Top

ജിഎസ്ടി പുതിയ പരിധി: നിങ്ങളറിയാന്‍ 9 കാര്യങ്ങള്‍

ജിഎസ്ടി കൗണ്‍സിലിന്റെ ഇക്കഴിഞ്ഞ യോഗത്തില്‍ നിരവധി മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. വ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ നിന്ന് ഒഴിവാകാനുള്ള വരുമാന പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം ആക്കി ഉയര്‍ത്തിയതാണ് അതില്‍ പ്രധാനം. ചെറുകിട നികുതിദായകര്‍ക്ക് ആശ്വാസമായ നടപടിയാണിതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഈ പരിധി നിര്‍ണയം വളരെ സങ്കീര്‍ണമാണ്. ചെറുകിട ബിസിനസുകാര്‍ നികുതി വിദഗ്ധരുടെ സഹായത്തോടെ വേണം പുതിയ ഇളവ് പ്രയോജനപ്പെടുത്തണോ അതോ നിലവിലെ ജിഎസ്ടി പരിധിയില്‍ മുന്നോട്ടു പോകണോ എന്ന് തീരുമാനിക്കാൻ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

അടുത്ത വർഷം മുതൽ: 2019-2020 സാമ്പത്തിക വര്‍ഷം മുതലാണ് ഈ പരിധി പ്രാബല്യത്തില്‍ വരുന്നത്, അതായത് 2019 ഏപ്രില്‍ ഒന്നു മുതല്‍.

ഉൽപന്നങ്ങൾക്ക് മാത്രം, സേവനത്തിനല്ല: ചരക്കു വില്‍പ്പനയ്ക്കു മാത്രമാണ് ഈ പരിധി ബാധകമാകുക. സേവനദാതാക്കള്‍ക്ക് ഇത് 20 ലക്ഷമായി തന്നെ തുടരും. (ചില സംസ്ഥാനങ്ങളില്‍ പത്തു ലക്ഷം).

അന്തര്‍ സംസ്ഥാന വില്‍പ്പനയ്ക്കില്ല: സംസ്ഥാനത്തിനകത്തു വില്‍പ്പന നടത്തുന്ന ചരക്കുകള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാകുക. സംസ്ഥാനത്തിനു പുറത്തു വില്‍പ്പന നടത്തുന്നവര്‍ക്ക് ഗുണം ലഭിക്കില്ല.

ഭേദഗതി: ജിഎസ്ടി ഇരട്ട നികുതി ആയതിനാല്‍ (കേന്ദ്ര, സംസ്ഥാന) വിറ്റുവരവ് പരിധി രണ്ട് നിയമപ്രകാരവും മാറ്റേണ്ടി വരും. ഓരോ സംസ്ഥാനത്തിനും സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ആക്ട് 2017 പ്രകാരം നടപ്പിലാക്കണം.

രജിസ്‌ട്രേഷന്‍: ജിഎസ്ടി നിയമത്തിന്റെ സെക്ഷന്‍ 24 പ്രകാരം ചില സാഹചര്യങ്ങളില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ വകുപ്പ് ദേദഗതി ചെയ്തിട്ടില്ല. അതിനാല്‍ ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ ഇതുപക്രാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ രജിസ്‌ട്രേഷനുമായി മുന്നോട്ടു പോകേണ്ടി വരും. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ് ഡീല്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ വില്‍പ്പന നടത്തുന്നവരും കയറ്റുമതി നടത്തുന്നവരും രജിസ്‌ട്രേഷനെടുക്കണം.

സേവന വരുമാനത്തില്‍ വ്യക്തതയില്ല: ഷോപ്പില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളിലൂടെ ചെറിയ സേവന വരുമാനം ലഭിക്കുന്നവരാണെങ്കില്‍ അവര്‍ക്കുള്ള പരിധി 20 ലക്ഷമാണോ 40 ലക്ഷമാണോ? ഉദാഹരണത്തിന് 25 ലക്ഷം രൂപയുടെ വില്‍പ്പനയും 5 ലക്ഷം രൂപ വാടക വരുമാനവും കിട്ടിയെന്നു വിചാരിക്കുക, അപ്പോള്‍ അയാള്‍ക്ക് പുതിയ പരിധിയിയുടെ ഗുണം ലഭിക്കുമോ? ചരക്കിനു മാത്രമാണ് പരിധി വര്‍ധിപ്പിച്ചിട്ടുള്ളതെന്നതിനാല്‍ വില്‍പ്പനയും സേവനവും കൂടി ഒരുമിച്ചു വരുമ്പോള്‍ പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ എല്ലാ ഔട്ട് വേര്‍ഡ് സപ്ലൈയ്ക്കും ചരക്കാണെങ്കിലും സേവനമാണെങ്കിലും ജിഎസ്ടി ഈടാക്കും.

വിറ്റുവരവ് കണക്കാക്കല്‍: ജിഎസ്ടി ആക്ടില്‍ സെക്ഷന്‍ 22 ല്‍ അഗ്രഗേറ്റ് ടേണോവര്‍ എന്ന വാക്കാണ് രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യതയുള്ളവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ചെറിയ ഷോപ്പുടമകള്‍ തീരുമാനമെടുക്കും മുന്‍പ് അവരുടെ വിറ്റുവരവ് മൊത്തത്തില്‍ കണക്കിലെടുക്കണം. അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങള്‍ പോലും സങ്കീര്‍ണമാണ്.

നല്‍കിയ ജിഎസ്ടി ചെലവായി മാറും: പര്‍ച്ചേസിനു നല്‍കിയിട്ടുള്ള എല്ലാ ജിഎസ്ടി ആ വ്യക്തിയുടെ ചെലവായി മാറും. അതിനാല്‍ ആ വ്യക്തിക്ക് വില്‍പ്പനയ്ക്ക് ജിഎസ്ടി ചാര്‍ജ് ചെയ്യാനാകില്ല.

ഗുരുതര ഭവിഷ്യത്തുകള്‍: പരിധി കൂട്ടാന്‍ നിര്‍ദേശമുണ്ടെങ്കില്‍ പോലും ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തവരില്‍ നിന്നും പര്‍ച്ചേസ് ചെയ്യേണ്ടി വരുന്ന കച്ചവടക്കാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാവില്ല. കാപിറ്റല്‍ ഗുഡ്‌സിന് കിട്ടുന്ന ഇന്‍പുട്ട് ടാക്സ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് ലഭ്യമാകുകയില്ല.

ഇത്തരം സന്ദര്‍ഭങ്ങളൊക്കെ പരോക്ഷമായി നികുതി നെറ്റില്‍ നിന്നും നല്ലൊരു വിഭാഗം പുറത്തു നിര്‍ത്തുകയും ജിഎസ്ടിയുടെ യഥാര്‍ത്ഥ ഉദ്ദേശ ലക്ഷ്യമായ എല്ലാം കണക്കില്‍പ്പെട്ടുള്ള കച്ചവടം എന്ന അടിസ്ഥാന തത്വത്തില്‍ വെള്ളം ചേര്‍ക്കപ്പെടുകയും ചെയ്യും.

ഓരോ സംസ്ഥാനങ്ങള്‍ക്കും 20 ലക്ഷം എന്ന പരിധി തീരുമാനിക്കാം എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരുമ്പോള്‍ കക്ഷി രാഷ്ട്രിയങ്ങള്‍ക്ക് നികുതി ഘടനയുമായുള്ള ബന്ധം പുനസ്ഥാപിപിക്കപ്പെടും. അതും ജിഎസ്ടിയുടെ അടിസ്ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ക്കലാണ്.

ചരക്കു സേവനങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ ജിഎസ്ടി യുടെ വരവോടെ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കില്‍ രജസിട്രേഷനു തന്നെ പ്രത്യേക പരിധികൊണ്ടു വന്ന് വീണ്ടും പഴയതിലേക്ക് തിരിച്ചു കൊണ്ടു പോവുകയാണ്. ചരക്കു സേവനങ്ങളുടെ കയറ്റുമതി റീഫണ്ടിന് ഇപ്പോള്‍ തന്നെ വ്യത്യസ്ത നടപടിക്രമങ്ങളാണുള്ളത്. അതേ പോലെ കോംപോസിഷന്‍ സ്‌കീമിലുള്ളവര്‍ക്ക് സേവനങ്ങള്‍ക്ക് പരിധി 50 ലക്ഷവും ചരക്കുകള്‍ക്ക് 1.5 കോടി രൂപയുമാണ്. തികച്ചും അപ്രായോഗികമായ നിര്‍ദേശങ്ങളാണിതെന്നാണ് ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ പറയുന്നത്.

'' ജിഎസ്ടിയില്‍ കൂടുതല്‍ കൂടുതല്‍ കോംപ്ലിക്കേഷന്‍ ഉണ്ടാക്കാനേ ഇത്തരം വ്യക്തതയില്ലാത്ത നിര്‍ദേശങ്ങള്‍ കൊണ്ട് സാധ്യമാകൂ. സുത്യാര്യമായ സമ്പദ് വ്യവസ്ഥയ്ക്ക് ഒരിക്കലും ഗുണകരമായ കാര്യമല്ലിത്,'' കെഎസ് ഹരിഹരന്‍ അസോസിയേറ്റ്‌സിന്റെ സാരഥി അഡ്വ. കെ.എസ് ഹരിഹരന്‍ ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it