Begin typing your search above and press return to search.
എന്തിനും ഏതിനും യുപിഐ; സെപ്റ്റംബറിലെ ഇടപാടുകള്‍ റെക്കോര്‍ഡിട്ടു

വീണ്ടും റെക്കോര്‍ഡിട്ട് യുപിഐ ഇടപാടുകള്‍. സെപ്റ്റംബറില്‍ മാത്രം 11.2 ലക്ഷം കോടി രൂപയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി കൈമാറപ്പെട്ടത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) കണക്കുകള്‍ പുറത്തുവിട്ടത്. സെപ്റ്റംബറില്‍ 678 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.
ഇത് എക്കാലത്തെയും വലിയ തുകയാണ്. 2022 മേയില്‍ ആയിരുന്നു ആദ്യ റെക്കോര്‍ഡ്. യുപിഐ വഴിയുള്ള ഇടപാടുകള്‍ അന്ന് 10 ലക്ഷം കോടി കടന്നിരുന്നു. ഓഗസ്റ്റില്‍ 657.9 കോടി ഇടപാടുകളിലായി 10.72 ലക്ഷം കോടി രൂപയാണ് യുപിഐ പേയ്‌മെന്റ് നടത്തിയത്.
2022 ജൂണില്‍, യൂപിഐ ഡിജിറ്റല്‍ പേയ്മെന്റിന് കീഴിലുള്ള ഇടപാട് മൂല്യം മെയ് മാസത്തിലെ 10,41,506 കോടി രൂപയില്‍ നിന്ന് 10,14,384 കോടി രൂപയായി കുറഞ്ഞു. എന്നാല്‍, ജൂലൈയില്‍ ഇത് 10,62,747 കോടി രൂപയായി ഉയര്‍ന്നു.
കോവിഡിന്റെ ഭാഗമായി പണരഹിത ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതാണ് യുപിഐയ്ക്ക് പ്രോത്സാഹനമായത്. മൊബൈല്‍ വഴി ലളിതമായ ഘട്ടങ്ങളിലൂടെ ഇടപാടുകള്‍ നടത്തം എന്നുള്ളതും സ്‌കാന്‍ പേ ചെയ്യാമെന്നതും ഇതിന്റെ പ്രചാരം വര്‍ധിപ്പിച്ചു. വ്യാപാരികള്‍ക്ക് സുരക്ഷിതമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയുന്നു എന്നതിനാല്‍ ഗ്രാമങ്ങളില്‍ പോലും യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
Next Story