പുതുതായി മൂന്നുതരം വായ്പകള്‍ സംരംഭകര്‍ക്ക് താങ്ങായി കെഎഫ്‌സി

ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് കൈത്താങ്ങുമായി കേരള ഫിനാന്‍സ് കോര്‍പറേഷന്‍. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മൂന്നു തരത്തിലുള്ള വായ്പകളാണ് കെഎഫ്‌സി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കൊവിഡ് 19 വ്യാപനം തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ലളിതമായ വ്യവസ്ഥകളോടെ അഞ്ചു കോടി രൂപ വരെ വായ്പ നല്‍കുന്നതാണ് അതില്‍ ആദ്യത്തേത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റു സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഈ വായ്പ പ്രയോജനപ്പെടുത്താനാകും.

രണ്ടാമത്തെ വായ്പ, നിലവില്‍ വായ്പയെടുത്തിട്ടുള്ള സംരംഭങ്ങള്‍ക്ക് ടോപ്പ് അപ്പ് എന്ന നിലയില്‍ എടുക്കാവുന്നവയാണ്. ഇതിനായി പ്രത്യേകം ഈട് വെക്കേണ്ട ആവശ്യമില്ല.
ഏതൊരു എംഎസ്എംഇ സംരംഭങ്ങള്‍ക്കും 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് മൂന്നാമത്തെ പദ്ധതി. എംഎസ്എംഇ യൂണിറ്റുകള്‍ക്ക് പുറമേ എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് വായ്പാ തുക നിശ്ചയിക്കുക. തിരിച്ചടവിനായി 36 മാസത്തെ സാവകാശം ലഭിക്കും. ആദ്യത്തെ 12 മാസത്തിനു ശേഷമേ തിരിച്ചടവ് തുടങ്ങുകയുമുള്ളൂ.

നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് പാക്കേജിന്റെ ഭാഗമായുള്ള മൊറട്ടോറിയവും കെഎഫ്‌സി നല്‍കി വരുന്നുണ്ട്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ഭാഗമായി നിരക്കിലുണ്ടാകുന്ന മാറ്റത്തിന്റെ ആനൂകൂല്യം കൂടി മൊറട്ടോറിയം കാലാവധിക്ക് ശേഷം സംരംഭകര്‍ക്ക് ലഭ്യമാക്കുമെന്ന് കെഎഫ്‌സി അധികൃതര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it