ഈ സുപ്രീംകോടതി വിധി നിങ്ങളുടെ വേതനത്തെയും പിഎഫ് വിഹിതത്തേയും ബാധിക്കാം

ഇനിമുതൽ പ്രോവിഡന്റ് ഫണ്ട് ഡിഡക്ഷൻ കണക്കുകൂട്ടുമ്പോൾ ജീവനക്കാർക്കു നൽകുന്ന സ്പെഷ്യൽ അലവൻസുകളെല്ലാം അടിസ്ഥാന ശമ്പളത്തിന്റെ (basic pay) ഭാഗമായി കണക്കാക്കണമെന്ന് സുപ്രീംകോടതി. തൊഴിലുടമകളുടെയും ജീവനക്കാരുടെയും പിഎഫ് വിഹിതത്തിൽ മാറ്റം വരുത്തുന്നതാണ് ഈ വിധി.

പിഎഫ് ഡിഡക്ഷൻ കണക്കാക്കുമ്പോൾ അലവൻസുകളെല്ലാം അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമാക്കണമെന്ന പ്രോവിഡന്റ് ഫണ്ട് കമ്മിഷണറുടെ തീരുമാനത്തിനെതിരെ വിവിധ കമ്പനികൾ ഫയൽ ചെയ്ത ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പിഎഫ് നിയമം സെക്ഷൻ 6, സെക്ഷൻ 2(b)(ii) എന്നിവയനുസരിച്ച് ജീവനക്കാർക്ക് കമ്പനി നൽകുന്ന സ്പെഷ്യൽ അലവൻസുകൾ 'അടിസ്ഥാന വേതനം' എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുമോ എന്നാണ് ഹർജിക്കാർ ഉന്നയിച്ച ചോദ്യം. എന്നാൽ അലവൻസുകൾ ബേസിക് പേയിൽ ഉൾപ്പെടുമെന്നും അതിനാൽ പിഎഫ് കമ്മിഷണറുടെ ഉത്തരവിൽ കോടതി ഇടപെടേണ്ടതില്ലെന്നുമാണ് ബെഞ്ച് നിരീക്ഷിച്ചത്.

അലവൻസുകൾ അടിസ്ഥാന വേതനത്തിൽ ഉൾപ്പെടുത്തുമ്പോൾ തൊഴിലുടമയുടേയും ജീവനക്കാരുടേയും പിഎഫ് വിഹിതം ഉയരും.

ജീവനക്കാരുടെ ടേക്ക്-ഹോം സാലറിയിൽ ഇതു മൂലമുണ്ടാകുന്ന മാറ്റം:

ഒരു ജീവനക്കാരൻ തന്റെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനമാണ് ഇപിഎഫിലേക്ക് നൽകുന്നത്. തൊഴിലുടമയും ഇതേ തുക ജീവനക്കാരന്റെ പിഎഫ് എക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. പിഎഫ് നിയമം സെക്ഷൻ 2(b) അനുസരിച്ച് അടിസ്ഥാന വേതനമെന്നാൽ ഒരു ജീവനക്കാരന് നൽകുന്ന എല്ലാത്തരം പ്രതിഫലവും ഉൾപ്പെടുന്നതാണ്; താഴെപ്പറയുന്നവ ഒഴിച്ച്:

1) ഡിഎ, വീട്ടുവാടക അലവൻസ്, ഓവർടൈം, ബോണസ്, കമ്മിഷൻ

2) ഫുഡ് കൂപ്പണിന്റെ വില

3) സ്ഥാപനം നൽകുന്ന പാരിതോഷികം

എന്നാൽ, സുപ്രീംകോടതി വിധിയ്ക്ക് ശേഷം, സ്പെഷ്യൽ അലവൻസുകളെല്ലാം അടിസ്ഥാന വേതനമായി കണക്കുകൂട്ടിയാൽ സ്പെഷ്യൽ അലവൻസിന്റെ 24% (12+12) ടേക്ക് ഹോം സാലറിയിൽ നിന്ന് കുറവുണ്ടാകും. എന്നാൽ നിക്ഷേപം എന്ന നിലയ്ക്ക് ഇത് ദീർഘകാലാടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഗുണം ചെയ്യും.

അതേസമയം അടിസ്ഥാന ശമ്പളം 15000 രൂപയ്ക്ക് മുകളിലുള്ളവരുടെ പിഎഫ് വിഹിതത്തിൽ ഈ വിധി മൂലം മാറ്റമുണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്.

സുപ്രീംകോടതി വിധി അനുസരിച്ച്‌ കമ്പനി നൽകുന്ന കൺവേയൻസ്, കാന്റീൻ, എഡ്യൂക്കേഷൻ, മെഡിക്കൽ, മറ്റ് കോംപെൻസേറ്ററി അലവൻസുകൾ, സ്പെഷ്യൽ ഹോളിഡേ-നൈറ്റ് ഷിഫ്റ്റ് ഇൻസെന്റീവ് എന്നിവ അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കും. ഇതിനനുസരിച്ച് ഡിഡക്ഷൻ തുകയും ഉയരും. എന്നാൽ ഒരു തൊഴിലുടമയ്ക്ക് ഈ അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമല്ല എന്ന് തെളിയിക്കാൻ താഴെ പറയുന്ന വഴികളിലൂടെ സാധിക്കും.

ഒന്നുകിൽ ഏതെങ്കിലും ഒരു ജീവനക്കാരന് മികച്ച പ്രകടനത്തിന് നൽകിയ ഇൻസെന്റീവ് ആണെന്ന് സ്ഥാപിക്കാം. അല്ലെങ്കിൽ പ്രത്യേക വിഭാഗത്തിലുള്ള എല്ലാ ജീവനക്കാർക്കും നൽകുന്നതല്ല ഈ ഇൻസെന്റീവ് എന്ന് തെളിയിക്കണം.

Related Articles

Next Story

Videos

Share it