വിജയത്തിന്റെ രണ്ടാമൂഴം

Q. ആദ്യത്തെ സംരംഭം നല്‍കിയത് നഷ്ടങ്ങളാണെങ്കിലും പിന്നീട് നേട്ടങ്ങള്‍ സ്വന്തമാക്കിയതും പരസ്യരംഗത്തിലൂടെ തന്നെ. എന്താണ് പ്രധാന വഴിത്തിരിവായത്?

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ടി.എസ് കല്യാണരാമന്‍ സ്വാമിയെ പരിചയപ്പെട്ടതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഞാന്‍ തൃശ്ശൂര്‍ സില്‍ക്ക് സിറ്റിയുടെയും ഗോള്‍ഡ് പാര്‍ക്കിന്റെയും പരസ്യം ചെയ്തിരുന്ന സമയം. നാട്ടിലെ അമ്പലത്തിന്റെ പിരിവുമായി ബന്ധപ്പെട്ടാണ് സ്വാമിയെ പരിചയപ്പെടുന്നത്. എന്റെ വര്‍ക്കുകള്‍ സ്വാമിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആ പരിചയമാണ് പെരിന്തല്‍മണ്ണയിലെ ഷോറൂമിന് വേണ്ടി പരസ്യം ചെയ്യുന്നതിലേക്ക് നയിക്കുന്നത്. അന്ന് രണ്ട് ഷോറൂമുകളാണു കല്യാണിനുള്ളത്. പതിനാലു കോടി ടേണോവറും. ഒരു ചെറിയ കാലയളവില്‍ റീട്ടെയ്ല്‍ ചരിത്രം മാറ്റിയ ബ്രാന്‍ഡാണ് കല്യാണ്‍. ഇന്ന് നൂറിലേറെ ഷോറൂമുകളുണ്ട്, 12000 കോടി ടേണോവറും.

വ്യത്യസ്തമായ ഒരു മാര്‍ക്കറ്റിംഗ് ആശയം തിരിച്ചറിയാന്‍ കഴിയുന്ന പ്രൊമോട്ടേഴ്‌സാണ് ബ്രാന്‍ഡിന്റെ വിജയത്തിന് പിന്നില്‍ എന്ന് ഞാന്‍വിശ്വസിക്കുന്നതിന്റെ പ്രധാന കാരണവും സ്വാമിയാണ്. രണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം ഫലമുണ്ടാക്കുന്ന, ബിഐഎസ് ഗുണമേന്മയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഒരു പരസ്യമാണ് ഞാന്‍ ആദ്യം നിര്‍ദേശിച്ചത്. ശരിക്കുമൊരു ഭ്രാന്തന്‍ ആശയം. പക്ഷേ, അത് അംഗീകരിക്കപ്പെട്ടു. കൂടുതല്‍ വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതോടെയാണ് എനിക്ക് ധൈര്യം ലഭിച്ചത്.

Q. വിസ്മയിപ്പിക്കുന്ന രീതിയില്‍ വേറിട്ടതാണ് ശ്രീകുമാറിന്റെ ആശയങ്ങള്‍. ബ്രാന്‍ഡ് ഇമേജ് ശക്തമാക്കാന്‍ കഴിയുന്ന പരസ്യങ്ങളിലേക്ക് എത്തുന്നത് എങ്ങനെയാണ്?

പറയേണ്ട കാര്യം എങ്ങനെ പറയണം എന്നതാണ് പ്രധാനം. കാരണം, എന്തു പറയുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് ആളുകള്‍ എന്തു മനസിലാക്കുന്നു എന്നത്. പരസ്യം ഒരു തരത്തില്‍ സയന്‍സ് തന്നെയാണ്. എല്ലാ ഘടകങ്ങളും ശരിയായി ചേരണം. നല്ല റിസര്‍ച്ചും ആവശ്യമാണ്. ജൂവല്‍റിക്കാര്‍ പറ്റിക്കും എന്ന്ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ധാരണ തിരുത്താന്‍ കഴിയുന്ന രീതിയില്‍ കല്യാണിന്റെ പരസ്യങ്ങള്‍ ആദ്യം ചെയ്തതും അങ്ങനെയാണ്. മമ്മൂട്ടിയായിരുന്നു ആദ്യത്തെ ബ്രാന്‍ഡ് അംബാസഡര്‍.അദ്ദേഹത്തിന്റെ ജനപ്രീതി ഉപയോഗിച്ചാണ് ബിഐഎസ് മുദ്രയെക്കുറിച്ച് ഞങ്ങള്‍ ആളുകളെ പഠിപ്പിച്ചത്.

റേറ്റ് ടാഗ് എന്ന ആശയത്തില്‍ ഫോക്കസ് ചെയ്ത് വില്‍പ്പനയിലെ സുതാര്യത കൂടുതല്‍ വ്യക്തമാക്കിയതും ജനങ്ങളുടെ മനസ് അറിഞ്ഞുതന്നെയാണ്. 'വിശ്വാസം, അതല്ലേ എല്ലാം' എന്ന കാംപെയ്‌നില്‍ ബന്ധങ്ങള്‍ക്കാണ് ശ്രദ്ധ നല്‍കിയത്. സ്വര്‍ണത്തെ കുറിച്ച് ഒരു വാക്ക് പോലും പറയാത്ത ആദ്യത്തെ ജൂവല്‍റി പരസ്യം. വിശ്വാസ്യത എന്നത് ബ്രാന്‍ഡ് ഇമേജ് ആയി മാറിയത് കൊണ്ട് ഒരിക്കല്‍ ഓഫറുകളെ എതിര്‍ത്ത കല്യാണ്‍ ഇപ്പോള്‍ ഓഫറുകള്‍ നല്‍കുമ്പോള്‍ ആരും മറിച്ചൊരു ചോദ്യം പോലും ചോദിക്കുന്നില്ല. പരസ്യരംഗത്ത് ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നതും ഈ മാറ്റമാണ്. എന്നുകരുതി ചെയ്യുന്ന എല്ലാ പരസ്യങ്ങളും ഹിറ്റായിട്ടുമില്ല. ഒരു ഓവറിലെ എല്ലാ ബോളുകളും ഒരുപോലെ പറത്താന്‍ കഴിയണമെന്നില്ലല്ലോ.

Q. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടാന്‍ കഴിവുള്ള പല കമ്പനികള്‍ കേരളത്തിലുണ്ട്. ഇവ പ്രാദേശിക ബ്രാന്‍ഡുകളായി ഒതുങ്ങിക്കൂടാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?

റിസ്‌ക് എടുക്കാനുള്ള ധൈര്യമില്ലാത്തതാണ് പലരുടെയും പ്രശ്‌നം. ഇത്രയും മതി എന്നൊരു തോന്നല്‍. പിന്നെ, ഓരോന്ന് ചെയ്ത് കൈ പൊള്ളേണ്ട എന്ന ചിന്തയും, വര്‍ഷങ്ങളായി പരിചയമുള്ള കംഫര്‍ട്ട് സോണ്‍ ഉപേക്ഷിക്കാനുള്ള മടിയും. സ്വയം വെല്ലുവിളിക്കേണ്ടത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്. രഞ്ജി ട്രോഫി മാത്രം മതി എന്ന് കരുതാതെ ലോഡ്‌സില്‍ കളിക്കുന്നത് സ്വപ്‌നം കാണുക, പിന്നെ ഒന്നും ഒരു പ്രശ്‌നവുമാകില്ല. നല്ല പ്ലാനിംഗ് ഉണ്ടെങ്കില്‍ ഒരു മികച്ച ബ്രാന്‍ഡിന് ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലെത്താന്‍ കഴിയും. എട്ട് കോടി ടേണോവറുണ്ടായിരുന്ന മെറിബോയ് ഇപ്പോള്‍ നൂറ് കോടി കടന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കിച്ചന്‍ ട്രെഷേഴ്‌സിന്റെ വളര്‍ച്ച കണ്ടില്ലേ? അതും ഏറ്റവും കടുത്ത മത്സരമുള്ള സ്‌പൈസസ് രംഗത്ത്.

Q. ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗിനും ഏറെ പ്രാധാന്യമുള്ള ഈ നാളുകളിലും പല അഡ്വര്‍ടൈസിംഗ് ഏജന്‍സികളും വിജയിക്കുന്നില്ല. കാലത്തിനൊത്ത് മാറാന്‍ ഇവര്‍ എന്താണ് ചെയ്യേണ്ടത്?

പരമ്പരാഗത പരസ്യ ഏജന്‍സികളുടെ കാലം കഴിഞ്ഞു. ഇന്നത്തെ ഏജന്‍സികളുടെ ജോലി പരസ്യത്തിന്റെ ആശയവും ആര്‍ട്ട്‌വര്‍ക്കും മാത്രം നല്‍കുന്നതില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. ക്ലയ്ന്റുകള്‍ക്ക് മുന്‍പേ നടക്കാനും ആദ്യം ചിന്തിക്കാനും കഴിയണം അവര്‍ക്ക്. പ്രൊമോട്ട് ചെയ്യുന്ന ബ്രാന്‍ഡ് വിപണിയില്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍, ആ പ്രത്യേക മേഖലയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍... ഇവയെല്ലാം മനസിലാക്കണം. റിസ്‌കുകള്‍ വിശകലനം ചെയ്യണം, അവസരങ്ങള്‍ കണ്ടെത്തണം... ഇന്ന് ക്ലയന്റുകള്‍ക്കാവശ്യം അവരുടെ ബ്രാന്‍ഡിന്റെ എല്ലാ വിധ ബ്രാന്‍ഡിംഗ്/ മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന ഒരു ഏജന്‍സിയെയാണ്. ഒരു ടോട്ടല്‍ സൊല്യൂഷന്‍സ് പ്രൊവൈഡര്‍.

ഈ വര്‍ഷത്തെ സമ്മര്‍ കളക്ഷന് വേണ്ടി വെറുതെ പരസ്യം തയ്യാറാക്കുകയല്ല, കഴിഞ്ഞ വര്‍ഷങ്ങളിലെ വില്‍പ്പന വിശകലനം ചെയ്യാനും എന്തായിരിക്കും പുതിയ ട്രെന്‍ഡ് എന്ന് പ്രവചിക്കാനും എതിരാളികള്‍ എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് അറിയാനും വിപണിയുടെ ചലനങ്ങള്‍ മനസിലാക്കി ക്ലയന്റിന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്താനും കഴിയണം എന്ന് ചുരുക്കം. അതായത് ഒരു അഡൈ്വസറി റോള്‍. അങ്ങനെയുള്ള അഡ്വര്‍ടൈസിംഗ് ഏജന്‍സികള്‍ക്കേ ഇനി വിജയമുള്ളൂ.

Q. പുഷ് ഇക്കാര്യത്തില്‍ എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത്?

ഞങ്ങള്‍ ടോട്ടല്‍ സൊല്യൂഷന്‍സ് പ്രൊവൈഡര്‍ ആണ്. ബ്രാന്‍ഡിംഗ്, പബ്ലിക് റിലേഷന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി പ്ലാനിംഗ്, ഇവന്റ് മാനേജ്‌മെന്റ് ഇവയെല്ലാം ഞങ്ങളുടെ സേവനങ്ങളാണ്. വിപണി ട്രെന്‍ഡുകള്‍ മനസിലാക്കാന്‍ ഞങ്ങളുടെ ആളുകള്‍ സജീവമായി രംഗത്തുണ്ട്. ക്ലയ്ന്റിന്റെ വിവിധ ഷോറൂമുകളില്‍ നടക്കുന്ന വില്‍പ്പന വിശകലനം ചെയ്ത് എന്തുകൊണ്ട് ഒരിടത്ത് കൂടി, മറ്റൊരിടത്ത് കുറഞ്ഞു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കും, എതിരാളികളുടെ പ്രകടനം, ആ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ക്ലയ്ന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കും.

ഒരു ക്ലയ്ന്റും ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും. വെഞ്ച്വര്‍ കാപ്പിറ്റല്‍, ഏഞ്ചല്‍ ഫണ്ടിംഗ്, ഇക്വിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് എന്നിങ്ങനെ ഒരു ബ്രാന്‍ഡ് വിജയമാക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളുടെയും ഭാഗമാകാറുണ്ട് ഞങ്ങള്‍. ഞങ്ങളുടെ സ്‌പെഷ്യലൈസേഷന്‍ ഇപ്പോള്‍ മികച്ച ചെറുകിട ഇടത്തരം കമ്പനികളെ കണ്ടെത്തി അവയുടെ വളര്‍ച്ചയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുക എന്നതാണ്. ഇങ്ങനെ 10, 15 ബ്രാന്‍ഡുകളുണ്ട്, ആവശ്യമുള്ള നിക്ഷേപം കൊണ്ടുവരിക, പ്രൊമോഷനുകള്‍ ചെയ്യുക,

പ്രൊഫഷണലുകളുടെ സഹായം ഏര്‍പ്പാടാക്കുക, വെഞ്ച്വര്‍ കാപ്പിറ്റല്‍ നേടിക്കൊടുക്കുക... ഇതെല്ലാം ഇപ്പോള്‍ പുഷ് ചെയ്യുന്നുണ്ട്. നിക്ഷേപകര്‍ക്ക് വേണ്ടി ഇക്വിറ്റി പാര്‍ട്ണര്‍ഷിപ്പും ബ്രാന്‍ഡിംഗും ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ വിശാലമായ സേവനങ്ങള്‍ ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ കമ്പനിയും ഇല്ലാത്തതുകൊണ്ട് ഈ രംഗത്ത് പുഷിന് എതിരാളികളാകുന്നത് ചില മള്‍ട്ടി നാഷണല്‍ ബ്രാന്‍ഡിംഗ് ഏജന്‍സികള്‍ മാത്രമാണ്.

Q. ബ്രാന്‍ഡ് പ്രൊമോഷന് സെലിബ്രിറ്റികള്‍ വേണമെന്നുണ്ടോ? എന്താണ് ഇവരെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം ?

ഒരു ബ്രാന്‍ഡിനെക്കുറിച്ച് നമുക്ക് പറയാനുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഈ കമ്യൂണിക്കേഷന്‍ വേഗത്തിലാക്കാന്‍ സെലിബ്രിറ്റികള്‍ക്ക് കഴിയും. ഒരു ക്ലയ്ന്റിന് സെലിബ്രിറ്റികളെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള ചെലവ് താങ്ങാന്‍ കഴിയുമെങ്കില്‍ അത്തരം പ്രൊമോഷനുകള്‍ ഏറെ ഗുണം ചെയ്യും. അവരുടെ സെലക്ഷനാണ് ഏറ്റവും പ്രധാനം. എന്ത് പറയുന്നു എന്നതോടൊപ്പം ആര് പറയുന്നു എന്നതാണ് ആളുകള്‍ ശ്രദ്ധിക്കുക. സെലിബ്രിറ്റികള്‍ രണ്ട് വിഭാഗമുണ്ട് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് (സ്വാധീനിക്കാന്‍ കഴിയുന്നവര്‍), എന്റര്‍റ്റെയ്‌നേഴ്‌സ് (വിനോദിപ്പിക്കുന്നവര്‍). അമിതാഭ് ബച്ചന്‍ ഒരു ഇന്‍ഫ്‌ളുവന്‍സര്‍ ആണ്, സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി ജനം അംഗീകരിച്ചവരാണ് മോഹന്‍ലാലും മഞ്ജു വാര്യരുമൊക്കെ. ഇങ്ങനെയുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാര്യം.

Q. എന്താണ് പരസ്യരംഗത്തെ പുതു പ്രവണതകള്‍?

ഇനി വെര്‍ച്വല്‍ റിയാലിറ്റിയാണ് താരം. ഇതുവരെ നമ്മള്‍ ശീലിച്ചതൊന്നുമല്ല ഇനിയുണ്ടാകുക. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം നല്‍കുന്നതിനായിരിക്കും ബ്രാന്‍ഡുകള്‍ തമ്മില്‍ മത്സരിക്കുന്നത്. ഈ മുറിയില്‍ തൊട്ടടുത്തിരുന്ന് (അമേരിക്കയിലുള്ള) ബ്രാഡ് പിറ്റിനോട് സംസാരിക്കണം എന്ന് തോന്നിയാല്‍ അത് സാധ്യമാകും എന്നര്‍ത്ഥം. സെലിബ്രിറ്റി ബ്രാന്‍ഡിംഗും ഏറെ മാറും. പരസ്യങ്ങള്‍, ഷോ എന്നതിനപ്പുറത്തേക്ക് അവരുടെ ബ്രാന്‍ഡ് ഇമേജ് മോണിറ്റൈസ് ചെയ്യുന്ന രീതി വരും. കിം കര്‍ദാഷിയനെപ്പോലുള്ളവര്‍ ഇപ്പോഴേ ബ്രാന്‍ഡിംഗ് സ്ട്രാറ്റജി മാറ്റുന്നതും മറ്റൊന്നും കൊണ്ടല്ല. ന്യൂ ഏജ് മീഡിയ ഉപയോഗിച്ച് കിം നേടുന്ന വരുമാനം 500 കോടിയിലേറെയാണ്.

Q. ഒടിയന്‍, മഹാഭാരത... സിനിമയുടെ തിരക്കില്‍ പരസ്യ ചിത്രങ്ങള്‍ പ്രതീക്ഷിക്കാമോ?

തീര്‍ച്ചയായും. പരസ്യചിത്രങ്ങളാണ് എനിക്ക് ജീവിതം തന്നത്. അത് മറക്കാന്‍ കഴിയില്ലല്ലോ. പല ക്ലയ്ന്റ്‌സിനും ഈ ആശങ്കയുണ്ട്. പക്ഷെ, ഞാന്‍ എന്നുമൊരു ആഡ്മാന്‍ തന്നെയാണ്. ഷൂട്ടിംഗ് ഒരുപാട് നാള്‍ നീണ്ടുനില്‍ക്കുന്നതുകൊണ്ട് ഞാന്‍ എന്റെ ഓഫീസ് ലൊക്കേഷനിലേക്ക് മാറ്റുകയാണ്. പരസ്യങ്ങളുടെ കാര്യത്തില്‍ ഒന്നിനും ഒരു മാറ്റവും സംഭവിക്കില്ല.

Q. എന്താണ് ഈ വിജയത്തിന് പിന്നിലെ രഹസ്യം?

ഒരു വിജയവും അസാധ്യമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് കഠിനാധ്വാനത്തിലൂടെയാണ്, 'ലോംഗ് റൂട്ട്' എടുക്കാനും എത്ര പരിശ്രമിക്കാനും മടിയില്ല. ഒരു നല്ല ടീമിനെ കിട്ടിയതും എന്റെ ഭാഗ്യമാണ്. നമ്മള്‍ മുന്നില്‍ നടക്കാന്‍ തയ്യാറായാല്‍ കൂടെ നടക്കാന്‍ ഒരുപാട് പേര് വന്നുചേരും. ഏറ്റവും മികച്ച ടാലന്റുകളെ എനിക്ക് കിട്ടിയതും അതുകൊണ്ടാണ്. എപ്പോഴും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ സ്വപ്‌നം കാണുക. ദുബായിലും മൗറീഷ്യസിലും ഇപ്പോള്‍ ഞങ്ങള്‍ക്ക് ഓഫീസുകളുണ്ട്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിനടുത്തുള്ള ഓഫീസ് എന്റെ സ്വപ്‌നത്തിലുണ്ട്. അത് സാധ്യമാകും. എനിക്ക് ഉറപ്പുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it