ടാക്‌സ് പ്ലാനിംഗ് ഒഴിവാക്കാം, ഈ അബദ്ധങ്ങള്‍

ഓരോ സാമ്പത്തിക വര്‍ഷവും ഒരു നിശ്ചിത ദിവസത്തിലോ അല്ലെങ്കില്‍ അതിന് മുന്നിലായോ ആദായനികുതി നല്‍കുകയെന്നത് നികുതി ബാധ്യതയുള്ള എല്ലാ പൗരന്മാരുടെയും കടമയാണ്. ഒരോ വ്യക്തിയും നിയമാനുസൃതം ലഭ്യമായിട്ടുള്ള നികുതി ഇളവുകളും കിഴിവുകളും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെ ചിട്ടയായ രീതിയില്‍ നികുതി ബാധ്യത നിറവേറ്റാനായി നടത്തുന്ന തയ്യാറെടുപ്പാണ് ടാക്‌സ് പ്ലാനിംഗ്.

മിക്കപ്പോഴും സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോഴാണ് നികുതി ലാഭിക്കണമെന്ന ചിന്ത നികുതിദായകര്‍ക്കുണ്ടാകുന്നത്. ഇത് ടാക്‌സ് പ്ലാനിംഗ് അല്ലെന്ന് മാത്രമല്ല പെട്ടെന്നുള്ള ഇത്തരം നിക്ഷേപങ്ങള്‍ ബുദ്ധിപൂര്‍വമാണെന്ന് അവകാശപ്പെടാനുമാകില്ല. ടാക്‌സ് പ്ലാനിംഗ് വളരെ നേരത്തെ തുടങ്ങുന്നതോടൊപ്പം അത് നികുതിദായകന്റെ സാമ്പത്തിക ആസൂത്രണവുമായി യോജിച്ച് പോകുന്ന ഒന്നായിരിക്കാനും ശ്രദ്ധിക്കണം. ഒരു സാമ്പത്തിക ബാധ്യത എന്നതിനേക്കാള്‍ ഒരു സാമ്പത്തിക ഉത്തേജകമാക്കി ടാക്‌സ് പ്ലാനിംഗിനെ പ്രയോജനപ്പെടുത്തുന്നതിലാണ് നികുതിദായകന്റെ മിടുക്ക്.

ടാക്‌സ് പ്ലാനിംഗില്‍ പലപ്പോഴും ധാരാളം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം ഈ അബദ്ധങ്ങള്‍.

അവസാന നിമിഷത്തിലേക്ക് ടാക്‌സ് പ്ലാനിംഗ് നീട്ടിക്കൊണ്ടുപോകുക

നികുതിദായകര്‍ക്ക് ടാക്‌സ് പ്ലാനിംഗില്‍ സംഭവിക്കുന്ന ഏറ്റവും ഗുരുതരമായ തെറ്റാണിത്. പൊതുവെ സാമ്പത്തിക വര്‍ഷത്തിന്റെ ഏറ്റവും അവസാനത്തെ മാസങ്ങളില്‍ മാത്രമാണ് ടാക്‌സ് സേവിംഗിനെക്കുറിച്ച് നികുതിദായകര്‍ ആലോചിക്കുന്നത്. നികുതി ലാഭിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ഫെബ്രുവരി/ മാര്‍ച്ച് മാസങ്ങളില്‍ നികുതി ഇളവ് ലഭിക്കുന്ന ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തില്‍ കണ്ണുമടച്ച് നിക്ഷേപിക്കുക എന്നതാണ് പലരുടെയും ശൈലി. ഇത്തരമൊരു നിക്ഷേപത്തിലൂടെ നികുതി ഇളവ് ലഭിച്ചേക്കുമെങ്കിലും അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി യോജിച്ച് പോകുന്ന ഒന്നായിരിക്കണമെന്നില്ല.

നിങ്ങളുടെ ആവശ്യങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടായിരിക്കണം നിങ്ങളുടെ നിക്ഷേപം. യഥാര്‍ത്ഥത്തില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ ടാക്‌സ് പ്ലാനിംഗ് നടത്തുകയും അത് ഇടക്കിടെ വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം.

പരമ്പരാഗത നിക്ഷേപങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുക

ഡെറ്റ് ഉപകരണങ്ങളിലെ നിക്ഷേപം എപ്പോഴും ഉറപ്പായ സ്ഥിര വരുമാനം നല്‍കുമെന്നത് നേട്ടമാണ്. എന്നാല്‍ പി.പി.എഫ്, ഇ.പി.എഫ്, എഫ്.ഡി എന്നിവയില്‍ മാത്രമുള്ള അമിതമായ നിക്ഷേപം മികച്ച വരുമാനം നേടിത്തരണമെന്നില്ല. ഡെറ്റ് ഉപകരണങ്ങളിലെ നിക്ഷേപം നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോക്ക് സ്ഥിരത നല്‍കുമെങ്കിലും അത് മൊത്തത്തിലുള്ള വളര്‍ച്ചാ സാധ്യത കുറക്കും. അതിനാല്‍ നികുതിദായകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഡെറ്റ്-ഇക്വിറ്റി അനുപാതം ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രായത്തിനും വരുമാനത്തിനും ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് ഈയൊരു അനുപാതം ക്രമീകരിക്കുകയെന്നതാണ് പ്രധാനം.

ഇ.എല്‍.എസ്.എസുകളില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുക

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരം ഇ.എല്‍.എസ്.എസുകളിലെ നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും. ചില നികുതിദായകര്‍ വലിയൊരു തുക ഒറ്റത്തവണയായി ഇവയില്‍ നിക്ഷേപിക്കാറുണ്ട്. ഇത് ശരിയായ സമീപനമല്ല. കാരണം ഇത്തരം നിക്ഷേപങ്ങളില്‍ റിസ്‌ക് കൂടുതലാണ്. പകരം എസ്.ഐ.പി രീതിയില്‍ ഇ.എല്‍.എസ്.എസുകളില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് കുറക്കുമെന്ന് മാത്രമല്ല ഉയര്‍ന്ന നേട്ടം കരസ്ഥമാക്കുന്നതിനും ഇടയാക്കും. തുടര്‍ച്ചയായ നിക്ഷേപം കോമ്പൗണ്ടിംഗ് ഇഫക്ടിലൂടെ വന്‍നേട്ടത്തിന് വഴിയൊരുക്കുകയും പണപ്പെരുപ്പ നിരക്കിനെ അതിജീവിച്ചുള്ള വരുമാനം ലഭ്യമാക്കുകയും ചെയ്യും.

ആവശ്യമില്ലാതെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുക

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോള്‍ നികുതിയിളവ് നല്‍കുന്ന യുലിപ് പോളിസികളും എന്‍ഡോവ്‌മെന്റ് പോളിസികളും എടുക്കുന്നതിനായി ഏജന്റുമാരുടെയും മറ്റും ഫോണ്‍ വിളികളും ഇ-മെയ്‌ലുമൊക്കെ നികുതിദായകര്‍ക്ക് ലഭിച്ചേക്കും. പലപ്പോഴും നികുതിദായകര്‍ ഇവരുടെ പ്രലോഭനത്തില്‍ അകപ്പെടാറുമുണ്ട്. യുലിപ്പ്, എന്‍ഡോവ്‌മെന്റ്, ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസിലാക്കാത്തതും ഇതിനൊരു കാരണമാണ്. നിലവില്‍ ഇന്‍ഷുറന്‍സ് പോളിസിയുണ്ടോ, ഇന്‍ഷുറന്‍സ് പരിരക്ഷ ഇനിയും ആവശ്യമാണോ, ആണെങ്കില്‍ ഏതുതരം പോളിസിയാണ് വേണ്ടത് എന്നൊക്കെയുള്ള വിലയിരുത്തലാണ് ഇതിനാവശ്യം. യുലിപ് പോളിസികളിലെ ഇന്‍ഷുറന്‍സ് കവറേജ് ടേം പോളിസികളെ അപേക്ഷിച്ച് വളരെ കുറവാണ്. മികച്ച വരുമാനം നല്‍കില്ല എന്നതിനാല്‍ എന്‍ഡോവ്‌മെന്റ് പ്ലാനുകളില്‍ നിക്ഷേപിക്കുന്നത് ഗുണകരമാകില്ല. മാത്രമല്ല, ഇത് ദീര്‍ഘകാല ഉല്‍പ്പന്നങ്ങളാണ്. ഇടക്ക് വച്ച് പോളിസി സറണ്ടര്‍ ചെയ്താല്‍ അടച്ച തുക പോലും തിരികെ ലഭിക്കില്ല. അതിനാല്‍ ഇന്‍ഷുറന്‍സ് സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ നികുതിദായകര്‍ ആദ്യമെടുക്കേണ്ടത് ഒരു ടേം ഇന്‍ഷുറന്‍സ് പോളിസിയാണ്.

80 Cക്ക് പുറമേയുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്താതിരിക്കുക

സെക്ഷന്‍ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും. എന്നാല്‍ ഇത്രയും തുകപോലും നികുതിയിളവിനായി പ്രയോജനപ്പെടുത്താത്തവര്‍ നിരവധിയാണ്. മറ്റ് ചില നികുതിദായകരാകട്ടെ ഈ സെക്ഷന്റെ പരിധിക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയും ചെയ്യും. എന്നാല്‍ 80Cക്ക് പുറത്തും നികുതി ഇളവ് നല്‍കുന്ന അനേകം ഓപ്ഷനുകളുണ്ട്. ഉദാഹരണമായി ചികില്‍സാ ചെലവുകള്‍ വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ സെക്ഷന്‍ 80D പ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ നികുതിദായകര്‍ തീര്‍ച്ചയായും എടുക്കേണ്ടതാണ്. കൂടാതെ വൈകല്യമുള്ള ആശ്രിതരുടെ ചികില്‍സാ ചെലവ്, ചില സംഭാവനകള്‍, വിദ്യാഭ്യാസ വായ്പാ തിരിച്ചടവ്, തുടങ്ങിയവക്കെല്ലാം നികുതി ഇളവ് നേടാനാകും. സ്വപ്‌ന ഭവനം വാങ്ങുന്നതിനായി ഭവന വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിനും നികുതി ഇളവ് കരസ്ഥമാക്കാം.

അര്‍ഹമായ ഇളവുകള്‍ ക്ലെയിം ചെയ്യാതിരിക്കുക

ഏതെല്ലാം തരത്തിലുള്ള ചെലവുകള്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നത് നികുതിദായകന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അര്‍ഹമായ ഇളവുകള്‍ പോലും ക്ലെയിം ചെയ്യപ്പെടാതിരിക്കും അതുവഴി കൂടുതല്‍ നികുതി നല്‍കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. ആദായനികുതി നിയമപ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഹൗസ് റെന്റ് അലവന്‍സ് (HRA), പ്രത്യേക ചികില്‍സാ ചെലവുകള്‍ തുടങ്ങിയവയൊക്കെ ഇതിനുദാഹരണമാണ്.

കാര്യക്ഷമം അല്ലാത്ത പദ്ധതികളില്‍ നിക്ഷേപിക്കുക

നികുതി ഇളവ് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ബാങ്ക് സ്ഥിര നിക്ഷേപം (എഫ്.ഡി), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി) എന്നിവയില്‍ നിക്ഷേപം നടത്തിയാല്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമേ അതിന്റെ ക്ലെയിം നല്‍കാനാകൂ. കൂടാതെ ഇവയില്‍ നിന്നുള്ള പലിശ വരുമാനത്തിന് എല്ലാ വര്‍ഷവും നികുതി നല്‍കണമെന്നതിനാല്‍ അത് നിങ്ങളുടെ നികുതി ബാധ്യത ഉയര്‍ത്തുകയും ചെയ്യും. കുറഞ്ഞ പലിശ നിരക്ക്, ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്, അധിക നികുതി ബാധ്യത എന്നിവയൊക്കെ കണക്കിലെടുക്കുമ്പോള്‍ ഇവയില്‍ നിന്നുള്ള വരുമാനം ഒട്ടുംതന്നെ ആകര്‍ഷകമല്ലെന്ന് കാണാം. അതിനാല്‍ കാര്യക്ഷമത കുറഞ്ഞ ഇത്തരം നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കുന്നതാണ് അഭികാമ്യം. ഇവയെ അപേക്ഷിച്ച് പി.പി.എഫ്, ഇ.പി.എഫ് എന്നിവ നേട്ടം നല്‍കും.

Related Articles

Next Story

Videos

Share it