ഫുല്‍ജാര്‍ സോഡയും സ്റ്റാളുകളുമില്ലാത്ത റംസാന്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരിച്ചടി

വൈകുന്നേരം വ്രതം കഴിഞ്ഞാല്‍ സജീവമാകുന്ന സ്‌പെഷ്യല്‍ സ്റ്റാളുകളും ഇഫ്താര്‍ ബഫറ്റുകളും, ഇവിടങ്ങളിലേക്ക് സുഹൃത്തുക്കളുമായും കുടുംബങ്ങളുമായി എത്തുന്നവര്‍... അറേബ്യന്‍ രുചികളുടെ വ്യത്യസ്തമായ വിഭവങ്ങളും പാനീയങ്ങളും നാടന്‍ കച്ചുകളും വരെ ലഭ്യമാകുന്ന റംസാന്‍ സ്‌പെഷ്യല്‍ സ്റ്റാളുകള്‍ മലബാറില്‍ രണ്ട് വര്‍ഷമായി അപ്രത്യക്ഷമാണ്. മലബാര്‍ പ്രദേശങ്ങളില്‍ ഒറ്റരാത്രിയില്‍ മണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ഇത്തരം സ്റ്റാളുകള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് രണ്ട് വര്‍ഷങ്ങളിലായി അടച്ചുപൂട്ടേണ്ടി വന്നത്.

പ്രധാനമായും കണ്ണൂര്‍ ജില്ലയിലെ സിറ്റി, കോഴിക്കോട് ജില്ലയിലെ മുഖദാര്‍, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും മലബാറിലെ മറ്റ് പ്രദേശങ്ങളിലുമായാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന റംസാന്‍ കാലത്ത് ഇത്തരം സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് മണിമുതല്‍ സജീവമാകുന്ന ഈ സ്റ്റാളുകളില്‍ മൂന്നോ നാലോ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുദിവസത്തെ മുഴുവന്‍ കച്ചവടവും ലഭിക്കും. ഭക്ഷണ വൈവിധ്യവും ഫുല്‍ജാര്‍ സോഡ പോലെയുള്ള ട്രെന്‍ഡിംഗ് ഐറ്റങ്ങളും വ്യത്യസ്തമായ കച്ചുകളും ലഭ്യമാക്കുന്നമുറയ്ക്ക് സ്റ്റാളുകളില്‍ ആളുകളുമേറും. പലരും കുടുംബപരമായി നടത്തിവരാറുള്ള സ്റ്റാളുകള്‍ക്കുള്ള തയാറെടുപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിവരാറുണ്ട്. എന്നാല്‍ രണ്ട് വര്‍ഷമായി റംസാന്‍ കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഹോട്ടല്‍ ഉടമകളും പ്രതിസന്ധിയിലാണ്. റംസാന്‍ ദിനങ്ങളില്‍ പകല്‍ സമയത്ത് കച്ചവടം കുറവായതിനാല്‍ തന്നെ രാത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ഹോട്ടല്‍ ഉടമകള്‍ തുറന്നുപ്രവര്‍ത്തിക്കാറുണ്ടായിരുന്നത്.
ഹോട്ടല്‍ മേഖലയ്ക്കും തിരിച്ചടി
സ്റ്റാളുകള്‍ക്ക് പുറമെ മലബാറിലെ ഹോട്ടല്‍ ഉടമകള്‍ക്കും രണ്ട് വര്‍ഷമായി കനത്ത തിരിച്ചടിയാണ്. പകല്‍ സമയങ്ങളില്‍ കച്ചവടം കാര്യമായ കച്ചവടമില്ലാത്തതിനാല്‍ റംസാന്‍ കാലങ്ങളില്‍ രാത്രിയിലാണ് മിക്ക ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിക്കുന്നത്.
'പകല്‍ സമയങ്ങളില്‍ കച്ചവടമില്ലാത്തതിനാല്‍ പൊതുവെ റംസാന്‍ കാലങ്ങളില്‍ മലബാര്‍ പ്രദേശത്തെ 50-60 ശതമാനം ഹോട്ടലുകള്‍ അടച്ചിടാറാണ് പതിവ്. എന്നാല്‍ ഇപ്രാവശ്യം തുറന്നുപ്രവര്‍ത്തിച്ചവര്‍ക്ക് കനത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. വാടക കൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ പലരും ഹോട്ടലുകള്‍ തുറക്കുന്നത്. സര്‍ക്കാര്‍ ബില്‍ഡിംഗ് ടാക്‌സ് കുറച്ചുകൊടുക്കാത്തതിനാല്‍ കെട്ടിട ഉടമകള്‍ വാടകയിലും ഒരു വിട്ടുവീഴ്ച കൊടുക്കാത്ത അവസ്ഥയാണ്' കോഴിക്കോട് ജില്ലയിലെ ഡൈന്‍ഔട്ട് റസ്റ്റോറന്റ് ഉടമ ഷാഫി എന്‍പി പറയുന്നു.
വരുമാനം കുറഞ്ഞതോടെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായി ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പലയിടങ്ങളിലും പണി കുറഞ്ഞതോടെ തൊഴിലാളികള്‍ക്ക് ഇടവേള ദിവസങ്ങളിലായി ജോലി ക്രമീകരിച്ചിരിക്കുകയാണ്. സാധാരഗണഗതിയില്‍ 15 ആളുകള്‍ ജോലി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 5 ആളുകള്‍ക്കുള്ള ജോലി മാത്രമാണുള്ളതെന്ന് ഷാഫി പറയുന്നു.
ഇഫ്താര്‍ സ്റ്റാളുകളും അടഞ്ഞുതന്നെ
റംസാന്‍ കാലത്തെ പകല്‍ സമയങ്ങളിലെ കച്ചവടം ഹോട്ടലുകളും റസ്‌റ്റോറന്റുകളും വീണ്ടെടുത്തിരുന്നത് ഇഫ്താര്‍ ബഫറ്റുകളിലൂടെയും സപെഷ്യല്‍ സ്റ്റാളുകളിലൂടെയുമായിരുന്നു. ഹോട്ടലുകളുടെ ഒരു ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്റ്റാളുകളില്‍ ഇഫ്താര്‍ വിഭവങ്ങളായിരുന്നു ലഭ്യമാക്കിയിരുന്നത്. ഇതിനായി പ്രത്യേക പാക്കേജുകളും ഒരോ ഹോട്ടല്‍ ഉടമകളും തയ്യാറാക്കാറുണ്ട്. ദൂരസ്ഥലങ്ങളില്‍ യാത്ര ചെയ്ത് വരുന്നവരെയും മറ്റിടങ്ങളില്‍നിന്നെത്തി ജോലി ചെയ്യുന്നവരുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരം സ്റ്റാളുകളും ഇഫ്താര്‍ ബഫറ്റുകളും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും ഹോട്ടല്‍ മേഖലയ്ക്ക് കനത്ത നഷ്ടമാണ്.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it