റിട്ടയര്‍മെന്റിനു ശേഷവും സ്ഥിര വരുമാനം വേണോ? പ്രധാനമന്ത്രി വയ വന്ദന യോജനയെക്കുറിച്ചറിയാം

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേല്‍ നോട്ടം വഹിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. വര്‍ഷം 8 ശതമാനം റിട്ടേണ്‍ പദ്ധതി ഉറപ്പു നല്‍കുന്നു. 10 വര്‍ഷത്തേക്ക് മാസാമാസം പെന്‍ഷന്‍ തുക ലഭിക്കും. വരിക്കാര്‍ക്ക് മാസത്തിലോ, ത്രൈമാസത്തിലോ, ആറുമാസത്തിലോ, വര്‍ഷ ത്തിലോ അവരുടെ താല്‍പ്പര്യമനുസരിച്ച് പേമെന്റ് തെരഞ്ഞെടുക്കാം..

നിക്ഷേപ തുക: ഗവണ്‍മെന്റ് വിജ്ഞാപനപ്രകാരം വരിക്കാര്‍ക്ക് 15 ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. ഒരാള്‍ക്ക് നിക്ഷേപിക്കാവുന്ന പരിധി മാത്രമാണിത്. ഭാര്യയ്ക്കും 60 വയസിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ അവരുടെ പേരിലും 15 ലക്ഷം രൂപ നിക്ഷേപിക്കാനാകും. മാസം 1000 രൂപ പെന്‍ഷനായി ലഭിക്കണമെങ്കില്‍ നിക്ഷേപിക്കേണ്ടത് 1,50,000 രൂപയാണ്.

നേട്ടം: പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത് 8 ശതമാനം നേട്ടമാണ്. മന്ത്‌ലി പെന്‍ഷന്‍ സ്‌കീമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍8 ശതമാനം വാര്‍ഷിക പലിശ എന്നു പറയുന്നത് 8.3 ശതമാനമായിരിക്കും. ഇതൊരു പെന്‍ഷന്‍ പ്ലാന്‍ ആയതിനാല്‍ ജിഎസ്ടിയോ മറ്റു സര്‍വീസ് ചാര്‍ജുകളോ ഈടാക്കാറില്ല. എന്നാല്‍ പദ്ധതിക്ക് നികുതി ഇളവൊന്നുമില്ല. ഇതില്‍ നിന്നു ലഭിക്കുന്ന നേട്ടം നികുതി വിധേയമാണ്.

വായ്പ, മുന്‍കൂര്‍ പിന്‍വലിക്കല്‍: അപ്രതീക്ഷിത സാഹചര്യങ്ങളുണ്ടായാല്‍ അതിനെ നേരിടാനായി വരിക്കാര്‍ മൂന്നു വര്‍ഷം പോളിസി കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ നി ക്ഷേപ തുകയുടെ 75 ശതമാനം വരെ വായ്പയെടുക്കാന്‍ അനുവദിക്കുന്നുണ്ട്.

അതേപോലെ വരിക്കാരനോ പങ്കാളിക്കോ മാരകമായ അസുഖങ്ങള്‍ പിടിപെടുകയാണെങ്കില്‍ കാലാവധിക്കു മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പോളിസി ഉടമയ്ക്ക് നിക്ഷേപ തുകയുടെ 98 ശതമാനം തിരിച്ചു നല്‍കും. മുന്‍കൂര്‍ പിന്‍വലിക്കലിന് രണ്ടു ശതമാനം പെനാല്‍റ്റി ഈടാക്കും.

പെന്‍ഷന്‍: ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാണ്. പ്രിന്‍സിപ്പല്‍ തുക അനുസരിച്ച് ഇത് മാസം 10,000 രൂപ വരെ ലഭിക്കും. പദ്ധതി പ്രകാരം 1000 രൂപ മാസം ലഭിക്കണമെങ്കില്‍ 1,50,000 രൂപ നിക്ഷേപിക്കണം. 15,00000 രൂപ നിക്ഷേപിച്ചാല്‍ മാസം 10000 രൂപ മാസ വരുമാനം നേടാനാകും. പോളിസി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അവസാന പെന്‍ഷനോടൊപ്പം നിക്ഷേപ തുക തിരികെ ലഭിക്കും.

പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പോളിസി ഉടമ മരണപ്പെട്ടാല്‍ നിക്ഷേപ തുക നോമിനേറ്റ് ചെയ്തിട്ടുള്ള ആളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. വരിക്കാരന്റെ പ്രായത്തെ ആശ്രയിച്ചല്ല പെന്‍ഷന്‍ തുക എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

സ്‌കീം വാലിഡിറ്റി: 2018 ല്‍ പ്രഖ്യാപിച്ച ബജറ്റ് പ്രകാരം 2020 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ അംഗമാകാം.

Related Articles

Next Story

Videos

Share it