എന്നെ വളര്‍ത്തിയത് മലയാളി എന്ന ചിന്തയും കഠിനപ്രയത്‌നവും

ലുലുവിന്റെ സാരഥി എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് എങ്ങനെ ഇത്തരം ഒരു സംരംഭം പടുത്തുയര്‍ത്തി എന്ന കഥയാണ്. കേരളത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് ലുലു ജനഹൃദയങ്ങളില്‍ ഇടം പിടിക്കുമ്പോള്‍, ഇനിയും ഏറെ മുന്നോട്ടു പോകുക എന്നതു തന്നെയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. തിരുവനന്തപുരം, ലക്‌നൗ, വിശാഖപട്ടണം തുടങ്ങിയ ഇടങ്ങളില്‍ ഉടന്‍ തന്നെ പുതിയ മാളുകള്‍ സ്ഥാനം പിടിക്കും. മറ്റേതു ലോകരാജ്യങ്ങളെയും പോലെ തന്നെ, ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വന്‍ വികസന പദ്ധതികളാണ് ലുലു ലക്ഷ്യമിടുന്നത്.

പല ബിസിനസ് സ്‌കൂളുകളിലും ചെല്ലുമ്പോള്‍ എന്നോട് സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ബിസിനസില്‍ വളരുന്നു? എന്താണ് എന്റെ വിജയമന്ത്രം? ഇതിനു ഒരു ഉത്തരമേയുള്ളൂ, ഞാന്‍ ഒരു മലയാളിയാണ്. തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. പിഎന്‍സി മേനോന്‍, ഗള്‍ഫാര്‍ മുഹമ്മദാലി, സികെ മേനോന്‍ തുടങ്ങിയ ബിസിനസിലെ പല പ്രമുഖരും വളര്‍ന്ന മണ്ണാണിത്. മലയാളിയായതുകൊണ്ടു തന്നെ എന്റെ അധ്വാനത്തിന്റെ ഒരു വിഹിതത്തില്‍, എന്റെ നാടും വളരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ വിജയരഹസ്യം.

കൊച്ചിയില്‍ ലുലുമാള്‍ സ്ഥാപിക്കണം എന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വിപണി പഠനത്തിന്റെ ഒടുവില്‍ ഇവിടെ സംരംഭം തുടങ്ങുന്നത് നഷ്ടമാണ് എന്ന നിരീക്ഷണമാണ് ഉരുത്തിരിഞ്ഞത്. എന്നാല്‍ ആ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ ഞാന്‍ തയാറല്ലായിരുന്നു. റിസ്‌ക് എടുത്താല്‍ മാത്രമേ വിജയം ഉണ്ടാകുകയുളളൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്ന് രണ്ടു മണിക്കൂര്‍ കൊണ്ട് പറന്നെത്താവുന്ന അബുദാബിയില്‍ എട്ട് ദിവസം കപ്പല്‍ യാത്ര ചെയ്‌തെത്തിയാണ് ഞാന്‍ ജീവിതം ആരംഭിക്കുന്നത്. അന്ന് ഞാന്‍ എടുത്ത റിസ്‌ക് ആണ് എന്റെ വിജയം നിശ്ചയിച്ചത്. അതിനാല്‍ ആ രീതി തന്നെ ഞാന്‍ ഇവിടെയും പിന്തുടര്‍ന്നു.

കൊച്ചിയില്‍ ലുലു പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ എന്റെ തീരുമാനമായിരുന്നു ശരി എന്ന് എല്ലാവര്‍ക്കും സമ്മതിക്കേണ്ടതായി വന്നു. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിനപ്പുറം, എന്റെ നാട്ടിലെ ജനങ്ങള്‍ക്ക് സന്തോഷിക്കാന്‍ അവസരമൊരുക്കുകയാണ് ഞാന്‍ ലുലുമാളിലൂടെ ചെയ്തത്. ഭാര്യാഭര്‍ത്താക്കന്മാരും പ്രായമായവരും കുട്ടികളും അവിടെ വന്നു സന്തോഷത്തോടെ സമയം ചെലവിടുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സംതൃപ്തി വളരെ വലുതാണ്.

വിവാദങ്ങള്‍ക്ക് ചെവികൊടുക്കേണ്ട

ഇവിടെ ഒരു റീറ്റെയ്ല്‍ ബിസിനസ് നടത്തുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് രണ്ടു കാര്യത്തിലാണ്. ലോകത്തെ മുഴുവനായും കൊച്ചിയില്‍ കൊണ്ടുവരിക, അതായത് ലോകത്തിന്റെ ഏതുഭാഗത്തുമുള്ള വസ്തുക്കള്‍ ലുലുമാളില്‍ നിന്നും വാങ്ങാന്‍ കഴിയണം. അതില്‍ ഞങ്ങള്‍ ഏറെ വിജയിച്ചിട്ടുമുണ്ട്. രണ്ടാമതായി, ഏതൊരു വസ്തുവും സമാനമായ മറ്റു ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്തു വാങ്ങാനുള്ള അവസരമൊരുക്കണം. ഇത് രണ്ടും ഒരുക്കിയപ്പോള്‍, അത് റീറ്റെയ്ല്‍ രംഗത്ത് ലുലുവിന്റെ വിജയമായി. എന്റെ അമ്മാവന് ഗുജറാത്തില്‍ എംകെ സ്റ്റോഴ്‌സ് എന്ന പേരില്‍ ഒരു ഷോപ്പുണ്ടായിരുന്നു. ഞാന്‍ അമ്മാവന്റെ കൂടെ നിന്നാണ് പഠിച്ചതും മറ്റും. അന്ന് പഠനം കഴിഞ്ഞാല്‍ കടയില്‍ ചെന്നിരിക്കും. അന്നൊക്കെ പേസ്റ്റ് എന്നാല്‍ കോള്‍ഗേറ്റ് പോലുള്ള ഒന്നോ രണ്ടോ ബ്രാന്‍ഡുകളേ ഉണ്ടായുള്ളൂ.

തെരഞ്ഞെടുക്കാന്‍ ഇന്നത്തെ പോലെ ബ്രാന്‍ഡുകളില്ല. കടയില്‍ വരുന്ന സാധനങ്ങള്‍, അവിടെ എത്തുന്ന ജനങ്ങള്‍ തുടങ്ങിയവയൊക്കെ അന്നേ നിരീക്ഷിക്കുമായിരുന്നു.

രാജ്യത്തെ റീറ്റെയ്ല്‍ രംഗത്ത് വന്‍ അവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത്. ഈ അവസരങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനം. ഇതിനായി, ബാങ്കിംഗ്, സര്‍ക്കാര്‍, അനുബന്ധ മേഖലകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്.

വ്യാവസായികവും സാമൂഹികവുമായ ഏറെ വളര്‍ച്ച പ്രാപിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കേരളം അതിനൊത്ത് ഉയരുന്നില്ല, ഇതിനുള്ള പ്രധാനകാരണം വികസനത്തെ പിന്നോട്ടടിക്കുന്ന അനാവശ്യ വിവാദങ്ങളാണ്. ഒരു പുതിയ സംരംഭമോ, നിക്ഷേപമോ വരുമ്പോള്‍ അതുമൂലം ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി ചിന്തിക്കാതെ, അനാവശ്യമായ വിവാദങ്ങള്‍ക്കാണ് കേരള സമൂഹം മുന്‍തൂക്കം നല്‍കുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യപ്പെടേണ്ടതിനു പകരം ഇവിടെ ചര്‍ച്ചയാകുന്നത് വിവാദങ്ങളാണ്. എനിക്കോര്‍മയുണ്ട്, പണ്ട് നാട്ടികയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ നിരവധി വ്യവസായ ശാലകള്‍ ഉണ്ടായിരുന്നു. അവിടങ്ങളില്‍ തദ്ദേശീയരായ നിരവധി പേര്‍ക്ക് ജോലിയുമുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അവയെല്ലാം പൂട്ടിപ്പോയി. ഫലമോ നമ്മുടെ ആളുകള്‍ക്ക് തൊഴിലില്ലാതായി. അവര്‍ തൊഴില്‍ തേടി പുറത്തേക്ക് പോയി. പക്ഷേ ഇന്ന് എല്ലായിടത്തും സാഹചര്യങ്ങള്‍ മാറുകയാണ്. ഗള്‍ഫിലെ ഞങ്ങളുടെ സ്റ്റോറുകളില്‍ നൂറുകണക്കിന് തദ്ദേശീയരായ വനിതകള്‍ അടക്കമുള്ള യുവജനങ്ങളാണ് തൊഴില്‍ എടുക്കുന്നത്. ഒപ്പം കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളില്‍ പോയി ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായി വേതനം കിട്ടാത്തത് പോലുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചു വരുന്നു.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, കേരളം നേരിടുന്ന ഏറ്റവും ഭീകരമായ വെല്ലുവിളി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ നല്‍കുക എന്നതായിരിക്കും. കാരണം, ഇവിടെ മികച്ച വ്യവസായങ്ങളോ പദ്ധതികളോ സ്ഥാപനങ്ങളോ വരുന്നില്ല, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം നാം ഒരുക്കുന്നില്ല.

കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ വരുന്നവരെ ഏതുവിധേനയും പിന്തിരിപ്പിച്ച് പറഞ്ഞു വിടുക എന്നതാണ് ഇപ്പോള്‍ ഇവിടെ നടന്നു വരുന്നത്. ഭാവി തലമുറയുടെ അവസരങ്ങളാണ് ഈ പ്രവൃത്തിയിലൂടെ ഇല്ലാതാകുന്നത് എന്ന് നാം മനസിലാക്കണം. കൊച്ചിയില്‍ ലുലു ഷോപ്പിംഗ് മാള്‍ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍, ഞാനും ഇത്തരത്തിലുള്ള ധാരാളം പിന്തിരിപ്പന്‍ നടപടികള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായവനാണ്. എന്നാല്‍ ആരോപണങ്ങള്‍ക്ക് ചെവി നല്‍കി തീരുമാനം ഉപേക്ഷിക്കാന്‍ ഞാന്‍ തയാറല്ലായിരുന്നു. ആ തീരുമാനത്തിന്റെ അനന്തര ഫലമാണ് നിങ്ങള്‍ ഇന്ന് കാണുന്ന ലുലുമാള്‍. കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ സമ്പൂര്‍ണ വികസനത്തില്‍ ഇന്ന് ലുലു ഭാഗമാണ്.

ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് ഇതുമൂലം തൊഴില്‍ ലഭിച്ചത്.

എന്റെ അടിസ്ഥാന പ്രമാണങ്ങള്‍

വ്യക്തിപരമായി പറഞ്ഞാല്‍, നിക്ഷേപം നടത്തിയ എല്ലാ മേഖലകളിലും വിജയിക്കുന്നതിനായി ഞാന്‍ മുറുകെ പിടിച്ച രണ്ടു തത്വങ്ങളുണ്ട്. പ്രവാചകന്റെ ഒരു കഥയില്‍ പറയുന്നുണ്ട്, കച്ചവടക്കാരന്‍ സത്യസന്ധനായിരിക്കണം. അതുപോലെ തന്നെ ഞാന്‍ ഗള്‍ഫിലേക്ക് പോകും മുമ്പ് അനുഗ്രഹം വാങ്ങാന്‍ വല്യുപ്പയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം എന്റെ കൈയില്‍ അഞ്ചു രൂപ വച്ചു തന്നുകൊണ്ട് പറഞ്ഞു. എത്ര വലിയവനായാലും മറ്റുള്ളവര്‍ തന്നെക്കാള്‍ ചെറുതാണ് എന്ന ചിന്ത പാടില്ല. ഞാന്‍ വലിയവനും മറ്റുള്ളവര്‍ ചെറിയവരും എന്ന ചിന്ത വന്നാല്‍ നിന്റെ പതനം ആരംഭിക്കുകയായി. എല്ലാവരും തനിക്കു സമന്മാരാണ് എന്ന ചിന്ത മനസിലുണ്ടാകണം. അതിനാലാണ് ഞാന്‍ ഏതൊരു വ്യക്തിയെയും അംഗീകരിക്കുന്നതും ചേര്‍ത്തു നിര്‍ത്തുന്നതും. കെട്ടിപ്പിടിക്കുകയും സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്നത്. ജീവിതത്തില്‍ പണമല്ല എല്ലാം എന്ന ചിന്ത വേണം.

രണ്ടാമതായി അദ്ദേഹം പറഞ്ഞു. നീ ഒരു പൈസ പോലും ആരെയും വഞ്ചിച്ചുകൊണ്ട് നേടരുത്. കാരണം ഞങ്ങളുടെ വിശ്വാസ പ്രകാരം മരണശേഷം ഒരു വ്യക്തിക്ക് സമാധാനം ലഭിക്കണം എങ്കില്‍ ഖബറില്‍ പ്രാര്‍ത്ഥിക്കുക, ദാനം ചെയ്യുക തുടങ്ങിയ രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്. മനുഷ്യരെ പറ്റിച്ച് പൈസ ഉണ്ടാക്കിയാല്‍ ജീവിതത്തിലും മരണശേഷവും സമാധാനം ലഭിക്കില്ല. കാരണം ദൈവവചനത്തെ പിന്തുടരുന്നവരാണ് നമ്മള്‍. ഇത് അക്ഷരം പ്രതി അനുസരിക്കുക. ആരെയും നിസാരക്കാരായി കാണരുത്, പാവപ്പെട്ടവര്‍, നിരാലംബര്‍ എന്നിവരെ എന്നും സഹായിക്കുക. ഒരു വ്യക്തിയെയും പറ്റിക്കരുത്. ഒപ്പം, അത്യാഗ്രഹം ഒഴിവാക്കുക. എങ്കില്‍ മാത്രമേ സമ്പാദ്യത്തിനു സ്ഥിരതയുണ്ടാവൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it