ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അറിയാന്‍

ഡോ. ജുബൈര്‍ ടി.

എ.ടി.എം കാര്‍ഡ് എന്ന് പൊതുവെ അറിയപ്പെടുന്ന ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കാര്‍ഡുകളില്‍ നിന്ന് പരമാവധി നേട്ടം ലഭിക്കാനും കാര്‍ഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതിന് ആദ്യം ഡെബിറ്റ് കാര്‍ഡുകള്‍ എന്നാല്‍ എന്താണെന്ന് നോക്കാം.

ഒരു ബാങ്ക് എക്കൗണ്ടിനൊപ്പം ഇടപാടുകാരന് ലഭിക്കുന്ന ഒരു സൗകര്യമാണ് എ.ടി.എം കാര്‍ഡുകള്‍ എന്ന് അറിയപ്പെടുന്ന ഡെബിറ്റ് കാര്‍ഡുകള്‍. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും നിക്ഷേപിക്കുവാനും സാധിക്കുന്നതിന് പുറമെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാനും ഓണ്‍ലൈനില്‍ ബില്ലുകള്‍ അടയ്ക്കുവാനും മറ്റുമായി ഒരുപാട് ആവശ്യങ്ങള്‍ക്ക് ഇവ ഉപയോഗിക്കാം. കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കിലെ നിക്ഷേപത്തില്‍ നിന്ന് അത്രയും തുക കുറവ് (ഡെബിറ്റ്) ചെയ്യപ്പെടുന്നത് കൊണ്ടാണ് ഇവയെ ഡെബിറ്റ് കാര്‍ഡുകള്‍ എന്ന് വിളിക്കുന്നത്.

സേവന നിരക്കുകള്‍

സാധാരണ ഗതിയില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറില്ല. എന്നാല്‍, വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജ്, എസ്.എം.എസ് നിരക്ക്, കാര്‍ഡുകള്‍ മാറ്റി വാങ്ങുന്നതിനുള്ള നിരക്ക് മുതലായവ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതാണ്. അതേസമയം ജന്‍ ധന്‍, ബേസിക് സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് തുടങ്ങിയ സീറോ ബാലന്‍സ് എക്കൗണ്ടുകള്‍, ഉയര്‍ന്ന മിനിമം ബാലസന്‍സ് ആവശ്യമുള്ള ചില പ്രീമിയം എക്കൗണ്ടുകള്‍, ചില സാലറി എക്കൗണ്ടുകള്‍ മുതലായ എക്കൗണ്ടുകള്‍ക്കും ചില ബാങ്കുകളുടെ കാര്‍ഡുകള്‍ക്കും പല സേവനങ്ങളും സൗജന്യമാണ്.

പണം ലാഭിക്കാനും സമ്പാദിക്കാനും

മിക്കവാറും എല്ലാ ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പോയ്ന്റുകള്‍ ലഭ്യമാണ്. ഇവ റെഡീം ചെയ്ത് മൊബൈല്‍ റീചാര്‍ജ്, ഇലക്ട്രോണിക് പേയ്‌മെന്റുകള്‍ മുതലായവക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെ ചില കാര്‍ഡുകളില്‍ കാഷ് ഡിസ്‌കൗണ്ട്, കാഷ് റീഫണ്ട് മുതലായ ആനുകൂല്യങ്ങളും നല്‍കി വരുന്നു.

പലതരം കാര്‍ഡുകള്‍, വൈവിധ്യമാര്‍ന്ന സേവനങ്ങള്‍

സാങ്കേതികത, സേവനങ്ങളുടെ വൈവിധ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ കാര്‍ഡുകളെ പലതായി തരം തിരിക്കാം. RuPay ഒരു ഇന്ത്യന്‍ പേയ്‌മെന്റ് നെറ്റ്‌വര്‍ക്ക് ആണെങ്കില്‍ VISA യും Mastercard ഉം അമേരിക്കന്‍ ഫിനാന്‍സ് സെര്‍വീസ് കമ്പനികളാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് RuPay യുമായി താരതമ്യപ്പെടുത്തുമ്പോള്‍ VISA, Maestro എന്നിവയുടെ ഗുണം.

ഒരേ ബാങ്കില്‍ തന്നെ പലതരത്തിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. ബാങ്ക് എക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ സാധാരണയായി നല്‍കുന്ന ബേസിക് കാര്‍ഡുകളില്‍ പണം പിന്‍വലിക്കാനുള്ള പരിധി, സൗജന്യ ഇടപാടുകളുടെ എണ്ണം, പര്‍ച്ചേസ് ലിമിറ്റ് എന്നിവ കുറവായിരിക്കും. എന്നാല്‍ കുറഞ്ഞ വാര്‍ഷിക നിരക്കുകളും (സാധാരണ 100 രൂപ മുതല്‍ 200 രൂപ വരെ) സേവന നിരക്കുകളും ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ഉയര്‍ന്ന പണം പിന്‍വലിക്കല്‍ പരിധി, ഏത് എ.ടി.എമ്മുകളിലും പരിധിയില്ലാത്ത സൗജന്യ ഉപയോഗം മുതലായവ ആവശ്യമുള്ളവര്‍ക്ക് ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ പല പേരുകളിലുള്ള പ്രീമിയം കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്, കാര്‍ഡുകള്‍ നഷ്ടപ്പെട്ടാലുള്ള സംരക്ഷണം, കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങള്‍ക്ക് നിശ്ചിത കാലത്തേക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ മുതലായ മൂല്യ വര്‍ദ്ധിത സേവനങ്ങളും ലഭ്യമായിട്ടുള്ള ഈ കാര്‍ഡുകള്‍ക്ക് ആനുവല്‍ മെയ്ന്റനന്‍സ് ചാര്‍ജ് ഉള്‍പ്പെടെയുള്ള സേവന നിരക്കുകളും കൂടുതലായിരിക്കും.

ഒരു ബാങ്ക് എക്കൗണ്ടിന് ഒന്നില്‍ കൂടുതല്‍ കാര്‍ഡുകള്‍

ആദ്യ കാലത്ത് ഒരു ബാങ്ക് എക്കൗണ്ടിന് ഒരു ഡെബിറ്റ് കാര്‍ഡ് മാത്രമേ നല്‍കിയിരുന്നുള്ളൂ. അന്ന് ഒരു കാര്‍ഡ് ബ്ലോക്ക് ചെയ്ത ശേഷം മാത്രമേ അടുത്ത കാര്‍ഡിന് അപേക്ഷിക്കാനും സാധിക്കുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ ഒരേ ബാങ്കില്‍ തന്നെ പല തരത്തിലുള്ള കാര്‍ഡുകള്‍ ലഭ്യമായതിനാല്‍ മിക്കവാറും എല്ലാ ബാങ്കുകളും ഒരു എക്കൗണ്ടിന് ഒന്നിലധികം കാര്‍ഡുകള്‍ അനുവദിക്കുന്നുണ്ട്. പക്ഷെ രണ്ടു കാര്‍ഡുകള്‍ ഒരേ സമയം കൈവശം വെച്ചാല്‍ രണ്ടിനും ബാധകമായ വാര്‍ഷിക നിരക്കുകള്‍ വെവ്വേറെ നല്‍കേണ്ടി വരും.

2019 ജനുവരി ഒന്നു മുതല്‍ ചിപ്പ് കാര്‍ഡുകള്‍ മാത്രം

2019 ജനുവരി ഒന്ന് മുതല്‍ പുതിയ ചിപ്പ് കാര്‍ഡുകള്‍ മാത്രമെ ഉപയോഗിക്കാനാവൂ. മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യാജമായി നിര്‍മിക്കാനും കാര്‍ഡിലെ വിവരങ്ങള്‍ മോഷ്ടിക്കാനും ബുദ്ധിമുട്ടുള്ള കൂടുതല്‍ സുരക്ഷിതമായ കാര്‍ഡുകളാണ് ചിപ്പ് കാര്‍ഡുകള്‍. മിക്ക ബാങ്കുകളും അവരുടെ കയ്യിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ഇടപാടുകാര്‍ ആവശ്യപ്പെടാതെ തന്നെ പഴയ കാര്‍ഡുകള്‍ മാറ്റി നല്‍കിക്കഴിഞ്ഞു.

ഉപഭോക്താവിന്റെ പേര് രേഖപ്പെടുത്താത്ത കാര്‍ഡുകള്‍ പല ബാങ്ക് ശാഖകളും ഉടന്‍ തന്നെ നല്‍കുമെങ്കിലും പേര് സഹിതമുള്ള കാര്‍ഡുകള്‍ ലഭിക്കാന്‍ രണ്ടാഴ്ച വരെ സമയം എടുക്കുമെന്നതിനാല്‍ പഴയ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ ബാങ്ക് ശാഖകളിലെത്തി പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കണം.

(കോടഞ്ചേരി ഗവണ്‍മെന്റ് കോളെജ് പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Related Articles

Next Story

Videos

Share it