ജൂൺ മുതൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ജൂൺ ഒന്നു മുതൽ. മെഡിക്കൽ ഇൻഷുറൻസ് സ്കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് (മെഡിസെപ്) എന്നാണ് പദ്ധതി അറിയപ്പെടുക. ഏകദേശം 11 ലക്ഷം പേർക്കും അവരുടെ ആശ്രിതർക്കും പദ്ധതി പ്രയോജനപ്പെടും.

ഗുണഭോക്താക്കൾ ആരൊക്കെ

ഹൈക്കോടതിയിലേത് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേത് ഉൾപ്പെടെയുള്ള അധ്യാപകരും അനധ്യാപകരും, പാർട്‌ടൈം അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ജീവനക്കാർ, പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെയെല്ലാം പെൻഷൻകാരും കുടുംബ പെൻഷൻകാരും ആശ്രിതരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കൾ.

പരിരക്ഷ

പദ്ധതിയുടെ കാലാവധി 3 വർഷമാണ്. മൂന്നുതരം പരിരക്ഷയായിരിക്കും ലഭിക്കുക.

  • ഓരോ കുടുംബത്തിനും പ്രതിവർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ലഭ്യമാകും.
  • അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നുവർഷക്കാലത്ത് ഒരുകുടുംബത്തിന് പരമാവധി 6 ലക്ഷം രൂപയുടെ അധിക പരിരക്ഷയുണ്ട‌്. പ്രതിവർഷം 2 ലക്ഷം രൂപ നിരക്കിൽ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമെയായിരിക്കും ഇത്.
  • അധിക പരിരക്ഷയും ഗുരുതരരോഗ ചികിത്സാച്ചെലവിന് തികയുന്നില്ലെങ്കിൽ, ഇതിനുപുറമെ പോളിസി കാലയളവിൽ പരമാവധി ഒരുകുടുംബത്തിന് 3 ലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി പ്രതിവർഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും

പ്രീമിയം 250 രൂപ

ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി 3 വർഷം. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസം 250 രൂപ വീതം പ്രീമിയം പിടിക്കും. പെൻഷൻകാർക്കു മെഡിക്കൽ അലവൻസായി നൽകി വരുന്ന 300 രൂപയിൽ നിന്നു പ്രീമിയം തുക കുറവു ചെയ്യും. ഔട്ട് പേഷ്യന്റ് ചികിത്സകൾക്കു നിലവിലുള്ള മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് പദ്ധതി തുടരും.

പദ്ധതിയുടെ ചുമതല റിലയൻസിന്

പദ്ധതിയുടെ ചുമതല റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്കു നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 5 കമ്പനികളാണു ടെൻഡറിൽ പങ്കെടുത്തത്: ബജാജ് അലയൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, നാഷനൽ ഇൻഷുറൻസ് എന്നിവയാണു മറ്റു കമ്പനികൾ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it