പാന്‍ ആധാര്‍ ലിങ്ക് ഇല്ലെങ്കില്‍ 10,000 രൂപ വീതം പിഴശിക്ഷ
മാര്‍ച്ച് 31 നു മുമ്പായി പാന്‍ കാര്‍ഡിനെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാതെ തുടര്‍ന്നും പാന്‍ നമ്പര്‍ ഉപയോഗിച്ച് നികുതി സാധ്യതയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയാല്‍ ആദായനികുതി വകുപ്പില്‍ നിന്ന് 10,000 രൂപ പിഴ വരാന്‍ സാധ്യത. ലിങ്ക് ചെയ്യാത്ത എല്ലാ പാന്‍ കാര്‍ഡുകളും 'പ്രവര്‍ത്തനരഹിതം' ആയി പ്രഖ്യാപിക്കുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അനുബന്ധമായാണ് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കാന്‍ വഴിയൊരുങ്ങുന്നതെന്ന് ബാങ്ക്ബസാര്‍ സിഇഒ അദില്‍ ഷെട്ടി പറഞ്ഞു .
ബാങ്കില്‍ 50,000 രൂപയ്ക്കു മുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടി വരും.വസ്തു വാങ്ങാനും വില്‍ക്കാനും പാന്‍ നമ്പര്‍ ആവശ്യമായി വരും.ഇത്തരം കാര്യങ്ങള്‍ക്ക് അസാധുവായ പാന്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.അതേസമയം, ബാങ്ക് അക്കൗണ്ട് തുറക്കുകയോ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുകയോ പോലുള്ള നികുതിയേതര ആവശ്യങ്ങള്‍ക്കായി ഐഡി തെളിവായി പാന്‍ കാര്‍ഡ് ഉപയോഗിച്ചതിന്റെ പേരില്‍ പിഴ ഈടാക്കാനാകില്ല.
എന്നിരുന്നാലും, പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നാല്‍ ആദായനികുതിയുടെ പരിധിയില്‍ വരുന്ന ഇടപാടുകള്‍ ഉണ്ടാകുമ്പോള്‍ പ്രശ്‌നമാകും. പാന്‍ 2020 ഏപ്രില്‍ 1 മുതല്‍ പിന്നീട് ലിങ്കുചെയ്യുന്ന സമയം വരെ പ്രവര്‍ത്തനരഹിതമാകും. അതേസമയം, പാന്‍ ആധാര്‍ എന്നിവ തുടര്‍ന്നും ലിങ്കു ചെയ്യുന്ന തീയതിക്ക് ശേഷം പിഴകളൊന്നും ബാധകമല്ല. പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുള്ളവര്‍, ലിങ്കിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പുതിയ പാന്‍ കാര്‍ഡിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള പാന്‍ കാര്‍ഡ് വീണ്ടും സാധുതയുള്ളതായിത്തീരും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline