മലയാളി സഹസ്ഥാപകനായ കമ്പനിക്ക് മൂന്ന് മില്യണ്‍ ഡോളറിന്റെ സിലിക്കന്‍ വാലി നിക്ഷേപം


മലയാളി സംരംഭകനായ അശ്വിന്‍ ശ്രീനിവാസ് സഹസ്ഥാപകനായ യുഎസ് സ്റ്റാര്‍ട്ടപ്പിന് 30 ലക്ഷം ഡോളറിന്റെ (22,05,54,450രൂപ ) സിലിക്കന്‍ വാലി നിക്ഷേപം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹേലിയ എന്ന സെക്യൂരിറ്റി സംവിധാനങ്ങള്‍ നല്‍കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിലാണ് സിലക്കന്‍വാലി നിക്ഷേപകരായ നിയോ, അബ്‌സ്ട്രാക്റ്റ് വെഞ്ച്വേഴ്‌സ്, ഇവന്റ് ബ്രൈറ്റ് ചെയര്‍മാനും സഹസ്ഥാപകനുമായ കെവിന്‍ ഹാര്‍ട്‌സ് എന്നിവര്‍ ചേര്‍ന്ന് മൂന്നു ദശലക്ഷം ഡോളര്‍ തുകയുടെ നിക്ഷേപം നടത്തിയിട്ടുള്ളത്.

സ്റ്റാന്‍ഫഡില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മലയാളി അശ്വിന്‍ ശ്രീനിവാസ്, തന്റെ സഹപാഠികളായ റസല്‍ ക്യാപ്ലന്‍, ഡാനിയല്‍ ബേറിയസ് എന്നിവരുമായി ചേര്‍ന്ന് രൂപം നല്‍കിയ കമ്പനിയാണ് ഹേലിയ. ടെസ്ല സീനിയര്‍ മെഷീന്‍ ലേണിംഗ് സയന്റിസ്റ്റായിരുന്നു റസല്‍ ക്യാപ്ലന്‍. ഗോള്‍ഡ്മന്‍ സാക്‌സിലെ ടിഎംടി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ബേറിയസ്. ഇരുവരും അശ്വിന്റെ ഒപ്പം ചേര്‍ന്നാണ് ഹേലിയയ്ക്ക് നേതൃത്വം നല്‍കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഹേലിയ റിയല്‍ ടൈം വിഡിയോസ് റിവ്യൂ ചെയ്യാനുള്ള കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്നങ്ങളാണ് വികസിപ്പിക്കുന്നത്. ഓഫീസ് സുരക്ഷയ്ക്ക് വേണ്ട അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ വിഷന്‍ ടെക്‌നോളജിയോടുകൂടിയുള്ള സെക്യൂരിറ്റി ക്യാമറകള്‍ വഴി സുരക്ഷാ ചോര്‍ച്ച ഞൊടിയിടയില്‍ കണ്ടെത്താനും പരിഹരിക്കാനും സാധ്യമാക്കുന്നു.
സ്ഥാപനങ്ങളില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ചും ഇതനുസരിച്ച് ക്യാമറകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതുമായുള്ള ആവശ്യകതകള്‍ വര്‍ധിച്ചു വരികയാണ്. എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് കൃത്രിമ ബുദ്ധിയിലൂടെ സുരക്ഷയൊരുക്കാന്‍ കഴിയുന്നിടത്താണ് ഹേലിയയുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാകുന്നതെന്ന് അശ്വിന്‍ ശ്രീനിവാസ് പറയുന്നു. ഹേലിയയുടെ ഉല്‍പ്പന്നങ്ങളുടെ പ്രോഡക്റ്റ് ഡവലപ്‌മെന്റില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളുടെ സഹായവും തേടിയിട്ടുണ്ട്.

എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിയായ അശ്വിന്‍ ശ്രീനിവാസ് ചോയ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന അശ്വിന്‍ സ്റ്റാന്‍ഫഡിലെ ഉപരി പഠനത്തിലും ഇപ്പോള്‍ സംരംഭകത്വത്തിലും മലയാളികള്‍ക്ക് അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളത്. അച്ഛന്‍ തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസനും അമ്മ എറണാകുളം സെന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ ഡോ. പ്രീതി ശ്രീനിവാസനുമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it