പലിശ നിരക്കുകള്‍ താഴുമ്പോള്‍ നമ്മള്‍ എവിടെ നിക്ഷേപിക്കണം?

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുകയും അതിനനുസരിച്ച് ബാങ്കുകള്‍ നിക്ഷേപ-വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്ന സാധാരണക്കാരാണ്. അതില്‍ മുതിര്‍ന്ന പൗരന്മാരും വീട്ടമ്മമാരുമെല്ലാമുണ്ട്. സ്ഥിര വരുമാനം നേടാമെന്ന ചിന്തയാണ് പലരെയും സ്ഥിര നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുന്നത്.

എന്നാല്‍ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് കുറഞ്ഞതോടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ എന്താണ് പോംവഴി?

ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടിയ പലിശ നിരക്ക് ലഭിക്കാവുന്ന ഏതാനും നിക്ഷേപ മാര്‍ഗങ്ങളിതാ...

1. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (POTD)

പിഒടിഡി നിലവില്‍ മൂന്നു വര്‍ഷത്തെ കാലാവധിക്ക് 6.9 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തെ കാലയളവിലേക്കാണെങ്കില്‍ 7.7 ശതമാനം ലഭിക്കും. എസ്ബിഐ അഞ്ചു വര്‍ഷത്തെ നിക്ഷേപത്തിന് നല്‍കുന്നത് 6.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും. മാത്രമല്ല, നിക്ഷേപ തുകയ്ക്ക് സോവറിന്‍ ഗാരന്റിയും പിഒടിഡി നല്‍കുന്നതിനാല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ സുരക്ഷിതവുമാണ്. ഓരോ പാദത്തിലും നിക്ഷേപകന് പലിശ നല്‍കും. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടിയ പലിശ നിരക്ക് ഇതില്‍ ലഭ്യമല്ല.

2. സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS)

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മികച്ച നിക്ഷേപ മാര്‍ഗമാണിത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യമുണ്ട്. 15 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാം. 8.6 ശതമാനമാണ് നിലവില്‍ നല്‍കി വരുന്ന പലിശ. ഓരോ പാദത്തിലും പലിശ ലഭ്യമാക്കും. സര്‍ക്കാര്‍ നല്‍കുന്ന മികച്ച സുരക്ഷയാണ് മറ്റൊരു ആകര്‍ഷണം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടിബി പ്രകാരം 50,000 രൂപ വരെ നികുതിയിളവും ലഭിക്കും.

3. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം (POMIS)

പ്രതിമാസ വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് മികച്ച ഓപ്ഷനാണിത്. 7.6 ശതമാനം പലിശ ഇത് നിലവില്‍ നല്‍കിവരുന്നു. സിംഗ്ള്‍ എക്കൗണ്ടിലൂടെ 4.5 ലക്ഷം രൂപ വരെയും ജോയ്ന്റ് എക്കൗണ്ടിലൂടെ ഒന്‍പത് ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. ഇതില്‍ സീനിയര്‍ സിറ്റിസണു മാത്രമല്ല, ഏതൊരാള്‍ക്കും ചേരാം.

4. ആര്‍ബിഐ സേവിംഗ്‌സ് ബോണ്ടുകള്‍

ആര്‍ബിഐ സേവിംഗ്‌സ് ബോണ്ടുകള്‍ 7.75 ശതമാനം വരെ വാര്‍ഷിക പലിശ നിരക്ക് നല്‍കുന്നുണ്ട്. നിക്ഷേപത്തിന് പരിധിയില്ല. ഏഴു വര്‍ഷക്കാലയളവിലേക്കാണ് നിക്ഷേപം. കുമുലേറ്റീവ് രീതിയിലും നോണ്‍ കുമുലേറ്റീവ് രീതിയലും നിക്ഷേപം നടത്താം. കുമുലേറ്റീവ് രീതിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കാലാവധിക്ക് ശേഷം നിക്ഷേപം കൂട്ടുപലിശയടക്കം തിരിച്ചു കിട്ടും. നോണ്‍ കുമുലേറ്റീവ് രീതിയിലാണെങ്കില്‍ ഓരോ അര്‍ധ വര്‍ഷത്തിലും പലിശ ലഭിക്കും. ബാങ്കുകളില്‍ ചെന്ന് ഈ ബോണ്ടുകളില്‍ നിക്ഷേപം നടത്താനാകും.

5. പ്രധാനമന്ത്രി വയവന്ദന യോജന (PMVVY)

മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള മറ്റൊരു പദ്ധതി. എല്‍ഐസിയിലൂടെ അപേക്ഷിക്കാവുന്ന പെന്‍ഷന്‍ പദ്ധതിയാണിത്. 2020 മാര്‍ച്ച് 31 ന് മുമ്പ് അപേക്ഷിച്ചിരിക്കണം. പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പിന്നീട് നിക്ഷേപത്തിനനുസരിച്ച് പ്രതിമാസം 1000 രൂപ മുതല്‍ 10,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും.

6. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട്

ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാള്‍ ആകര്‍ഷകമായ നേട്ടം നല്‍കുന്നവയാണ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലേത്.ബാങ്ക് സ്ഥിര നിക്ഷേപത്തെ പൂര്‍ണമായും ഉപേക്ഷിക്കുന്നതിന് പകരം വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തുക എന്നതാണ് അഭികാമ്യമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Next Story

Videos

Share it