ഹോം ലോണ്‍; ഏറ്റവും കുറഞ്ഞ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയാണ്?

ഭവന വായ്പയെടുത്ത് വീടോ ഫ്‌ളാറ്റോ വാങ്ങുന്നവര്‍ക്ക് നല്ലകാലമാണിപ്പോള്‍, വിവിധ ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്കുകളാണ് ഭവനവായ്പയ്ക്ക് നല്‍കുന്നത്. പല ബാങ്കുകളും വനിതകള്‍ക്കുള്ള പ്രത്യേക ഓഫറുകളും പ്രോസസിംഗ് ചാര്‍ജ് ഇളവുകളും പോലും ഇപ്പോള്‍ നല്‍കുന്നുണ്ട്.

കോവിഡ് കാലത്ത് ഭവനവായ്പ എടുക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ഭവന വായ്പാ പലിശ നിരക്കുകള്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എന്നതിനാല്‍ തന്നെയാണിത്.

പലിശനിരക്കുകള്‍

ഏറ്റവുമൊടുവില്‍ കോട്ടക് മഹീന്ദ്ര ബാങ്ക് ആണ് ഭവനവായ്പയുടെ പലിശനിരക്കുകള്‍ കുറച്ചത്. 6.5 ശതമാനമാണ് കോട്ടക് മഹീന്ദ്ര നല്‍കുന്ന ഹോം ലോണ്‍ പലിശ നിരക്ക്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഇവര്‍ 6.9 ശതമാനം പലിശയില്‍ ആരംഭിക്കുന്ന ഭവനവായ്പകളാണ് വാഗ്ദാനം ചെയ്തിരുന്നത്. അത് നവംബറില്‍ 15 ബിപിഎസ് കുറച്ച്് 6.75 ശതമാനമായി, പിന്നീട് മാര്‍ച്ചില്‍ 10 ബിപിഎസ് കുറഞ്ഞ് 6.65 ശതമാനമായി. ഇതാണ് ഇപ്പോള്‍ വീണ്ടും 6.5 ആക്കിയിട്ടുള്ളത്.

രാജ്യത്ത് ഏറ്റവുമധികം ഭവനവായ്പകള്‍ നല്‍കുന്നവരില്‍ പ്രധാനബാങ്ക് എസ്ബിഐ തന്നെയാണ്. നിലവില്‍ 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് എസ്ബിഐ 6.7-7.3 ശതമാനം പലിശയാണ് നല്‍കുന്നത്. വനിതകള്‍ക്ക് 50 ബിപിഎസ് ഇളവും എസ്ബിഐ നല്‍കുന്നുണ്ട്.

മറ്റുസ്വകാര്യബാങ്കുകളുടെ കാര്യം പരിശോധിച്ചാല്‍, ഐസിഐസിഐ ബാങ്കിന്റെ നിരക്കുകള്‍ 6.75 ശതമാനത്തിനും 7.45 ശതമാനത്തിനും ഇടയിലാണ്. അതേസമയം ആക്‌സിസ് ബാങ്കിന്റെ നിരക്കുകള്‍ 6.9-8.55 ശതമാനമാണ്. ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍, എച്ച്ഡിഎഫ്‌സി 30 ലക്ഷത്തിലധികം വായ്പയ്ക്ക് 6.75-7.9 ശതമാനം പലിശ ഈടാക്കുന്നു.

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ ഹോം ലോണ്‍ പലിശ നിരക്കുകള്‍ 6.66-7.8 ശതമാനവും പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് 7.35-9.55 ശതമാനവുമാണ്.

കുറഞ്ഞപലിശയിലേക്ക് മാറാം, പക്ഷെ

ഒരു ബാങ്കില്‍ നിന്ന് കുറഞ്ഞ പലിശയുള്ള മറ്റൊരു ബാങ്കിലേക്ക് ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും ഈയടുത്ത് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ന്റെ ആദ്യ പകുതിയില്‍, ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ 42 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഭവന വായ്പാ ഡിമാന്‍ഡില്‍ വര്‍ഷം തോറും 26 ശതമാനമാണ് വര്‍ധന. എന്നാല്‍ ഭവനവായ്പ പരിശ നിരക്ക് നോക്കി ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് സ്വിച്ച് ഓവര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, പ്രായം,വരുമാനം എന്നിവ പോലുള്ള പല ഘടകങ്ങളും പരിഗണിച്ച് പലപ്പോഴും ഉയര്‍ന്ന നിരക്കിലാവും തുടക്കത്തില്‍ പല ബാങ്കുകളും വായ്പ അനുവദിച്ചിട്ടുണ്ടാവുക. പിന്നീട് വായ്പ പലിശ നിരക്കിലുണ്ടായ കുറവ് ഈ വായ്പകളില്‍ പരിഗണിക്കപ്പെട്ടിട്ടുമുണ്ടാവില്ല. അത് ബാങ്കുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രത്യേക സേവനനിരക്ക് നല്‍കി പുതുക്കാം.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ അര ശതമാനമെങ്കിലും പലിശ ആദായമില്ലെങ്കില്‍ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് പ്രയോജനമുണ്ടാകില്ലെന്നാണ്. കാരണം പുതിയ ബാങ്ക് ചുമത്തുന്ന പ്രോസസിംഗ് ചാര്‍ജുകള്‍, ഡോക്യുമെന്റേഷന്‍ ചെലവ് തുടങ്ങിയവയെല്ലാം പരിഗണിക്കണം. ഇതെല്ലാം ഒഴിവാക്കിയാണ് നിങ്ങള്‍ക്ക് പുതിയ ബാങ്ക് വായ്പ മാറ്റാനുള്ള അവസരം നല്‍കുന്നതെങ്കില്‍ കാല്‍ ശതമാനം പലിശ വ്യത്യാസമുണ്ടെങ്കിലും നിങ്ങള്‍ക്കിത് ആദായകരമായേക്കാം.

തിരിച്ചടവ് എത്രകാലം

ഭവനവായ്പ ദീര്‍ഘകാലത്തേക്കാണ് എല്ലാവരും എടുക്കുക. നിങ്ങളുടെ വായ്പ തിരിച്ചടവ് ഇനി എത്രകാലം കൂടി എന്നത് പരിഗണിക്കേണ്ടതും പ്രധാനമാണ്. ഇത് 10 വര്‍ഷത്തില്‍ അധികമെങ്കിലും ബാക്കിയുണ്ടെങ്കില്‍ മാത്രമേ സ്വിച്ച് ഓവര്‍ പ്രയോജനം ചെയ്യൂ. വായ്പകളുടെ തുടക്ക വര്‍ഷങ്ങളില്‍ തിരിച്ചടവിന്റെ സിംഹഭാഗവും പലിശ അടവാണ്. മുതലിലേക്ക് പോകുന്നത് നാമമാത്ര തുകയായിരിക്കും. അതുകൊണ്ട് തിരിച്ചടവ് പകുതിയെങ്കിലും ബാക്കിയായ വായ്പകളെ സ്വിച്ച് ഓവര്‍ ചെയ്യാവൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it