വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം, നിങ്ങള്‍ അറിയേണ്ടതെല്ലാം

കൊറോണ വൈറസ് സാമ്പത്തികമേഖലയിലുണ്ടാക്കിയ ആഘാതം സാധാരണക്കാരുടെ ഉപജീവനമാര്‍ഗങ്ങള്‍ പോലും സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് എടുത്ത ആശ്വാസനടപടികളിലൊന്നാണ് വായ്പ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. അതേക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

$ മോറട്ടോറിയം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

വായ്പാ തിരിച്ചടവുകള്‍ക്ക് മോറട്ടോറിയം എന്നാല്‍ മൂന്ന് മാസത്തേക്ക് വായ്പകളുടെ മാസവരി അഥവാ ഇഎംഐ അടയ്‌ക്കേണ്ടതില്ല. അതുകൊണ്ട് ബാങ്കുകള്‍ പിഴ ഈടാക്കുകയില്ല.

$ ഏതൊക്കെ തരം വായ്പകള്‍ക്കാണ് ബാധകമാകുന്നത്?

ഭവനവായ്പ, വാഹനവായ്പ, പേഴ്‌സണല്‍ ലോണ്‍, വിദ്യാഭ്യാസവായ്പ തുടങ്ങിയ ടേം ലോണ്‍ വിഭാഗത്തില്‍പ്പെടുന്ന എല്ലാ വായ്പകള്‍ക്കും ഈ അനുകൂല്യം ലഭ്യമാകും. ഗൃഹോപകരണങ്ങള്‍ വാങ്ങാനെടുത്ത വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

$ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ഇഎംഐ മൂന്ന് മാസത്തേക്ക് അടയ്ക്കാത്തതുകൊണ്ട് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ഒരു രീതിയിലും ബാധിക്കില്ല. ഇക്കാര്യം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

$ ബാങ്കുകള്‍ക്ക് മാത്രമാണോ?

ബാങ്കുകള്‍ക്ക് മാത്രമല്ല, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. റൂറല്‍ ബാങ്കുകള്‍, ചെറുകിട ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ അടക്കമുള്ള എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എന്‍ബിഎഫ്‌സികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

$ മുതലും പലിശയും ഉള്‍പ്പെടുന്നുണ്ടോ?

മുതലും പലിശയും അടയ്ക്കം ഇഎംഐ മൂന്ന് മാസത്തേക്ക് അടയ്‌ക്കേണ്ടതില്ല. ബാങ്കുകള്‍ ഇത് എപ്രകാരമാണെന്ന് നടപ്പില്‍വരുത്തുന്നത് എന്ന കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത വരാനുണ്ട്.

$ ഇത് മാസവരിയിലുള്ള ഇളവാണോ?

ഇതിനര്‍ത്ഥം മൂന്ന് മാസത്തെ ഇഎംഐ ഒരിക്കലും അടയ്‌ക്കേണ്ടന്നല്ല. അത് നീട്ടിവെക്കുന്നുവെന്ന് മാത്രം. മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായ്പാ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താല്‍പ്പര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തില്‍ ക്രമീകരിക്കുകയോ ചെയ്യണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

$ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഇതില്‍പ്പെടുന്നുണ്ടോ?

ടേം ലോണുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നില്ല എന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് മോറട്ടോറിയം ലഭിക്കില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it