പണമുണ്ടാക്കുന്നതിലെ രഹസ്യം

സി.രാധാകൃഷ്ണന്‍

പണമുണ്ടാക്കണമെന്ന ആഗ്രഹമില്ലാത്തവര്‍ ഇക്കാലത്ത് നന്നേ കഷ്ടിയാണല്ലോ. അതിന് ശ്രമിക്കാത്തവരുടെ എണ്ണവും കുറവാണ്. എന്നിട്ടും വളരെ കുറച്ചുപേര്‍ക്ക് മാത്രമേ പണം ധാരാളമായി ഉണ്ടാകാറുള്ളൂ. എന്താണിതിന്റെ രഹസ്യം? ഇതേപ്പറ്റി ചിന്തിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് എന്റെ ഒരു കളിക്കൂട്ടുകാരനെയാണ്. സാഹസികനായ അവന്‍ പിന്നീട് വലിയ പണക്കാരനായി. അതിന്റെ അഹങ്കാരമൊന്നുമില്ലാതെ ഇന്നും കളിചിരിയോടെ അവന്‍ കഴിയുന്നുമുണ്ട്.

ഞങ്ങളൊരിക്കല്‍ പുഴയോരത്ത് കാടുതെണ്ടി നടക്കെ പുഴയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മാവില്‍ നിന്ന് വീണ ഒരു മാങ്ങ കിട്ടി. രുചിക്ക് പ്രസിദ്ധമായ മാവാണ്. ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു ആ സംഘത്തില്‍. മാങ്ങ മാവിന്‍തടയില്‍ മുട്ടി പതം വരുത്തി നീര് പങ്കിട്ട് ചപ്പിക്കുടിക്കാനാണ് ഞാനും മൂന്നാമനും ആഗ്രഹിച്ചത്. മറ്റേ കൂട്ടുകാരന്‍ പക്ഷേ, മറ്റൊരു നിര്‍ദേശം വെച്ചു. മാവില്‍ വേറെ മാങ്ങ കുലകുലയായി പഴുത്തു നില്‍പ്പുണ്ട്. മണല്‍ പ്രദേശമായതിനാല്‍ എറിയാന്‍ കല്ലില്ല. മാവില്‍ കയറിയാല്‍ അതിന്റെ ഉടമസ്ഥന്‍ കണ്ട് പ്രശ്‌നമാവും. അതിനാല്‍ മാങ്ങ കൊണ്ട് എറിയുക തന്നെ! എറിയുന്ന മാങ്ങ ലക്ഷ്യത്തില്‍ കൊള്ളാതിരുന്നാല്‍ പുഴയിലാണ് വീഴുക! അതോടെ അതും പോകും! ഏതായാലും ഉള്ള മൂലധനം ശരിയായി നിക്ഷേപിക്കാന്‍ തന്നെ തീരുമാനമായി. ഉന്നം പിഴയ്ക്കാത്ത ഏറുകാരന്‍ മൂന്നാമനാണ്. അവന്‍ ആ ജോലി ഫലപ്രദമായി ചെയ്തു. എറിഞ്ഞ മാങ്ങ ലക്ഷ്യത്തില്‍ ഏല്‍ക്കുകയാല്‍ മൂന്ന് മാങ്ങ കൂടി വീണുകിട്ടി. എന്നുമാത്രമല്ല, മാങ്ങകളില്‍ തട്ടിയതുകാരണം അത് പുഴയില്‍ പോകാതെ കരയില്‍തന്നെ വീണു! ഓരോന്നു ചപ്പിക്കുടിച്ചതിന് പുറമെ നാലാമത്തേത് പങ്കിട്ടും കുടിച്ചു. അക്കഥ ഇന്ന് ആലോചിക്കുമ്പോള്‍ തെളിയുന്ന ഒരു രഹസ്യമുണ്ട ്. പണം ഉണ്ടാകുന്നത് അത് ശരിയായി ചെലവാക്കാന്‍ തീരുമാനിക്കുകയും അതിന് കഴിവുള്ളവരെ കൂട്ടിനു ചേര്‍ക്കുകയും ചെയ്യുന്നവര്‍ക്കാണ്. മറ്റൊരു ഇന്ദ്രജാലവും അതിന്റെ പിന്നിലില്ല!

പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ എഴുതിയ സുഭാഷിതം - പ്രസിദ്ധീകരിച്ചത് 2014 നവംബര്‍ 15

Related Articles

Next Story

Videos

Share it