മ്യൂച്വല്‍ ഫണ്ടില്‍ മറഞ്ഞിരിക്കുന്ന 10 സത്യങ്ങള്‍

നിക്ഷേപം നടത്തി സമ്പത്ത് വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം പ്രതീക്ഷിക്കുന്നവരാണ് നാമെല്ലാം. പക്ഷേ സാമ്പത്തിക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് അറിയാമോ? ഇക്കാര്യത്തില്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഒരുപദേശം, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കൂ എന്നതാകും. എത്ര ചെറിയ തുകയും നിക്ഷേപിക്കാനാകും എന്നതായിരിക്കും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുക. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ഫണ്ട് മാനേജര്‍മാരോ അതുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ നമ്മോട് പറഞ്ഞു തരാറുണ്ടോ? ഏതൊക്കെ കാര്യങ്ങളാകും അവര്‍ മറച്ചു വെക്കുക?

വരുമാനം കാര്‍ന്നു തിന്നുന്ന ചെലവുകള്‍

മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ഫണ്ട് മാനേജ്മെന്റ് ചെലവുകള്‍, ലോഡ്സ് തുടങ്ങി നിരവധി പേരുകളില്‍ നമ്മില്‍ നിന്ന് തുക ഈടാക്കുന്നുണ്ട്. ചെറിയൊരു തുകയാണ് ഇതെന്ന് തോന്നുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍, അതായത് 10 വര്‍ഷത്തേക്കാണെങ്കില്‍ വരുമാനത്തിന്റെ 20 മുതല്‍ 30 ശതമാനം വരെ ഇത്തരത്തില്‍ ചെലവാകും. നമ്മുടെ നിക്ഷേപം എത്ര വളര്‍ന്നു എന്നതു നോക്കിയല്ല, വളര്‍ച്ചയൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും നിശ്ചിത തുക നല്‍കേണ്ടി വരും.

എന്‍എവിയില്‍ വലിയ കാര്യമില്ല

താഴ്ന്ന അറ്റ ആസ്തി മൂല്യമുള്ള സ്‌കീമുകള്‍ ചെലവ് കുറഞ്ഞതും ഉയര്‍ന്ന ആസ്തി മൂല്യമുള്ളവ ചെലവേറിയതെന്നുമാണ് സാധാരണ നിക്ഷേപകര്‍ കരുതുന്നത്. അത് സത്യമല്ല. വിലയും മൂല്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തതിനാലാണ് ഈ തെറ്റിദ്ധാരണ. ഒരു മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് എന്നു പറയുന്നത് ഹൗസ് പ്രോപ്പര്‍ട്ടി, ബോണ്ട്, ഓഹരി, സ്വര്‍ണം എന്നിവ പോലെയുള്ള ആസ്തിയല്ല. മറിച്ച് മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ മൂല്യം കണക്കാക്കുക. ഇതിലുള്ള നിക്ഷേപത്തിന്റെ മൂല്യം കൂടുമ്പോള്‍ അറ്റ ആസ്തി മൂല്യവും കൂടുന്നു.

സ്ഥിര വരുമാന പദ്ധതികളില്‍ പണം നഷ്ടപ്പെട്ടേക്കാം

സ്ഥിര വരുമാനം ലഭിക്കുന്ന പദ്ധതികളിലൂടെ ചിലപ്പോള്‍ പണം നഷ്ടപ്പെടാം. പേരില്‍ സ്ഥിര വരുമാനം എന്നാണെങ്കിലും ഇതില്‍ നിന്നുള്ള വരുമാനത്തിന് സ്ഥിരതയുണ്ടാവണമെന്നില്ല. സ്ഥിര വരുമാന പദ്ധതികളുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് റിസ്‌ക്, പലിശ നിരക്കിലുള്ള റിസ്‌ക് തുടങ്ങി നിരവധി നഷ്ടസാധ്യതകള്‍ ഉണ്ട്.

ക്രെഡിറ്റ് റിസ്‌കിനെ കുറിച്ചു മാത്രമാണ് നമ്മള്‍ പലപ്പോഴും അറിഞ്ഞിരിക്കുക. എന്നാല്‍ പലിശ നിരക്കുമായി ബന്ധപ്പെട്ട നഷ്ടസാധ്യത വലുതാണ്. പ്രത്യേകിച്ചു ദീര്‍ഘകാല നിക്ഷേപങ്ങളാകുമ്പോള്‍ പലിശ നിരക്കിലുണ്ടാകുന്ന ചെറിയ മാറ്റം പോലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ ബാധിക്കും.

പലിശ നിരക്ക് കുറഞ്ഞിരുന്നാല്‍ മാത്രമേ ഇന്‍കം സ്‌കീമും ഗില്‍റ്റ് സ്‌കീമും ലാഭകരമാകൂ. പലിശ വരുമാനത്തെ ആശ്രയിച്ചുള്ള കടപ്പത്രങ്ങളാണ് ചുരുക്കിപറഞ്ഞാല്‍ ഇന്‍കം സ്‌കീമും ഗില്‍റ്റ് സ്‌കീമും. പലിശ വരുമാനത്തില്‍ നിന്ന് ഫീസായി വലിയ തുക കിഴിച്ചാല്‍ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കും. ഇന്‍കം സ്‌കീമിലും ഗില്‍റ്റ് സ്‌കീമിലും ഫണ്ട് മാനേജ്മെന്റ് ചെലവ് കൂടുതലാണ്.

ലിക്വിഡ് സ്‌കീം നഷ്ട സാധ്യതയില്ലാത്ത വരുമാനം വാഗ്ദാനം ചെയ്യുന്നു

ലിക്വിഡ് സ്‌കീമുകളെ പലിശ നിരക്കിലുള്ള റിസ്‌ക് അത്രകണ്ട് ബാധിക്കുന്നില്ലെങ്കിലും കോര്‍പ്പറേറ്റ് പേപ്പറുകളിലാണ് നിക്ഷേപിക്കുന്നത് എന്നതു കൊണ്ടുതന്നെ ക്രെഡിറ്റ് റിസ്‌കിന് വിധേയമാണ്. അഞ്ചോ പത്തോ ബേസിസ് പോയ്ന്റ് കൂടുതല്‍ ലഭിക്കുമെന്നതു കൊണ്ടു മാത്രം അത്ര മികച്ചതല്ലാത്ത സ്‌കീമില്‍ നിക്ഷേപിക്കരുത്.

ഇന്‍ഡെക്സ് ഇ ടി എഫുകളെ അവഗണിക്കുക

മൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ സാധാരണ വരുത്തുന്ന പിഴവാണിത്. ഉയര്‍ന്ന ചെലവ് വരുന്ന അറിയപ്പെടുന്ന പദ്ധതികളില്‍ നിക്ഷേപിക്കുകയും കുറഞ്ഞ ചെലവില്‍ നിക്ഷേപിക്കാവുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളെ (ഇടിഎഫ്) അവഗണിക്കുകയും ചെയ്യുകയെന്നത്. ഇടിഎഫുകളെ അധികമാരും

പ്രോത്സാഹിപ്പിക്കുകയോ പരസ്യം നല്‍കുകയോ ചെയ്യാറില്ല. കാരണം ഇവയില്‍ ഫണ്ട് മാനേജ്മെന്റ് ഫീസ് വളരെ കുറവാണെന്നതു തന്നെ കാരണം.

എസ്ഐപിയാണ് മികച്ച നിക്ഷേപ മാര്‍ഗം

മ്യൂച്വല്‍ ഫണ്ടിലെ ഏറ്റവും ജനകീയമായ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം ലഭ്യമാക്കുമെന്നതും ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമാണെന്നതിനാലും സാമ്പത്തികാസൂത്രകരും വിതരണക്കാരും എസ്ഐപി നിര്‍ദേശിക്കുന്നു. ദീര്‍ഘകാലത്തേക്ക് കമ്മീഷനായും ഫീസായും തുക ലഭിക്കുമെന്നതു കൊണ്ടു തന്നെ അവര്‍ക്ക് ഇത് സുരക്ഷിതമാണുതാനും. എന്തെങ്കിലും നഷ്ടം
സംഭവിക്കുകയാണെങ്കില്‍ തന്നെ എസ്ഐപി സംവിധാനത്തെ കുറ്റം പറഞ്ഞ് അവര്‍ക്ക് കൈകഴുകാനും സാധിക്കും.

എന്തൊക്കെയായാലും നിക്ഷേപകനെ സംബന്ധിച്ച് ഇത് മറ്റൊരു നിക്ഷേപ മാര്‍ഗം മാത്രമാണ്. സ്ഥിരമായ സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും എസ്ഐപിക്ക് അതിന്റേതായ നേട്ടങ്ങളും പരിമിതികളുമുണ്ട്. ബുള്‍ മാര്‍ക്കറ്റില്‍ എസ്ഐപി വളരെ നല്ല നേട്ടം നല്‍കുമ്പോള്‍ ബെയര്‍ മാര്‍ക്കറ്റില്‍ മോശം പ്രകടനമാകും.

ഫണ്ട് മാറ്റിക്കൊണ്ടിരിക്കുന്നത് ദീര്‍ഘകാല നിക്ഷേപത്തിന്
ദോഷം ചെയ്യും

ചില മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ നിക്ഷേപകരോട് പദ്ധതികള്‍ മാറ്റിക്കൊണ്ടിരിക്കാന്‍ ഉപദേശം നല്‍കാറുണ്ട്. അങ്ങനെയെങ്കില്‍ പദ്ധതികള്‍ക്കു പകരം ആ ഡിസ്ട്രിബ്യൂട്ടറെ മാറ്റുന്നതായിരിക്കും നല്ലത്. അടിക്കടി പദ്ധതികള്‍/ഫണ്ട് മാറ്റിക്കൊണ്ടിരിക്കുന്നതിലൂടെ മ്യൂച്വല്‍ ഫണ്ടണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിക്കും. എന്നാല്‍ നിക്ഷേപകനെ കാത്തിരിക്കുന്നത് വരുമാന നികുതി വര്‍ധനവും ഫണ്ടിന്റെ മോശം പ്രകടനവുമായിരിക്കും. കുറച്ച് ഇടപാട് കൂടുതല്‍ വരുമാനം എന്നതില്‍ നിന്നും കൂടുതല്‍ ഇടപാട് കുറഞ്ഞ വരുമാനം എന്നതായിരിക്കും ഇതിന്റെ ഫലം.

കുറേയേറെ സ്‌കീമുകള്‍ ഉണ്ടായിരിക്കുക

കുറേയേറെ ഫണ്ടുകള്‍ ഒരു മികച്ച പദ്ധതിയെ അലങ്കോലമാക്കുമെന്ന് ചൊല്ലുണ്ട്. ഒരു മികച്ച സ്‌കീം കൈയിലുണ്ടെങ്കിലും മറ്റൊരു മോശം സ്‌കീം മതി എല്ലാം അവതാളത്തിലാക്കാന്‍. സാധാരണയായി നിക്ഷേപകര്‍ മൂന്നു വര്‍ഷം വരെ ഒരു സ്‌കീം കൈവശം വെക്കും. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നേട്ടം നല്‍കുന്ന സ്‌കീമുകളെ സംബന്ധിച്ച് ഈ സമയം അപര്യാപ്തമാണ്.

ഫാന്‍സി ഫണ്ടുകള്‍, വിചിത്രമായ ആശയങ്ങള്‍, ഫാന്റസികള്‍

ബാങ്കിംഗ് സ്‌കീം, ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്‌കീം എന്നിങ്ങനെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പലതരത്തിലുള്ള പുതിയ പദ്ധതികള്‍ ഈയിടെയായി പൊങ്ങി വരുന്നുണ്ട്. നിഷ്‌കളങ്കരായ നിക്ഷേപകരില്‍ നിന്ന് പണം വസൂലാക്കാനുള്ള തന്ത്രങ്ങളാണ് ഇത്. ഒരു മേഖലയും ദീര്‍ഘനാള്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കാറില്ല.

മിക്കവാറും ഒരു സെക്റ്റര്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് അതുമായി ബന്ധപ്പെട്ട സ്‌കീമുകള്‍ പുറത്തിറക്കുന്നത്. കാരണം കഴിഞ്ഞ കാലത്തെ മികച്ച പ്രകടനം എടുത്തുകാട്ടി നിക്ഷേപകരെ ആകര്‍ഷിക്കാനാകും. എന്നാല്‍ വരും കാലങ്ങളില്‍ ആ പ്രകടനം ആവര്‍ത്തിക്കുമെന്ന് ഒരുറപ്പുമില്ല.

മുകളില്‍ കാണിച്ചിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട മറഞ്ഞിരിക്കുന്ന വസ്തുതകള്‍ മനസിലാക്കാം. ഇക്കാര്യങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. മികച്ചൊരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപകനായി നമുക്ക് മാറാനാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it