മാര്‍ച്ചിനു മുമ്പ് ഭവന വായ്പയെടുക്കൂ, നേടാം അധിക നികുതിയിളവ്

ഭവനവായ്പ പലിശയിന്മേല്‍ 1.5 ലക്ഷം രൂപ വരെ അധിക നികുതിയിളവ് നേടണോ? ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 80 ഇഇഎ പ്രകാരം നികുതിയിളവ് നേടാന്‍ മാര്‍ച്ച് 31 വരെ അവസരം. 2021-22 ബജറ്റില്‍ ഈ സെക്ഷന്‍ പ്രകാരമുള്ള നികുതിയിളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു.

നിലവില്‍ ഭവന വായ്പയുടെ പലിശയിന്മേല്‍ സെക്ഷന്‍ 24 (ബി), സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്നുണ്ട്. സെക്ഷന്‍ 24(ബി) പ്രകാരം പലിശയിന്മേല്‍ രണ്ടു ലക്ഷം രൂപ വരെയാണ് നികുതിയിളവ് ലഭിക്കുക. സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയാണ് നികുതിയിളവ് ലഭിക്കുക.
എന്നാല്‍ സെക്ഷന്‍ 80 ഇഇഎ പ്രകാരം ഒരു സാമ്പത്തിക വര്‍ഷം സ്വന്തമാക്കുന്ന അഫോര്‍ഡബ്ള്‍ ഹൗസിന്റെ വായ്പാ പലിശയിന്മേല്‍ 3.5 ലക്ഷം രൂപ വരെ നികുതിയിളവ് നേടാനാവും.
എന്നാല്‍ ഇതിന് നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ എടുക്കുന്ന വായ്പകള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 2019 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ എടുക്കുന്ന വായ്പകളാണ് ഇളവിന് പരിഗണിക്കുക.
വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 45 ലക്ഷം രൂപയില്‍ കവിയാനും പാടില്ല. മാത്രമല്ല, വീടിന്റെ കാര്‍പറ്റ് ഏരിയ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്ററും (645 സ്‌ക്വയര്‍മീറ്റര്‍) ഗ്രാമപ്രദേശങ്ങളില്‍ 90 ചതുരശ്ര മീറ്ററും (970 ചതുരശ്രയടി) കവിയാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. വായ്പയെടുക്കുന്ന സമയത്ത് വീട്ടുടമയുടെ പേരില്‍ മറ്റൊരു വീട് പാടില്ലെന്നതും നിബന്ധനകളില്‍ പെടുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മാണത്തിനും എടുത്ത വായ്പകളിന്മേലും ഇളവ് ലഭിക്കില്ല.
വായ്പയെടുത്തിരിക്കുന്ന വ്യക്തിക്ക് പുറമേ സഹ വായ്പക്കാരന്‍, വീടിന്റെ ജോയ്ന്റ് ഓണര്‍ എന്നിവര്‍ക്കും ഇതേ വായ്പയിന്മേല്‍ നികുതിയിളവിന് അപേക്ഷിക്കാനാകും.
സെക്ഷന്‍ 80 ഇഇഎ പ്രകാരം നിര്‍മാണം തുടങ്ങിയ ഉടനെ നികുതിയിളവിന് അപേക്ഷിക്കാനാവും. അതേസമയം സെക്ഷന്‍ 24 (ബി), സെക്ഷന്‍ 80 സി എന്നിവ പ്രകാരം നിര്‍മാണം പൂര്‍ത്തിയായ ശേഷം മാത്രമേ നികുതിയിളവ് നേടാനാകൂ.
സെക്ഷന്‍ 80 ഇഇഎ പ്രകാരം നികുതിയിളവ് നേടണമെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് തന്നെ വായ്പ നേടേണ്ടതുണ്ടെന്ന് ഓര്‍ക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it