നികുതിയിളവ്, ഉയർന്ന സർക്കാർ വിഹിതം; അടിമുടി മാറ്റങ്ങളോടെ  എൻപിഎസ്   

എന്താണ് പുതിയ മാറ്റങ്ങൾ, ആർക്കൊക്കെ എന്‍പിഎസിൽ ചേരാം, എന്താണിതിന്റെ നടപടിക്രമങ്ങൾ?

retirement pension plan

റിട്ടയര്‍മെന്റ് സേവിംഗ്‌സ് അക്കൗണ്ടായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എൻപിഎസിന് അടിമുടി മാറ്റങ്ങൾ. പിൻവലിക്കുന്ന തുകയ്ക്ക് പൂർണ  നികുതിയിളവും, കേന്ദ്രഗവൺമെന്റ് ജീവനക്കാർക്ക് 14 ശതമാനം സർക്കാർ വിഹിതവും ആണ് പ്രധാന മാറ്റങ്ങൾ.

മാറ്റങ്ങൾ
 • വിരമിക്കുമ്പോൾ എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു.
 • വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന 60 ശതമാനം തുകയ്ക്കും ഇനി നികുതിയിളവ് ലഭിക്കും (മുൻപ് ഇളവ് ലഭിച്ചിരുന്നത് 40 ശതമാനം തുകയ്ക്ക് മാത്രമായിരുന്നു).
 • ബാക്കിയുള്ള 40 ശതമാനം തുക ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ഈ തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
 • ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി ഉയര്‍ത്തി.
 • ജീവനക്കാർക്ക് എൻപിഎസ് ഫണ്ടിന്റെ 50 ശതമാനം ഓഹരി വിപണിയിൽ നിക്ഷേപിക്കാം. മുൻപ് ഇത് 15 ശതമാനം ആയിരുന്നു.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
 • 2004ൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച എൻപിഎസ് പിന്നീട് എല്ലാവ‍ർക്കുമായി തുറന്നു കൊടുക്കുകയായിരുന്നു.
 • 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും (എന്‍ആര്‍ഐകൾ ഉൾപ്പെടെ) എന്‍പിഎസിൽ ചേരാം.
 • ഉപഭോക്താവ് കെ വൈ സി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം
 • രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകൾ, പോസ്റ്റോഫീസുകൾ തുടങ്ങി പിഎഫ്ആർഡിഎ അംഗീകരിച്ചിട്ടുളള സേവനദാതാക്കൾ തുടങ്ങിയവർ വഴി ഈ പദ്ധതിയിൽ അംഗമാകാം.
 • ചേരുമ്പോൾ ഒരു അക്കൗണ്ട് നമ്പർ ലഭിക്കും. ഈ അക്കൗണ്ടിൽ 70 വയസ് വരെ തുക അടച്ചുകൊണ്ടിരിക്കണം.
 • 60 വയസ് പൂർത്തിയാകുമ്പോൾ അക്കൗണ്ടിൽ ഉള്ള തുകയിൽനിന്ന് 40 ശതമാനം ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. 60 ശതമാനം ഒരുമിച്ചു വേണമെങ്കിൽ പിൻവലിക്കാം.
ഓൺലൈൻ രജിസ്ട്രേഷന് ചെയ്യേണ്ടത്
 • മൊബീൽ നമ്പർ, ഇമെയിൽ, നെറ്റ് ബാങ്കിംഗുള്ള ബാങ്ക് അക്കൗണ്ട്.
 • ആധാർ അല്ലെങ്കിൽ പാൻ
 • പാൻ നമ്പർ ആണ് നൽകുന്നതെങ്കിൽ പ്രാണ്‍ (PRAN) ആക്ടീവാക്കേണ്ടതാണ്.
 • ഓൺലൈനിൽ ആവശ്യപ്പെടുന്ന  വിവരങ്ങൾ പൂരിപ്പിച്ചു നൽകുക
 • ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുക
 • ഓണ്‍ലൈൻ പേമെന്‍റ് ആരംഭിക്കുക (കുറഞ്ഞ തുക 500 രൂപ)
 • ഫോം പ്രിന്‍റ് എടുത്ത് ഫോട്ടോയും ഒപ്പും നൽകി സെൻട്രൽ റെക്കോഡ് കീപ്പിങ്  ഏജൻസിയിൽ (CRA) സമർപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here