ഒറ്റത്തവണ പ്രീമിയം പോളിസിയുമായി എല്‍ഐസി

നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം എല്‍ഐസി അവതരിപ്പിച്ചിരിക്കുന്ന പെന്‍ഷന്‍ പ്ലാനാണ് ജീവന്‍ ശാന്തി. ഇമീഡിയറ്റ് ആന്യുവിറ്റി പ്ലാന്‍, ഡെഫേര്‍ഡ് ആന്യുവിറ്റി പ്ലാന്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഈ പദ്ധതിയിലുള്ളത്. സ്വന്തം പേരിലോ രണ്ടു വ്യക്തികളുടെ പേരില്‍ സംയുക്തമായോ പോളിസി എടുക്കാം. ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും പോളിസിയില്‍ ചേരാം.

30 വയസു മുതല്‍ 79 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ഒന്നര ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. ഒരു വര്‍ഷത്തിനുള്ളില്‍ വായ്പാ സൗകര്യവും മൂന്നു മാസത്തിനു ശേഷം സറണ്ടര്‍ സൗകര്യവും ലഭ്യമാണ്. ഒന്നു മുതല്‍ 20 വരെയുള്ള വര്‍ഷത്തില്‍ എപ്പോള്‍ പെന്‍ഷന്‍ ആരംഭിക്കണമെന്നു പോളിസി ഉടമയ്ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. പോളിസി ആരംഭിക്കുമ്പോള്‍ തന്നെ ലഭിക്കേണ്ട പെന്‍ഷനു ഗാരണ്ടി നല്‍കും.

സിംഗിള്‍ ലൈഫ് പോളിസിയില്‍ 50 വയസുള്ളയാള്‍ 10 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുമ്പോള്‍ അയാള്‍ക്ക് അഞ്ചു വര്‍ഷത്തെ ഡെഫര്‍മെന്റ് പിരീഡില്‍ 9.18 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ ആന്യുവിറ്റിയായി ലഭിക്കുക 91800 രൂപയാണ്.

ഒന്‍പത് തരം പ്ലാനുകള്‍ ഉള്ളതില്‍ 7 എണ്ണം ഇമീഡിയറ്റ് ആനുവിറ്റിയിലും രണ്ടെണ്ണം ഡെഫേര്‍ഡ് ആന്യുവിറ്റിയിലുമാണ്. ആന്യുവിറ്റി പ്ലാനില്‍ പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക, വാര്‍ഷിക രീതിയില്‍ ആന്യുവിറ്റി ലഭ്യമാക്കാം.

മരണം സംഭവിക്കുകയാണെങ്കില്‍, ഒറ്റത്തവണ ആയോ, ലംപ്‌സം അല്ലെങ്കില്‍ അന്യുവിറ്റിയായോ ക്ലെയിം നേടാവുന്നതാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു ശതമാനം അധികം ആന്യുവിറ്റി ഓണ്‍ലൈന്‍ വഴി ചേരുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it