Top

ഇവ ശ്രദ്ധിക്കൂ, സ്ത്രീകള്‍ക്കും നേടാം സാമ്പത്തിക സ്വാതന്ത്ര്യം

ആരോഗ്യം പോലെ പ്രധാനമാണ് സാമ്പത്തിക കെട്ടുറപ്പ് ഉണ്ടാക്കുക എന്നതും. ഓരോ വര്‍ഷവും നമ്മള്‍ കരുതും അടുത്ത വര്‍ഷം മുതല്‍ സൂക്ഷിച്ച് ചെലവഴിക്കുകയും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും വേണമെന്ന്. പക്ഷേ കാര്യങ്ങള്‍ പഴയപടി തന്നെയാവും. ഇതാ പുതുവര്‍ഷത്തില്‍ പണം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കുറച്ചു ടിപ്‌സ്...

1. ഒരു ബജറ്റ് ഉണ്ടാക്കുക

ഓരോ സാമ്പത്തിക ആസൂത്രണവും തുടങ്ങുന്നത് നല്ലൊരു ബജറ്റ് തയാറാക്കുന്നതിലൂടെയാണ്. പലതരത്തിലുള്ള ബില്ലുകള്‍, പലചരക്കു സാധനങ്ങള്‍ വാങ്ങല്‍, സ്‌കൂള്‍ ഫീസ്, വാടക തുടങ്ങിയവയ്‌ക്കൊക്കെ എത്ര തുക വേണ്ടി വരുമെന്ന് കണക്കാക്കുക. ഇതിനൊപ്പം പലവകയായി ചെലവഴിക്കാനൊരു തുക കൂടി കൂട്ടുക. ഓരോ മാസത്തേക്കുമുള്ള ചെലവ് കണക്കാക്കി തുക മാറ്റി വെക്കുക. ബാക്കിയുള്ളവ എമര്‍ജന്‍സി ഫണ്ടിലേക്കോ, യാത്രാ ചെലവിലേക്കോ, സേവിംഗ്‌സിലേക്കോ മാറ്റി വെക്കാനാകും.

2. പണം സ്വന്തമായി കൈകാര്യം ചെയ്യുക

സാധാരണയായി സ്ത്രീകള്‍ അവരുടെ വരുമാനം അച്ഛനേയോ, ഭര്‍ത്താവിനേയോ മറ്റു ഏല്‍പ്പിക്കുകയാണ് ഇന്ത്യന്‍ രീതി. അങ്ങനെ ചെയ്യാതിരിക്കുക. മറ്റൊരാള്‍ക്കു വേണ്ടി നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം അടിയറ വെക്കാതിരിക്കുക. ചെലവിടുന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചിക്കാം പക്ഷേ തീരുമാനം നിങ്ങളുടേത് തന്നെയായിരിക്കുന്നതാണ് ഉചിതം.

3. ബുദ്ധിപരമായി നിക്ഷേപിക്കാം

കുടുംബവും കുട്ടികളും പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ സാമ്പത്തിക സുരക്ഷയും. നേരത്തെ നിക്ഷേപിച്ചു തുടങ്ങുക. ചെറിയ റിക്കറിംഗ് ഡിപ്പോസിറ്റുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, എസ്‌ഐപി എന്നിവയിലൊക്കെ നിക്ഷേപിച്ചു തുടങ്ങാം. കോംപൗണ്ടിംഗിന്റെ സാധ്യതകള്‍ ഇതിലൂടെ പ്രയോജനപ്പെടുത്താം. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും നല്ലതു തന്നെ.

4. ചെലവ് വെട്ടിച്ചുരുക്കാം

അനാവശ്യ ചെലവുകള്‍ കണ്ടെത്തുക. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പുറത്തു നിന്ന് ഭക്ഷണം കഴിക്കാം. ഷോപ്പിംഗ് കുറയ്ക്കാം. കഫേകളിലും പബുകളിലും വെച്ച് ആകുന്നതിനു പകരം സുഹൃത്തുക്കളുമായി വീട്ടില്‍ വെച്ച് കൂടിക്കാഴ്ചയാവാം. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിനായി അപ്പപ്പോള്‍ നല്‍കാതെ മാസം നിശ്ചിത തുകയെന്ന് നിശ്ചയിച്ച് ചെലവിടുക. അത്യാവശ്യമല്ലാത്തവയ്ക്ക് ചെലവിടാതിരിക്കുന്നതിലൂടെ നിങ്ങള്‍ വലിയൊരു തുക മിച്ചം വെക്കാനാകുമെന്ന് അനുഭവിച്ചറിയാനാകും.

5. മറ്റു വരുമാന മാര്‍ഗങ്ങള്‍

പണപ്പെരുപ്പം കൂടി വരികയാണ്. ഒരു വരുമാനം കൊണ്ടൊന്നും പിടിച്ചു നില്‍ക്കാനാകില്ല. ചിലപ്പോള്‍ രണ്ടു സോഴ്‌സുകളില്‍ നിന്നുള്ള വരുമാനം പോലും തികയില്ല. നിങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി വരുമാനം കണ്ടെത്താന്‍ ശ്രമിക്കുക. കേക്ക് ഉണ്ടാക്കാനാകുമെങ്കില്‍ ആഴ്ചാവസാനം അതുണ്ടാക്കി വില്‍ക്കാം. നന്നായി പാചകം ചെയ്യാനാകുമെങ്കില്‍ ഭക്ഷണമുണ്ടാക്കി നല്‍കാം. ഇ കൊമേഴ്‌സ് സൈറ്റുകള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കാം.

6. കടം വീട്ടാന്‍ പ്ലാന്‍ തയാറാക്കുക

കടമില്ലാതെയിരിക്കുക എന്നത് പ്രധാനമാണ്. ഭവന വായ്പയോ കാര്‍ വായ്പയോ ബിസിനസ് വായ്പയോ ആകാം, എത്രയും പെട്ടന്ന് അടച്ചു തീര്‍ക്കാന്‍ ശ്രമിക്കുക. ഇഎംഐക്ക് പുറമേ ചെറിയൊരു തുക കൂടി അധികം മാറ്റി വെച്ചാല്‍ വായ്പ അടച്ചു തീര്‍ക്കാന്‍ പ്രയോജനപ്പെടുത്താം.

7. ഇന്‍ഷുറന്‍സ് വാങ്ങാം

നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കാം. ഹോസ്പിറ്റലില്‍ ചെലവാകുന്ന വലിയൊരു തുക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലൂടെ ലാഭിക്കാനാകും. ഒരു എന്‍ഡോവ്‌മെന്റ് പ്ലാന്‍ തെരഞ്ഞെടുക്കുന്നതിലൂടെ ലൈഫ് കവറും സേവിംഗ്‌സുമാകും.

8. റിട്ടയര്‍മെന്റ് പ്ലാന്‍ തയാറാക്കുക

നിങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മികച്ചൊരു റിട്ടയര്‍മെന്റ് പ്ലാനില്‍ ചേരുക. മികച്ചൊരു മന്ത്‌ലി ഇന്‍കംപ്ലാനില്‍ ചേര്‍ന്ന് ഭാവിയിലേക്ക് മികച്ചൊരു തുക സമാഹരിക്കാം. ഇത് റിട്ടയര്‍മെന്റ് ജീവിതം ആയാസരഹിതമാക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it