പണം എന്തു ചെയ്യണം? ഇപ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് താഴു വീണെങ്കിലും ജീവനക്കാര്‍ക്കുള്ള ശമ്പളം മുടക്കരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. സേവന മേഖലയിലും ഐറ്റി പോലുള്ള മേഖലകളിലെയും പല സംരംഭങ്ങളും വര്‍ക്ക് അറ്റ് ഹോം ഏര്‍പ്പെടുത്തി പ്രവര്‍ത്തനം തടസ്സപ്പെടാതെ നോക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ വരുമാനത്തില്‍ വലിയൊരുടിവിന് ജീവനക്കാരെ സംബന്ധിച്ചെങ്കിലും കുറവുണ്ടാവില്ല. ഇനി വരാനിരിക്കുന്നത് ഏതു തരം സാമ്പത്തിക പ്രതിസന്ധിയാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സാമ്പത്തിക മാന്ദ്യം തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ജോലി നഷ്ടപ്പെടാനോ ശമ്പളം കുറയുന്നതിനോ ഒക്കെ ഇനിയുള്ള കാലം സാക്ഷ്യം വഹിച്ചേക്കാം. ഇപ്പോഴുള്ള വരുമാനം ശരിയായി ഉപയോഗിച്ചാല്‍ അന്ന് വലിയ പ്രതിസന്ധി ഉണ്ടാവാതെ നോക്കാം. ഇതാ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍.

1. അത്യാവശ്യത്തിനുള്ള പണം മാറ്റിവെക്കുക

സാമ്പത്തിക ആസൂത്രണത്തില്‍ ആദ്യം ചെയ്യേണ്ടിതാണ്. പെട്ടെന്ന് ഉണ്ടാകുന്ന ചെലവുകളെയും വരുമാന നഷ്ടത്തെയും പ്രതിരോധിക്കാന്‍ എമര്‍ജന്‍സി ഫണ്ട് കരുതി വെക്കുന്നത് നല്ലതാണ്. മൂന്നു മുതല്‍ ആറു മാസം വരെ കഴിഞ്ഞു കൂടാനുള്ള ചെലവ് ഇത്തരത്തില്‍ പണമായോ പെട്ടെന്ന് പണമാക്കി മാറ്റാവുന്ന നിക്ഷേപങ്ങളായോ കൈയില്‍ കരുതണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നിങ്ങളുടെ ഇഎംഐ അടക്കമുള്ള ചെലവുകള്‍ പരിഗണിച്ചു വേണം നിക്ഷേപ തുക തീരുമാനിക്കാന്‍. ടൂറിസം, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ തുടങ്ങിയ മേഖലകള്‍ കരകയറാന്‍ കുറച്ചു കൂടു കാലതാമസം പിടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതു കൊണ്ടു തന്നെ ഈ മേഖലകളിലുള്ളവര്‍ ഒന്‍പത് മാസം വരെയുള്ള തുക സ്വരൂക്കൂട്ടി വെക്കേണ്ടി വരും.

2. ചികിത്സയ്ക്ക് പണം മാറ്റിവെക്കാം

ആരോഗ്യ കാര്യങ്ങള്‍ക്കായി ഒരു തുക മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ നിലയില്‍ ഇക്കാര്യത്തില്‍ ഏറെ സഹായിക്കുക ആരോഗ്യ ഇന്‍ഷുറന്‍സാണ്. ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ കവറേജ് കുടുംബത്തിന് ലഭിക്കുന്ന തരത്തില്‍ പോളിസിയെടുക്കുക. നിലവിലുള്ള പോളിസി കൊവിഡ് 19നുള്ള ചികിത്സയ്ക്ക് പണം നല്‍കുമോ എന്ന സംശയം വ്യാപകമായുണ്ട്. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയാണെങ്കില്‍ തുക നല്‍കിയിരിക്കണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയതായി പോളിസി എടുക്കാനാണ് ഉദ്ദേശമെങ്കില്‍ മനസ്സില്‍ വെക്കേണ്ട കാര്യം പല പോളിസികളിലും 'ഇനീഷ്യല്‍ ഡ്രൈ പിരീഡില്‍' ചികിത്സയ്ക്ക് ആനുകൂല്യം ലഭ്യമാവില്ല.

3. അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട്

നിലവിലെ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്നത് ഉചിതമല്ല. എന്നാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it