സാമ്പത്തിക പ്രതിസന്ധിയിലാണോ നിങ്ങള്‍? ഉടന്‍ തന്നെ ചെയ്യാം ഈ 3 കാര്യങ്ങള്‍

കൊറോണ വൈറസ് മഹാമാരി തീര്‍ച്ചയായും പലരുടെയും ജോലി കളഞ്ഞു, പലരും സാമ്പത്തികമായി ബുദ്ധിമുട്ടിലുമായിട്ടുണ്ടാകും. എല്ലാമേഖലയെയും പ്രതിസന്ധി ബാധിച്ചെങ്കിലും ഹോട്ടല്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, മീഡിയ എന്നീ മേഖലകളെയൊക്കെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവുമധികെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായതും ഈ മേഖലയിലാണ്. പ്രത്യേകിച്ച് യുവാക്കള്‍ ഈ ദിനങ്ങളില്‍ ഒരുപക്ഷെ ഏറ്റവുമധികം ബുദ്ധിമുട്ടുന്നുണ്ടാകാം. ഈ പ്രതിസന്ധി നിങ്ങളുടെ വരുമാനത്തെ ബാധിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ തുടരുകയാണെങ്കിലും, ഭാവിയില്‍ ചില അനിശ്ചിതത്വങ്ങളിലേയ്ക്ക് നയിച്ചേക്കാം. നേരത്തെ തന്നെ ഭാവിയിലേക്ക് കരുതല്‍ ധനമോ എമര്‍ജന്‍സി ഫണ്ടായി ഒരു വലിയ തുകയോ കരുതി വെച്ചിരിക്കുന്നവര്‍ പോലും ആശങ്കയിലാണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ തയ്യാറെടുക്കുക മാത്രമാണ് ഏക മാര്‍ഗം. അതിന് നിങ്ങളെ സഹായിക്കുന്ന മൂന്നുവഴികളാണ് ഇവിടെ പറയുന്നത്.

വേണ്ടതും വേണ്ടാത്തതും

അനാവശ്യ ചെലവുകളും ആവശ്യ ചെലവുകളും ലിസ്റ്റുണ്ടാക്കി തരം തിരിക്കാം. തല്‍ക്കാലം ജിം, ക്ലബ് അംഗത്വ നിരക്കുകള്‍ പോലുള്ള നിങ്ങളുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നിങ്ങള്‍ക്ക് കുറയ്ക്കാന്‍ കഴിയും. ഒരു പക്ഷെ വില കൂടിയ മദ്യമോ സിഗററ്റോ പോലും ഉപേക്ഷിക്കുന്നത് വലിയ ചെലവു ചുരുക്കലാണ്. കൂടാതെ ഈറ്റിംഗ് ഔട്ടുകള്‍ക്കായും ഷോപ്പിംഗിനായും തുക ചെലവഴിക്കുന്നവര്‍ ഇപ്പോളും ഓണ്‍ലൈനിലൂടെ അത് തുടരുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കുക.

ലോക്ക്‌ഡൌണ്‍ കാലയളവില്‍ പതിവ് ദിവസത്തെ ഓഫീസും വീട്ടുജോലിയും കഴിഞ്ഞ് നിങ്ങള്‍ക്ക് കൂടുതല്‍ സമയം അവശേഷിക്കുമ്പോള്‍, നെറ്റ്ഫ്‌ലിക്‌സ് പോലുള്ള പുതിയ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും വിനോദ ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ പണം ചെലവാക്കാതെ ശ്രദ്ധിക്കുകയും വേണം. അത് നിങ്ങളറിയാതെ പണം ചോര്‍ന്നു പോകുന്നതിന് ഇടവരുത്തും. നിലവിലെ സാഹചര്യത്തില്‍ വാടക, വീട്ടു ചെലവ്, ബില്ലുകള്‍, ഇന്‍ഷുറന്‍സ് പേമെന്റുകള്‍, മോര്‍ട്‌ഗേജ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ ഒഴിവാക്കുക. പിന്നീട് ബാധ്യതയായേക്കാവുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. വലിയൊരു ശമ്പളപ്രശ്‌നം നിലനില്‍ക്കുന്നവര്‍ മാത്രം മോറട്ടോറിയം തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ ഭാവിയില്‍ അത് വലിയ ബധ്യതയായേക്കും.

എമര്‍ജന്‍സി ഫണ്ട്

ചില അടിയന്തിര പ്രശ്‌നങ്ങളെ നേരിടാനാവശ്യമായ പണം കടമായോ ലോണായോ ലഭിക്കുന്നതിനുള്ള സാവകാശം നമുക്ക് ലഭിച്ചേക്കും. എന്നാല്‍ പ്രളയവും കോവിഡും പോലെയുള്ള തീവ്ര അടിയന്തര സ്വഭാവമുള്ള പ്രശ്‌നങ്ങള്‍ക്ക് ഈ പറഞ്ഞവയൊന്നും ഒരു പരിഹാരമാകാനിടയില്ല. മേല്‍പറഞ്ഞത് പോലെ ലോണ്‍ ലഭിച്ചാല്‍ അതിന്റെ പലിശയും, കടമാണെങ്കില്‍ അതുണ്ടാക്കുന്ന കടപ്പാടും പിന്നീട് തലവേദന സൃഷ്ടിക്കാനിടയുണ്ട്. അതിനാല്‍ ലിക്വിഡിറ്റിയുള്ള സമ്പാദ്യങ്ങളായ ഷെയറുകളെയോ ഫിക്‌സഡ് ഡിപ്പോസിറ്റുകളെയോ ഡെറ്റ് ഫണ്ടുകളെയൊക്കെയോ ആശ്രയിക്കാം. നിലവില്‍ അധിക ചെലവുകള്‍ ഇല്ലെങ്കില്‍ ഇവയും ഒഴിവാക്കുക. എങ്കിലും ക്രെഡിറ്റ് കാര്‍ഡ് ലോണോ വ്യക്തിഗത ലോണോ ഒക്കെ എടുക്കുന്നതിനേക്കാള്‍ ഭേദമാണത്. ചെലവുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് ഇനിയെങ്കിലും ഒരു മികച്ച ബാക്കപ് ഫണ്ട് കരുതേണ്ട ആവശ്യം മനസ്സിലാക്കുക.

വായ്പകള്‍ മാനേജ് ചെയ്യൂ

നിങ്ങള്‍ ഒന്നോ അതിലധികമോ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലാണെങ്കില്‍ കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കുകളിലേയ്ക്ക് നിങ്ങളുടെ ഭവനവായ്പ ബാധ്യതയുടെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. നിലവിലെ പ്രതിസന്ധി വിവിധ പൊതുമേഖല ബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും വ്യക്തിഗത വായ്പകള്‍ കാലാവധി തീരാറായിട്ടുണ്ടെങ്കില്‍ ഗോള്‍ഡ് ലോണുകള്‍ പോലെയുള്ളവ എടുത്ത് അടച്ച് തീര്‍ക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it