റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി വില്പ്പനയ്ക്കു വിലക്ക്

ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായുള്ള റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയോട്
ഇനി പോളിസികള്‍ വില്‍ക്കരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കമ്പനിയുടെ സോള്‍വന്‍സി മാര്‍ജിനുകള്‍ - പോളിസി ഉടമകളില്‍ നിന്നുള്ള ഭാവി ക്ലെയിമുകള്‍ നിറവേറ്റുന്നതിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് - അപര്യാപ്തമാണെന്നു കണ്ടെത്തിയതിനാലാണ് പോളിസി വില്‍പന തടഞ്ഞത്.

നിലവിലെ പോളിസി ഉടമകള്‍ക്ക് ഈ മാസം 15 മുതല്‍ കൊടുക്കേണ്ടി വരുന്ന ബാധ്യതകളും സാമ്പത്തിക ആസ്തികളും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിലേക്ക് (ആര്‍ജിഐസിഎല്‍) കൈമാറാനും റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിനോട് ഐആര്‍ഡിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.പഴയ പോളിസി ഉടമകള്‍ക്ക് അതുവരെയുള്ള ക്ലെയിമുകള്‍ നല്‍കാന്‍ റിലയന്‍സ് ഹെല്‍ത്തിനെ അനുവദിച്ചു. അതേസമയം, ക്ലെയിം സെറ്റില്‍മെന്റ് ഒഴികെയുള്ള പേയ്മെന്റുകള്‍ക്കു വിലക്കുണ്ട്.

2018 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 2019 ജൂണ്‍ മുതല്‍ മതിയായ സോള്‍വന്‍സി മാര്‍ജിന്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന് ഐആര്‍ഡിഐഐ പറയുന്നു. 2019 ഓഗസ്റ്റ് അവസാനത്തോടെ ഇതു സംബന്ധിച്ച് വിവരം ലഭിച്ചതോടെ, ഒരു മാസത്തിനുള്ളില്‍ ആവശ്യമായ സോള്‍വന്‍സി മാര്‍ജിന്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വീണ്ടും കത്തു നല്‍കിയിട്ടും നടപടിയുണ്ടായില്ല - ഐആര്‍ഡിഐഐ പത്രക്കുറിപ്പില്‍ അറിയിച്ചു. തല്‍ക്കാലത്തേക്കു ക്ലെയിം സെറ്റില്‍മെന്റുകള്‍ നടത്താനുള്ള ദ്രവ്യക്ഷമത കമ്പനിക്കുണ്ടെന്നും പോളിസി ഉടമകളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും മെച്ചമല്ല. ഐ.പി.ഒ വഴി 200 കോടി രൂപ സമാഹരിക്കാന്‍ കമ്പനി നടത്തിയ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് മുമ്പാകെ ഇതുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച രേഖകള്‍ കഴിഞ്ഞയാഴ്ച പിന്‍വലിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it