ഒഴിവാക്കേണ്ട അഞ്ച് സാമ്പത്തിക അബദ്ധങ്ങള്‍

സാമ്പത്തിക പ്രശ്‌നങ്ങളില്ലാതെ ജീവിക്കണമെങ്കില്‍ ചെലവ് നിയന്ത്രിച്ച്, കടം കുറച്ച്, നിക്ഷേപം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ സാമ്പത്തികമായി അറിവുള്ളവര്‍ പോലും വരുത്തുന്ന ചില അബദ്ധങ്ങളുണ്ട്. അതാകട്ടെ സാമ്പത്തിക നില തന്നെ തകിടം മറിക്കാവുന്നതായി തീരാം. അത്തരത്തില്‍ സാധാരണ സംഭവിക്കാറുള്ള ചില അബദ്ധങ്ങള്‍

1. പഠനം നടത്താതെ ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കല്‍

ഓഹരി വിപണിയുടെ പെട്ടെന്നുള്ള വീഴ്ച നിക്ഷേപകരെ സാരമായി ബാധിക്കും. ബജറ്റിനു ശേഷം ബ്ലൂ ചിപ്പ് കമ്പനികളുടേതടക്കം ഓഹരി വില ഇടിഞ്ഞിരുന്നു. അതേ സമയം മറ്റു പല ഓഹരികളുടെയും വില പല കാരണങ്ങളാല്‍ കൂടിയിട്ടുമുണ്ട്. പഠിച്ച് നിക്ഷേപിച്ചാല്‍ ഇത്തരം നഷ്ടം വരാതെ നോക്കാം.

2. വൈവിധ്യവല്‍കരണത്തിനായി ഒരുപാട് ഓഹരികള്‍

വൈവിധ്യവല്‍കരണം നിക്ഷേപത്തിന്റെ റിസ്‌ക് കുറയ്ക്കുവാന്‍ സഹായിക്കും. എന്നാല്‍ അത് ഏറിയാലും കുഴപ്പമാണ്. 15-20 ഓഹരികള്‍ വരെ ഇങ്ങനെ വാങ്ങുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഒരേ കാറ്റഗറിയില്‍ പെട്ട വിവിധ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നത് വൈവിധ്യവല്‍ക്കരണത്തില്‍ പെടില്ല.

3. അത്യാവശ്യ കാര്യങ്ങള്‍ക്കായി നിക്ഷേപിക്കുന്നില്ല

വര്‍ധിച്ചു വരുന്ന ജീവിത ചെലവുകളും ചെലവഴിക്കാനുള്ള വൈവിധ്യ മാര്‍ഗങ്ങളും പുതുതലമുറയെ അടിസ്ഥാന ആവശ്യങ്ങള്‍ മറക്കാന്‍ ഇടയാക്കുന്നു. ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ് സേവിംഗ് പോലുള്ള കാര്യങ്ങള്‍ക്ക് അവര്‍ ശ്രദ്ധകൊടുക്കുന്നില്ല. ഭാവിയില്‍ അപ്രതീക്ഷിതമായി എത്തുന്ന ചെലവുകളും സാമ്പത്തിക ആവശ്യങ്ങളും കണ്ടറിഞ്ഞ് നിക്ഷേപം നടത്തുകയാണ് വേണ്ടത്.

4. നികുതി ലാഭിക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി

ആവശ്യമില്ലെങ്കിലും നികുതി ലാഭിക്കാനായി മാത്രം ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവരുണ്ട്. എന്നാല്‍ പലതും ആവശ്യമായ കവര്‍ നല്‍കുന്നതോ മികച്ച റിട്ടേണ്‍ നല്‍കുന്നവയോ അല്ല. നികുതി ലാഭിക്കല്‍ മാത്രമാകരുത് പോളിസിയെടുക്കലിലെ ലക്ഷ്യം.

5. കടത്തെ മറക്കുന്നു

ക്രെഡിറ്റ് കാര്‍ഡ് മുഖേന ഇടപാടു നടത്തുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. ക്രെഡിറ്റ് കാര്‍ഡ് നിരക്കുകളെ കുറിച്ച് ബോധവാന്മാരായിരിക്കുക, ബാങ്കില്‍ നിന്ന് ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റുകള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ എന്നിവയെ അവഗണിക്കാതിരിക്കുക തുടങ്ങിയ കരുതലുകള്‍ എടുത്തിരിക്കണം.


Related Articles

Next Story

Videos

Share it