അദാനി എനർജിക്ക് 25,000 കോടിയുടെ പദ്ധതിക്കുളള ഓഫര്‍, കരാര്‍ അന്തിമമായാല്‍ കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡര്‍

അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന് പ്രസരണ സംവിധാനം സ്ഥാപിക്കുന്നതിന് ആര്‍.ഇ.സി പവർ ഡെവലപ്‌മെൻ്റ് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് ഓഫര്‍ ലെറ്റർ ലഭിച്ചു. രാജസ്ഥാനിലെ റിന്യൂവബിൾ എനർജി സോണിൽ നിന്ന് 20 ഗിഗാവാട്ട് വൈദ്യുതി ഉള്‍ക്കൊളളാന്‍ സാധിക്കുന്ന പ്രസരണ സംവിധാനമാണ് നിര്‍മ്മിക്കുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടപാട് അന്തിമമാകുന്നതിന് ഇരു കമ്പനികളും തമ്മിലുള്ള വ്യവസ്ഥകളില്‍ അന്തിമ കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഏകദേശം 25,000 കോടി രൂപ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. കരാര്‍ അന്തിമമായാല്‍ അദാനി എനർജിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ ആകും ഇത്.
രാജസ്ഥാനിലെ ഭദ്‌ലയിലും ഉത്തർപ്രദേശിലെ ഫത്തേപൂരിലും 6 ഗിഗാവാട്ട് ഹൈ-വോൾട്ടേജ് ഡയറക്‌ട് കറൻ്റ് ടെർമിനൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും പ്രക്ഷേപണ ലൈനുകളും രണ്ട് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ആൾട്ടർനേറ്റിംഗ് കറൻ്റ് ശൃംഖലയും സ്ഥാപിക്കുന്നതും ഉൾപ്പെട്ടതാണ് പദ്ധതി.
സെപ്റ്റംബർ വരെയുളള കണക്കുകളനുസിരിച്ച് അദാനി എനർജിയുടെ നിർമ്മാണത്തിലിരിക്കുന്ന ട്രാൻസ്മിഷൻ പദ്ധതികളുടെ മൂല്യം 27,300 കോടി രൂപയാണ്. 12 പദ്ധതികളാണ് ഇതിലുളളത്.
അതേസമയം അദാനി എനർജി സൊല്യൂഷൻസിൻ്റെ ഓഹരികൾ ഇപ്പോൾ ലാഭത്തിനും നഷ്ടത്തിനും ഇടയിൽ ചാഞ്ചാടുന്ന പ്രവണതയാണ് കാണിക്കുന്നത്. വെളളിയാഴ്ച ഓഹരി 807 രൂപയിലാണ് ക്ലോസ് ചെയ്തത്. 1,348 രൂപയില്‍ എത്തിയ ഓഹരിയില്‍ 40 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തുന്നത്.
Related Articles
Next Story
Videos
Share it