ഞങ്ങളുടെ നിക്ഷേപം ഇങ്ങനെയാണ്

നിക്ഷേപത്തില്‍ വലിയ റിസ്‌ക് എടുക്കാറില്ല

വിവേക് കൃഷ്ണ ഗോവിന്ദ്,

പാര്‍ട്ണര്‍, വര്‍മ & വര്‍മ ചാര്‍ട്ടേഡ്

എക്കൗണ്ടന്റ്‌സ്, പ്രസിഡന്റ്, കെ.എം.എ

ആദ്യ നിക്ഷേപം എന്നായിരുന്നു?

സിഎ ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്യുന്ന കാലത്ത് അതായത് 18ാം വയസിലാണ് ആദ്യമായി ബാങ്ക് എക്കൗണ്ട് തുടങ്ങുന്നത്. അതുവരെ പോക്കറ്റ് മണിയായി ലഭിക്കുന്നതൊക്കെ ചെലവാക്കുന്നതായിരുന്നു ശീലം. പിന്നീടാണ് ചെലവഴിക്കുന്നതിനൊപ്പം സേവ് ചെയ്യുക കൂടി വേണം എന്ന ചിന്തയുണ്ടായത്. ആദ്യത്തെ അതേ ബാങ്ക് എക്കൗണ്ടാണ് എനിക്ക് ഇപ്പോഴുമുള്ളത്.

വരുമാനത്തിന്റെ എത്ര ശതമാനം നിക്ഷേപിക്കും?

30 ശതമാനത്തോളം

ഓഹരിയില്‍ നിക്ഷേപിക്കാറുണ്ടോ?

ഓഹരിവിപണിയെക്കുറിച്ച് വളരെ ഗൗരവമായി നോക്കിക്കാണുകയും പഠിക്കുകയും അതിനെക്കുറിച്ച് ഉപദേശങ്ങള്‍ വരെ കൊടുക്കുന്നയാളാണ് ഞാന്‍. എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപിക്കാറില്ല. എന്നാല്‍ മ്യുച്വല്‍ ഫണ്ട്, എസ്.ഐ.പി സ്‌കീമുകളിലെനിക്ക് നിക്ഷേപമുണ്ട്

നിക്ഷേപത്തില്‍ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടോ?

വലിയ നഷ്ടങ്ങളില്ല. കാരണം ഞാന്‍ നിക്ഷേപത്തില്‍ അത്ര വലിയ റിസ്‌ക് എടുക്കാറില്ല. അതുകൊണ്ടുതന്നെ വിവിധതരം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ എടുത്തിട്ടുണ്ട്.

ആര്‍ട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടോ?

എനിക്ക് വളരെ താല്‍പ്പര്യമുള്ള മേഖലയാണ് ആര്‍ട്ട്. അതിനുവേണ്ടി പണം ചെലവഴിക്കാറുണ്ട്. എന്നാല്‍ അത് ഒരു നിക്ഷേപമല്ല.

സ്വന്തം നിക്ഷേപത്തില്‍ നിന്ന് പഠിച്ച പാഠം?

ബാലന്‍സ്ഡ് ആയി നിക്ഷേപിക്കുക. ഒരു മേഖലയിലും കൂടുതലായി പണം നിക്ഷേപിക്കാതെ വിവിധ നിക്ഷേപമാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക. പെട്ടെന്ന് പണം ആവശ്യം വന്നാല്‍ എടുക്കാവുന്ന രീതിയില്‍ ലിക്വിഡിറ്റി ഉള്ള നിക്ഷേപങ്ങളും വേണം. ധാരാളം പണമുണ്ടായിട്ടും ആവശ്യനേരത്ത് ഇല്ലാതെ വരുന്ന അനേകരെ കണ്ടിട്ടുണ്ട്.

യുവാക്കളോടുള്ള ഉപദേശം?

ജീവിതം ആസ്വദിക്കുക. ഒപ്പം നിക്ഷേപിക്കുന്നതിനായി വരുമാനത്തിന്റെ നിശ്ചിത വിഹിതം മാറ്റിവെക്കുക.

റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമുണ്ട്

കിരണ്‍ വര്‍ഗീസ്

ഡയറക്റ്റര്‍- ഓപ്പറേഷന്‍സ്, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്

ആദ്യ നിക്ഷേപം ഏതായിരുന്നു?

പഠനശേഷം ചെന്നൈയില്‍ കൊഗ്നിസന്റിലാണ് എനിക്ക് ആദ്യ ജോലി ലഭിക്കുന്നത്. ആദ്യകാലങ്ങളില്‍ നിക്ഷേപിക്കാനുള്ള തുകയൊന്നും ഉണ്ടാകുമായിരുന്നില്ല. 24 ാം വയസില്‍ കൊച്ചിയില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതാണ് ആദ്യ നിക്ഷേപം.

വരുമാനത്തിന്റെ എത്ര ശതമാനം നിക്ഷേപിക്കും?

വരുമാനത്തിന്റെ 15-20 ശതമാനത്തോളം നിക്ഷേപിക്കുന്നത്.

ഇപ്പോഴത്തെ പ്രധാന നിക്ഷേപമേഖല ഏതാണ്?

ഭൂമിയിലാണ് കൂടുതലായും നിക്ഷേപിക്കുന്നത്. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള എളുപ്പവും മൂല്യവര്‍ധനയ്ക്കുള്ള സാധ്യതയുമാണ് ഇതിന് പ്രധാന കാരണം.

ഓഹരി വിപണിയില്‍ നിക്ഷേപിക്കാറുണ്ടോ?

റിസ്‌കുള്ള നിക്ഷേപമാര്‍ഗങ്ങളിലൊന്നും തന്നെ ഇതുവരെ നിക്ഷേപിച്ചിട്ടില്ല. എന്നാല്‍ ഇനി ചെറിയ റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമുണ്ട്. നല്ല ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമൊക്കെ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. അതുപോലെ തന്നെ മൂന്നു വയസുള്ള മകള്‍ക്കായി നല്ലൊരു ചൈല്‍ഡ് പ്ലാന്‍ എടുക്കാന്‍ പദ്ധതിയുണ്ട്. റിട്ടയര്‍മെന്റ് പ്ലാനും വേണം.

നിക്ഷേപത്തിലെ ഗുരു?

വാറന്‍ ബഫറ്റ് അദ്ദേഹത്തിന്റെ പങ്കാളിയെന്നു വിശേഷിപ്പിച്ചിട്ടുള്ള ചാര്‍ലി മംഗര്‍ എന്ന പ്രമുഖ നിക്ഷേപകന്റെ രീതി വായിച്ചിട്ടുണ്ട്. അതുപോലെ തന്നെ നിക്ഷേപകാര്യങ്ങളില്‍ ആഴത്തില്‍ അറിവുള്ള ഒരു ആന്റിയാണ് എന്റെ മെന്റര്‍.

യുവാക്കളോടുള്ള ഉപദേശം?

നിക്ഷേപിക്കുന്ന ശീലം തുടക്കം മുതലേ വളര്‍ത്തിയെടുക്കുക. പെട്ടെന്ന് പണം ഇരട്ടിക്കുന്ന മാര്‍ഗങ്ങള്‍ നോക്കി പോകരുത്. വളരെ നേരത്തെ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും എടുക്കുക. നേരത്തെ എടുത്താല്‍ പ്രീമിയം വളരെ കുറവായിരിക്കും.

നിക്ഷേപം എപ്പോഴും ഒരു ഗോളിനെ ലക്ഷ്യമിട്ടുകൊണ്ട

കൗഷിക് ജി.പി

ഡയറക്ടര്‍, ജിഫാബ് ഫസാഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം

നിക്ഷേപത്തില്‍ ശ്രദ്ധിക്കുന്ന ഘടകങ്ങള്‍?

സാധാരണ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റാണ് ആദ്യം നോക്കുക. രണ്ടാമതായി റിസ്‌ക്. കാരണം ഏതൊരു നിക്ഷേപത്തിനും ഒരു റിസ്‌ക് ഫാക്ടര്‍ ഉണ്ടാകും.

ആദ്യത്തെ നിക്ഷേപം എന്തിലായിരുന്നു?

ഇന്‍ഷുറന്‍സില്‍. ഏറ്റവും റിസ്‌ക് കുറഞ്ഞ ഒരു മേഖലയാണിത്. മാത്രമല്ല ലൈഫ് ഇന്‍ഷുറന്‍സിലെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെയും നിക്ഷേപം നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ്.

ആദ്യ നിക്ഷേപ തുക?

ലൈഫ് ഇന്‍ഷുറന്‍സില്‍ ഏകദേശം 10 ലക്ഷം രൂപ.

നിക്ഷേപമുള്ള മേഖലകള്‍ ഏതൊക്കെ?

സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട്‌സ്, ബോണ്ടുകള്‍ തുടങ്ങിയവ

വലിയൊരു നിക്ഷേപം നടത്തിയിട്ടുള്ള മേഖല?

മ്യൂച്വല്‍ ഫണ്ടുകള്‍. ബിര്‍ല മ്യൂച്വല്‍ ഫണ്ട്‌സ്, എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട്‌സ് തുടങ്ങിയവയില്‍ നിക്ഷേപമുണ്ട്.

വരുമാനത്തിന്റെ എത്ര ശതമാനമാണ് നിക്ഷേപത്തിനായി ഉപയോഗിക്കുന്നത്?

അടുത്തകാലത്താണ് ഞാനൊരു പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കി നിക്ഷേപം നടത്താന്‍ ആരംഭിച്ചത്. വരുമാനത്തിന്റെ ഏകദേശം 50 മുതല്‍ 60 ശതമാനം വരെ നിക്ഷേപിക്കാറുണ്ട്.

നിക്ഷേപത്തിനായി പിന്തുടരുന്ന തത്വം?

നിക്ഷേപങ്ങളെല്ലാം എപ്പോഴും ഒരു ഗോളിനെ അടിസ്ഥാനമാക്കിയായിരിക്കണം. നമുക്ക് എന്തൊക്കെ ആവശ്യങ്ങള്‍ എപ്പോഴൊക്കെ ഉണ്ടാകുമെന്ന് മനസിലാക്കാനും നിശ്ചിത ഗോളുകള്‍ സെറ്റ് ചെയ്യുന്നതിനും കുടുംബവുമായി ആലോചിക്കുന്നതും ഗുണകരമായിരിക്കും.

ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടോ?

മുന്‍പുണ്ടായിരുന്നു. പക്ഷെ ഇപ്പോഴില്ല. പണപ്പെരുപ്പം കാരണം അതില്‍ നിന്നും മികച്ച വരുമാനം നേടാനാകില്ല.

നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് ഓഹരികളിലിടുന്നത്?

മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്.

ബിറ്റ്‌കോയിന്‍ പോലുള്ള പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?

ഇല്ല. എന്നാല്‍ ബിറ്റ്‌കോയിനെക്കുറിച്ചും ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെക്കുറിച്ചുമൊക്കെ ഞാന്‍ കൂടുതലായി പഠിക്കുന്നുണ്ട്.

പെട്ടെന്ന് നടത്തിയ നിക്ഷേപങ്ങളുണ്ടോ?

ഇല്ല. പെട്ടെന്നുള്ള ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരിക്കലും നിക്ഷേപം നടത്താറില്ല.

ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തന്ന നിക്ഷേപം?

ഓഹരികളാണവ. ഉദാഹരണത്തിന് വളരെ പ്രശസ്തവും മികച്ച അടിത്തറയുമുള്ള എല്‍&ടി, എസ്.ബി.ഐ തുടങ്ങിയ ഓഹരികളില്‍ എനിക്ക് നിക്ഷേമുണ്ട്.

നിക്ഷേപത്തിന്റെ പകുതിയും റിയല്‍ എസ്റ്റേറ്റില്‍

ഷാഹുല്‍ പനക്കല്‍

മാനേജിംഗ് ഡയറക്റ്റര്‍, പൊന്നൂസ് ഓണ്‍ലൈന്‍, മലപ്പുറം

ആദ്യ നിക്ഷേപം എവിടെയായിരുന്നു

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സഞ്ചയികയില്‍ ചേര്‍ന്നതാണ് ആദ്യ നിക്ഷേപാനുഭവം.

വരുമാനത്തിന്റെ എത്ര ശതമാനം നിക്ഷേപിക്കുന്നു?

80 ശതമാനവും വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നു

ബാങ്ക് നിക്ഷേപങ്ങളുണ്ടോ?

ലിക്വിഡ് ഫണ്ടായി ആവശ്യം വരുമ്പോള്‍ പെട്ടെന്ന് എടുക്കാന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നുണ്ടോ?

ഉണ്ട്. ആകെ നിക്ഷേപത്തിന്റെ പകുതിയും റിയല്‍ എസ്റ്റേറ്റിലാണ്.

ബിറ്റ്‌കോയ്ന്‍ പോലുള്ള പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ പരീക്ഷിക്കാറുണ്ടോ?

ഉണ്ട്. അതിന്റെ സാധ്യതകള്‍ പഠിച്ചു വരികയുമാണ്

അപ്രതീക്ഷിതമായി നടത്തിയ ഒരു നിക്ഷേപം?

ദുബായിയില്‍ ഒരു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ നല്‍കാനായി കരാര്‍ ലഭിച്ചു. അതു കഴിഞ്ഞപ്പോള്‍ അതേ കമ്പനിയുടെ പാര്‍ട്ണര്‍ ആയി മാറി.

ആദ്യമായി നഷ്ടം ഉണ്ടാക്കിയ നിക്ഷേപം?

ഓഹരി വിപണിയാണ് നഷ്ടം വരുത്തിയത്. സത്യം കംപ്യൂട്ടേഴ്‌സിലെ നിക്ഷേപം നഷ്ടം വരുത്തി.

ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തന്ന നിക്ഷേപം?

റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലുമുള്ള നിക്ഷേപം

സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ടോ? ഏത് കമ്പനി?

ഉണ്ട്. quadcircles.com എന്ന ഐ.റ്റി കമ്പനിയില്‍

നിക്ഷേപത്തില്‍ ശ്രദ്ധിക്കുന്ന കാര്യം?

നഷ്ടസാധ്യത കുറഞ്ഞതും മികച്ച വരുമാനം തരുന്നതുമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും.

Related Articles

Next Story

Videos

Share it