ആരാണ് നിങ്ങളുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസഡര്‍?

എന്തുകൊണ്ടാണ് ട്രെയ്‌നിംഗ് രംഗത്ത് സജീവമല്ലാത്തത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് അങ്ങനെ തോന്നിയേക്കാം. 2006-2009 കാലഘട്ടം ഞാന്‍ എല്ലാ മാസവും തോട്ട്-പ്രോസസ് റീ-എന്‍ജിനീയറിംഗ് പരിശീലനം നടത്തുകയായിരുന്നു. 2009നു ശേഷവും അതു തുടര്‍ന്നുവെങ്കിലും ബ്രഹ്മയുടെ ക്ലൈന്റ്‌സിന് വേണ്ടി മാത്രമായിരുന്നു. ഒപ്പം ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് മാറി മിഡില്‍ ഈസ്റ്റില്‍ കോര്‍പ്പറേറ്റ് ട്രെയ്‌നിംഗ് പ്രോജക്റ്റുകള്‍ ബ്രഹ്മ ഏറ്റെടുത്ത് നടത്തുന്നുണ്ടായിരുന്നു. അതിന് പ്രധാന കാരണം പല കാര്യങ്ങളിലും എന്നതുപോലെ പരിശീലനത്തിന്റെയും മൂല്യം മനസിലാക്കുന്നതില്‍ കേരളം പിന്നിലാണ് എന്നതാണ്.

മനുഷ്യ മൂലധനത്തിന്റെ മൂല്യം

നാം മനസിലാക്കാത്തതുകൊണ്ടാണ് വമ്പന്‍ സ്ഥാപനങ്ങള്‍ പലതും കേരളത്തിനു പുറത്തേക്ക് പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി നാം കോടികള്‍ മുടക്കുന്നു. എന്നാല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന കാര്യം വരുമ്പോള്‍ നാം അതിന്റെ ചെലവു നോക്കുന്നു. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ആളെ കിട്ടുമോയെന്നാണ് ഭൂരിപക്ഷം ബിസിനസുകാരും നോക്കുന്നത്. എല്ലാ തസ്തികയിലും പരമാവധി വേതനം എത്ര കൊടുക്കണം എന്നു തീരുമാനിക്കുന്നു. 8000 രൂപ മാസശമ്പളത്തിന് ആളെ വേണം എന്നാണ് പറയുന്നത്. എന്നാല്‍ ആ തസ്തികയിലേക്ക് ആളെ എടുക്കേണ്ടതിന്റെ ലക്ഷ്യം എന്താണ്? അയാള്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത എന്താണ്? തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. 8000 രൂപയ്ക്ക് ആളെ നിയമിച്ച് അയാള്‍ ഒരു വന്‍കിട സ്ഥാപനത്തിലെ മാനേജറെപ്പോലെ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അത് പ്രായോഗികമല്ലല്ലോ.

നിക്ഷേപിക്കേണ്ടത് മൂല്യവര്‍ധനയുള്ളതില്‍

മൂല്യവര്‍ധനയുള്ള ആസ്തിയില്‍ അഥവാ അപ്രീഷ്യേറ്റിംഗ് അസറ്റ്‌സില്‍ നിക്ഷേപിക്കാനാണ് ബുദ്ധിയുള്ള ഒരു ബിസിനസുകാരന്‍ ശ്രദ്ധിക്കുന്നത്. പക്ഷെ നിങ്ങളുടെ അടിസ്ഥാനസൗകര്യം, മെഷിനറി തുടങ്ങിയവയെല്ലാം മൂല്യം കുറഞ്ഞുപോകുന്ന ആസ്തിക ളാണ്. നിങ്ങളുടെ ബിസിനസില്‍ മൂല്യവര്‍ദ്ധനയുള്ള ഒരേയൊരു ആസ്തി നിങ്ങളുടെ ജീവനക്കാരാണ്. അവരില്‍ നിങ്ങള്‍ നന്നായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ കാലം മുന്നോട്ടുപോകുന്തോറും അവരുടെ ഉല്‍പ്പാദനക്ഷമത കൂടിവരുന്നു. ഒപ്പം അവര്‍ നിങ്ങളുടെ ബിസിനസിന്റെ മൂല്യവും കൂട്ടുന്നു.

ഏറ്റവും പ്രധാന കാര്യം ശരിയായ ആളുകളെ ജോലിക്ക് നിയമിക്കുകയെന്നതാണ്. ഓരോ തസ്തികയുടേയും ഉദ്ദേശ്യം എന്താണെന്നും ഓരോരുത്തരുടെയും റോള്‍ എന്താണെന്നും കൃത്യമായി നിര്‍വചിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. അതിനുശേഷം ആ റോളിലേക്ക് പറ്റിയ ആളെ കണ്ടെത്തുക, അല്‍പ്പം വേതനം കൂടുതല്‍ കൊടുക്കേണ്ടിവന്നാലും.

രണ്ടാമതായി, ആളുകളില്‍ നിക്ഷേപിക്കാന്‍ തയാറാകുക. ജീവനക്കാരുടെ മനോഭാവം മാറ്റുന്നതിനും കഴിവുകളും അറിവും വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപമാണ് വേണ്ടത്. ഇതിനായി വിവിധ പരിശീലനങ്ങളും കോച്ചിംഗുമൊക്കെയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇതൊരു അനാവശ്യചെലവായി മിക്ക സംരംഭകരും കാണുന്നു. ചിലര്‍ മാത്രം ഇതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ തയാറാകുന്നു. പക്ഷെ അവരിലേറെയും തേടുന്നത് എങ്ങനെ ഏറ്റവും കുറഞ്ഞ ചെലവില്‍ പരിശീലനം നടത്താം എന്നാണ്. 2000 രൂപയ്ക്ക് ഒരു മുഴുവന്‍ദിന ട്രെയ്‌നിംഗ് നടത്താമോ എന്ന ചോദ്യം ഇവിടത്തെ പല പരിശീലകരും കേട്ടിട്ടുണ്ടാകും. എന്തുകൊണ്ട്, ആര്‍ക്ക് പരിശീലനം നല്‍കണം. എങ്ങനെ പരിശീലിപ്പിക്കണം? തുടങ്ങിയ ചോദ്യങ്ങളെല്ലാം ചെലവിന്റെ കാര്യം വരുമ്പോള്‍ അപ്രസക്തമാകുന്നു. ഒടുവില്‍ 1000 രൂപയ്ക്ക് കിട്ടുന്ന പരിശീലകനെ വെച്ച് ട്രെയ്‌നിംഗ് നടത്തുന്നു. തങ്ങളുടെ ജീവനക്കാരെ പരിശീലനത്തിന് അയച്ചിട്ടും ഒരു പ്രയോജനവും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുകയും ചെയ്യുന്നു.

ബിസിനസുകാര്‍ക്കിടയില്‍ മറ്റൊരു ചിന്തയുമുണ്ട്. 'ഞാന്‍ ഇത്രയുമൊക്കെ പണം മുടക്കി ജീവനക്കാരുടെ സ്‌കില്‍ വളര്‍ത്തിയിട്ട് അവര്‍ എന്റെ കൂടെ നില്‍ക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്? അവര്‍ മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് പോകും. അതുകൊണ്ട് ഞാന്‍ അവര്‍ക്കുവേണ്ടി പണം മുടക്കില്ല.' എത്ര വിവേകശൂന്യമായ ചിന്തയാണിത്. നിങ്ങളുടെ എതിരാളികളുടെ അടുത്തേക്ക് അവര്‍ പോകാതിരിക്കാന്‍ നിങ്ങള്‍ അവര്‍ക്ക് ഒരു ട്രെയ്‌നിംഗും കൊടുക്കുന്നില്ല. ചുരുക്കത്തില്‍ അവരുടെ കഴിവില്ലായ്മയ്ക്ക് നിങ്ങള്‍ സന്തോഷത്തോടെ വേതനം നല്‍കുന്നു! ജീവനക്കാര്‍ക്ക് വലുത് പണമല്ല!

മൂന്നു കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവനക്കാരോട് പറയാറുള്ളത്. സ്വന്തം കഴിവുകളെ വളര്‍ത്തുന്നതിലും വ്യക്തിഗത ഉന്നമനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാവരും സ്വന്തം ഉന്നമനത്തിനായി ശ്രമിക്കുമ്പോള്‍ എന്റെ സ്ഥാപനവും അതിനൊപ്പം വളരുമെന്ന് എനിക്ക് ഉറപ്പാണ്. അത്തരം മികച്ച ആളുകളെ വേതനം കൂടുതല്‍ കൊടുത്തും നിലനിര്‍ത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. രണ്ടാമതായി, എതിരാളികളുടെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഞാന്‍ എന്റെ ജീവനക്കാരെ വെല്ലുവിളിക്കാറുമുണ്ട്. നിങ്ങളുടെ ബിസിനസ് നന്നായി വളരുമ്പോഴും നിങ്ങളുടെ ജീവനക്കാര്‍ നല്ല പ്രകടനം കാഴ്ചവെക്കുമ്പോഴുമാണ് എതിരാളികള്‍ നിങ്ങളുടെ ജീവനക്കാരെ ലക്ഷ്യം വെക്കുന്നത്. അടുത്ത കാലത്ത് എന്റെ സ്ഥാപനങ്ങളിലൊന്നിലെ നിരവധി ജീവനക്കാര്‍ക്ക് ഇതേ രംഗത്ത് ചുവടുറപ്പിക്കുന്ന മറ്റൊരു എതിരാളി സ്ഥാപനത്തില്‍ നിന്ന് വലിയ ഓഫറുകള്‍ ലഭിച്ചു. പക്ഷെ ആരും വിട്ടുപോയില്ല, കാരണം പണമല്ല, ആളുകളെ സ്ഥാപനത്തില്‍ പിടിച്ചുനിര്‍ത്തുന്ന ഘടകം. മൂന്നാമതായി ഞാന്‍ എന്റെ ജീവനക്കാരോട് പറയാറുണ്ട്, എന്റെ സ്ഥാപനത്തേക്കാള്‍ മികച്ചത് മറ്റൊരു സ്ഥാപനമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഒരു ദിവസം പോലും നിങ്ങള്‍ ഇവിടെ പാഴാക്കരുത്. കാരണം എനിക്ക് ദൃഢവിശ്വാസം ഉള്ളവരെയാണ് വേണ്ടത്, അല്ലാതെ ആശയക്കുഴപ്പത്തിലുള്ളവരേയല്ല.

നിങ്ങളുടെ ജീവനക്കാര്‍ പ്രത്യേകിച്ച് സെയ്ല്‍സിലുള്ളവരാണ് നിങ്ങളുടെ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. നിങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഒരു സൂപ്പര്‍ സ്റ്റാറിനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ 2-5 കോടി രൂപ വരെ ചെലവഴിക്കുന്നു. എന്നാല്‍ നിങ്ങളുടെ 20-30 പേര്‍ അടങ്ങിയ സെയ്ല്‍സ് വിഭാഗത്തിന് ഒരു വര്‍ഷം ട്രെയ്‌നിംഗ് നല്‍കാനായി 10 ലക്ഷം രൂപ മാറ്റിവെച്ചാല്‍ പോലും ഒരാള്‍ക്ക് 40,000-50,000 രൂപയേ ചെലവു വരുന്നുള്ളു. മൂന്ന് കോടി രൂപ മുടക്കുന്ന ബ്രാന്‍ഡ് അംബാസഡര്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ നിങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യൂ. എന്നാല്‍ നിങ്ങളുടെ സെയ്ല്‍സ് ജീവനക്കാര്‍ അവരുടെ ജീവിതം തന്നെ നിങ്ങള്‍ക്കായി ചെലവഴിക്കുന്നു.

സജീവ് നായര്‍- സീരിയല്‍ എന്‍ട്രപ്രണറും ലൈഫ് കോച്ചും ഗ്രന്ഥകാരനുമാണ് ലേഖകന്‍. ബിസിനസ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ വ്യത്യസ്ത ബിസിനസ് മേഖലകളിലെ 200ല്‍ അധികം ചെറുകിട, ഇടത്തരം സംരംഭങ്ങളോടൊത്ത് പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് ആധാരമാക്കിയാണ് ഈ ലേഖന പരമ്പര. ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സിന്റെ ചീഫ് മെന്റര്‍ കൂടിയാണ് ലേഖകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sajeevnair.com സന്ദര്‍ശിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it