കൊവിഡ്: ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തത് 4 ശതമാനം പേര്‍ മാത്രം

രാജ്യത്ത് രണ്ടു ലക്ഷവും കടന്ന് കൊവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. നാളിതുവരെയായി 8500 പേര്‍ മാത്രമാണ് വിവിധ പോളിസികളിലായി ക്ലെയിം ചെയ്തിട്ടുള്ളത്. അതായത് നാലു ശതമാനം പേര്‍ക്ക് മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളൂവെന്ന് അര്‍ത്ഥം. 135 കോടി രൂപയുടെ ക്ലെയിം അപേക്ഷകളാണ് കമ്പനികള്‍ക്കു മുന്നില്‍ എത്തിയിട്ടുള്ളത്. ജൂണ്‍ നാലിന് കേന്ദ്ര സര്‍ക്കാരിന് ലഭിച്ച കണക്കു പ്രകാരമാണിത്.

ആറായിരത്തിലേറെ പേര്‍ മരിച്ചപ്പോള്‍ ഡെത്ത് ക്ലെയിം അപേക്ഷ ലഭിച്ചത് 100 മാത്രമാണ് എന്നതും ശ്രദ്ധേയം. ഏകദേശം രണ്ടു ശതമാനം. ആരോഗ്യ ഇന്‍ഷുറന്‍സിനേക്കാളും കുറവാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുത്തവര്‍ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇക്കാര്യം ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയെയും ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

കൊവിഡ് രോഗികളിലേറെയും മുംബൈ, ഡല്‍ഹി, കൊല്‍ക്കൊത്ത, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിലായിട്ടു പോലും എണ്ണത്തില്‍ കുറവു വന്നത് ഗൗരവമായാണ് അധികൃതര്‍ കാണുന്നത്. ലഭിച്ചിരിക്കുന്ന ക്ലെയിമുകളില്‍ 60 ശതമാനം മഹാരാഷ്ട്രയില്‍ നിന്നും 15 ശതമാനം ഡല്‍ഹിയില്‍ നിന്നും 10.4 ശതമാനം തമിഴ്‌നാട്ടില്‍ നിന്നുമാണ്. പശ്ചിം ബംഗാള്‍ (5.4), ഗുജറാത്ത് (3.4 ശതമാനം) എന്നിവിടങ്ങളില്‍ നിന്നും ക്ലെയിം അപേക്ഷിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എല്ലാം കൂടി 5.8 ശതമാനം മാത്രമാണ്.

അതേസമയം ക്ലെയിമുകളുടെ എണ്ണം വരും മാസങ്ങളില്‍ വര്‍ധിക്കുമെന്നാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ദുരന്തങ്ങളിലെ മുന്‍ അനുഭവങ്ങളില്‍ നിന്നുള്ള വെളിച്ചത്തിലാണ് അവരത് പറയുന്നത്. ആളുകളുടെ പ്രഥമപരിഗണന ജീവന്‍ രക്ഷിക്കുക എന്നതിലാവും. അതിനു ശേഷം മാത്രമേ ഇന്‍ഷുറന്‍സ് പോളിസിയടക്കമുള്ളവ ക്ലെയിം ചെയ്യാന്‍ സമയം കണ്ടെത്തുകയുള്ളൂ. മാത്രമല്ല, കൊവിഡ് മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍ ക്വാറന്റൈനിലുമായിരിക്കും. ആ സാഹചര്യത്തില്‍ അവര്‍ക്ക് പോളിസിയുടെ ആനുകൂല്യത്തിനായി ക്ലെയിം ചെയ്യാനാവില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ രണ്ടും നാലും ശതമാനമെന്നത് വളരെ കുറഞ്ഞ നിരക്കാണെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് പോളിസി എത്തിക്കാനുള്ള നടപടി ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും ഇത് എടുത്തുകാട്ടുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it