Top

സൂക്ഷിക്കണം! കുടുംബാംഗങ്ങളുടെ ഒത്തു ചേരലും വന്‍തോതില്‍ കോവിഡ് പകര്‍ത്തുന്നു

കോട്ടയത്തുള്ള ദിലീപിന് കോവിഡ് പോസിറ്റീവ് ആയത് വീടിനടുത്തുള്ള മാര്‍ക്കറ്റില്‍ പോയതിനാലല്ല. അമ്പലത്തിലെ ഒരു ചടങ്ങിന് ശേഷം മടങ്ങിവരുന്നത് വഴി വീട്ടിലെ ഒരു വിശേഷത്തില്‍ പങ്കെടുത്ത ബന്ധുവില്‍ നിന്നാണ്. ഒരു വീട്ടിലെ 11 പേര്‍ക്കാണ് ദിലീപ് ഉള്‍പ്പെടെ കോവിഡ് പോസിറ്റീവ് ആയത്. ഇതൊരുദാഹരണം മാത്രം. ഇത്തരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലാണ് രോഗവ്യാപനം പ്രിയപ്പെട്ടവരുടെ ഒത്തുചേരലുകള്‍ വഴി ശക്തമായത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ സംബന്ധിച്ചവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ് പോസിറ്റീവ് കേസുകളില്‍ കൂടുതലും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നതു മുതല്‍ ജനങ്ങള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും വിവാഹവും മറ്റു മംഗളകര്‍മങ്ങള്‍ പോലുള്ളവയില്‍ നിരവധി പേര്‍ പങ്കെടുക്കുന്നതും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പരക്കുന്നതിന്റെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുമ്പോള്‍ സമൂഹ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ഒത്തു ചേരലുകളാണെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല, രോഗവ്യാപനത്തിന്റെ സ്രോതസ്സുകള്‍ പരിശോധിക്കുമ്പോള്‍ കമ്യൂണിറ്റി സ്‌പ്രെഡ് കൂടുതലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയിലാണത്രെ.

രോഗിയുമായോ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായോ(വൈറസ് കാരിയേഴ്‌സ്) 15 മിനിട്ട് സമയം ചെലവിട്ടാല്‍ വൈറസ് പിടിപെടാം. വൈറസ് വ്യാപനത്തിന് ആക്കം കൂട്ടുന്നത് ഇത്തരം ആളുകളുമായി വേണ്ട വിധത്തിലുള്ള വായു സഞ്ചാരമില്ലാത്ത സ്ഥലത്ത് സമയം ചെലവിടുന്നതാണ്. ഒരു സാരിക്കടയിലെ പതിനാലു മിനിട്ട് മതി രോഗവ്യാപനം സംഭവിക്കാന്‍ എന്ന് ചുരുക്കം. ആഘോഷ സീസണുകളില്‍ ആളുകള്‍ കാണിച്ച അനാസ്ഥയാണ് കോവിഡ് നമ്പര്‍ ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഓണത്തിനു ശേഷം കേരളത്തില്‍ സംഭവിച്ചതും ഇതാണ്. ഷോപ്പിംഗ് മാളുകളിലും മറ്റ് ജനനിബിഡമായ സ്ഥലങ്ങളിലുമെല്ലാം അധികം സമയം ചെലവഴിക്കാതിരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയുമാണ് ഉടന്‍ വേണ്ടത്.

ബന്ധുക്കളാണെങ്കിലും കൊറോണ വൈറസിനെ ചെറുക്കാനാകില്ല എന്ന തിരിച്ചറിവിലാണ് വൈകാരികമായ സമീപനത്തിനപ്പുറം സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടത്. വിവാഹങ്ങളും മറ്റും 50 ല്‍ താഴെ ആളുകളെ ഉള്‍പ്പെടുത്തി നടത്താനുത്തരവ് പുറത്തുവന്നപ്പോള്‍ മുതല്‍ അത്തരത്തില്‍ മൂന്നോ നാലോ ഭാഗങ്ങളായി പാര്‍ട്ടികള്‍ സംഘടിപ്പിച്ച് പരമാവധി പേരെ സംബന്ധിപ്പിക്കുക എന്ന അതിബുദ്ധി കാട്ടുന്നവര്‍ ഇപ്പോഴും നിരവധിയാണ്. സൂക്ഷിക്കുക, സമൂഹ വ്യാപനം എവിടെയും എപ്പോഴും സംഭവിക്കാം. പരമാവധി പേരിലേക്ക് രോഗമെത്തിക്കാതിരിക്കുക എന്നത് തന്നെയാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്ന മനസ്ഥിതിയോട് കൂടി മുന്നോട്ടു പോകുക മാത്രമാണ് രക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it