്പുലേഷനും പരിഗണിക്കുമ്പോള്‍ ഞങ്ങള്‍ 33-35 ശതമാനം ജനങ്ങള്‍ക്ക് പോളിസികള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഇന്‍ഷുറബ്ള്‍ പോപ്പുലേഷന്‍ 80-90 കോടിയാണെന്നാണ് കണക്കുകള്‍. എന്നിരുന്നാലും ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.

ഇന്ത്യന്‍ ജനതയുടെ വലിയൊരു വിഭാഗത്തിലേക്ക് ഇപ്പോഴും ഇന്‍ഷുറന്‍സ് സംരക്ഷണം എത്തിപ്പെടാത്തത് ടേം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അങ്ങനെയായിരിക്കുമ്പോള്‍ തന്നെ ഗ്രാമീണ മേഖലകളും മൂന്നാം നിര പട്ടണങ്ങളും വന്‍തോതില്‍ അണ്ടര്‍ ഇന്‍ഷ്വേര്‍ഡ് ആണ്. ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയും മതിയായ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളുടെ കുറവും ഇതിന് കാരണമാകും. ഗ്രാമീണ മേഖലയില്‍ ഇന്‍ഷുറന്‍സ് മതിയായ തോതില്‍ എത്തിച്ചേരാത്തതാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് പെനിട്രേഷന്റെ കുറഞ്ഞ നിരക്കിനുള്ള ഒരു കാരണം തന്നെ.

2011ലെ സെന്‍സെസ് പ്രകാരം 121 കോടി ഇന്ത്യക്കാരില്‍ 83.37 കോടി ജനങ്ങള്‍, അതായത് ഏകദേശം 69 ശതമാനം പേര്‍ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്.

ഐ ആര്‍ ഡി എയുടെ റിപ്പോര്‍ട്ട് പ്രകാരം 2018-19ല്‍ പുതുതായി വില്‍പ്പന നടത്തിയ 286.48 ലക്ഷം പോളിസികളില്‍ ഗ്രാമീണ മേഖലയുടെ സംഭാവന വെറും 23 ശതമാനമാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍, ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് എന്നിവ വഴി ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ കൈകളിലേക്ക് പണം എത്താനിടയുണ്ട്.

എല്‍ ഐ സി പോയ്ന്റ് ഓഫ് സെയ്ല്‍സ് ഉല്‍പ്പന്നങ്ങളും പോയ്ന്റ് ഓഫ് സെയ്ല്‍സ് പേഴ്‌സണുകളെയും ഉടന്‍ തന്നെ നിയമിക്കും. ഇതുവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ അതുറപ്പാക്കാനും ഇന്‍ഷുറന്‍സ് പെനിട്രേഷന്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഇന്‍ഷുറന്‍സ് ബിസിനസില്‍ എല്‍ ഐ സിയുടെ ലക്ഷ്യം സുസ്ഥിരമായ വളര്‍ച്ചയാണ്. അത് ഇന്‍ഷുറന്‍സ് പെനിട്രേഷന്‍ കൂട്ടാനും ഉപകരിക്കും. ഇതിനായി മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. ലൈഫ് ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, നൂതനമായ ഇടപെടലുകളിലൂടെ ഡിസ്ട്രിബ്യൂഷന്‍ വിപുലീകരിക്കുക, അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക.

4. രാജ്യത്ത് നിരവധി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുണ്ടെങ്കിലും എല്‍ ഐ സിയുടെ ബിസിനസിനെ ഏതെങ്കിലും തരത്തില്‍ ആഘാതം സൃഷ്ടിച്ചതായി കാണുന്നില്ല. ഇതിന് കാരണം എല്‍ ഐ സിയുടെ സമാനതകളില്ലാത്ത സേവനമാണോ അല്ലെങ്കില്‍ സ്വകാര്യ കമ്പനികളുടെ ദൗര്‍ബല്യമാണോ?

എല്‍ ഐ സി അതിന്റെ സ്വന്തം കരുത്താണ് ഇന്‍ഷുറന്‍സ് വിപണിയിലെ ആധിപത്യത്തിനുള്ള ഊര്‍ജ്ജമാക്കുന്നത്. ഇന്ത്യയുടെ കിരീടത്തിലെ രത്‌നമെന്നാണ് ഇന്‍ഷുറന്‍സ് വമ്പനായ എല്‍ ഐ സിയുടെ വിശേഷണം തന്നെ. ഓരോ ഇന്ത്യന്‍ ഭവനങ്ങളിലേക്കും കടന്നെത്തിയതുകൊണ്ടാണ് ഈ വിശേഷണം സ്വന്തമായതും. ദേശസല്‍ക്കരണത്തിന് ശേഷമുള്ള 64 വര്‍ഷങ്ങളില്‍ രാജ്യത്തെ ഏവര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്ന സമാനതകളില്ലാത്ത വിഷന്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഇന്‍ഷുറബ്ള്‍ പോപ്പുലേഷനിലേക്ക് എത്തിച്ചേരാനാണ് എന്നും ശ്രമിക്കുന്നത്. രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്ക്, രാജ്യത്തെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഓരോ ഘട്ടത്തിലും സഹായകരമാകുന്ന, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ സാധിക്കാന്‍ സഹായിക്കുന്ന വിപുലമായ ഉല്‍പ്പന്ന നിര എന്നിവയിലൂടെയാണ് ജനങ്ങളിലേക്ക് എല്‍ ഐ സി കടന്നെത്തുന്നത്. ടെക്‌നോളജി ഇന്നൊവേഷനാകട്ടേ, ഉല്‍പ്പന്ന നവീകരണമാകട്ടേ, ഞങ്ങളുടെ ഏത് പ്രവര്‍ത്തിയുടെയും കേന്ദ്രബിന്ദു കസ്റ്റമറാണ്.

നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ ഉപഭോക്തൃസംതൃപ്തി ഉറപ്പാക്കാന്‍ എല്‍ ഐ സിക്ക് സാധിച്ചിട്ടുണ്ട്. അത് ഐ ആര്‍ ഡി എയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുമുണ്ട്. വര്‍ഷങ്ങളായി കമ്പനിയുടെ ഡെത്ത് ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 98 ശതമാനമാണ്.

5. ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, ഉപഭോക്തൃസേവനം, ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ എന്നിവയുടെ കാര്യത്തില്‍ ആഗോളതലത്തിലെ പുതിയ പ്രവണതകള്‍ എന്തൊക്കെയാണ്?

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത്, പ്യുവര്‍ റിസ്‌ക് കവറേജ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ എറിയിട്ടുണ്ട്. ടെക്‌നോളജി കൂടുതലായി ഉപയോഗിക്കുന്ന, ഫിസിക്കലായുള്ള ഇടപെടല്‍ ഏറ്റവും കുറവുള്ള കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ ലഭിക്കുന്നത്. ഇത് ബിസിനസ് മോഡലിന്റെ മാറ്റത്തിനും വഴി വെയ്ക്കും. ഡിജിറ്റൈസേഷന്‍, പുതിയ സെയ്ല്‍സ് പ്ലാറ്റ്‌ഫോം എന്നിവയിലൂടെയെല്ലാം കസ്റ്റമര്‍ക്ക് മികച്ച സേവനവും സംതൃപ്തിയും പകരാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ശ്രമിക്കുകയാണ്. മറ്റ് ചില കാര്യങ്ങളും ഇതിനിടെയുണ്ട്.

അതിവേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്റിനായി നിരമിത ബുദ്ധിയും ഓട്ടോമേഷന്‍ ടെക്‌നോളജിയും ഉപയോഗിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ സംശയ നിവാരണത്തിന് ചാറ്റ് ബോട്ടുകളുടെ സഹായം തേടുന്നു.

പേഴ്‌സണലൈസ്ഡ് സര്‍വീസ് മികച്ച നിലയിലാക്കാന്‍ അഡ്വാന്‍സൈഡ് ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിക്കുന്നു.

എവിടെയും ഏത് സമയത്തും സേവനം എത്തിക്കാന്‍ ഡിജിറ്റല്‍ ഫസ്റ്റ് സമീപനം സ്വീകരിക്കുന്നു.

ഇന്റലിജന്റ് കസ്റ്റമര്‍ സര്‍വീസ് ഇന്ററാക്ഷന്‍ സെന്ററുകളാണ് പുതിയ കാലത്തുണ്ടാവുക. ലാംഗ്വേജ് പ്രോസസിംഗ്, നിര്‍മിത ബുദ്ധി, വോയ്‌സ് അസിസ്റ്റന്റ് എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തുള്ളതാകും ഇത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it