ജിഎസ്ടി ഭേദഗതി: ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസം

കേരള ജിഎസ്ടി ഭേദഗതി ബിൽ നിയമസഭ പാസാക്കി. ചെറുകിട വ്യാപാരികള്‍ക്ക് കൂടുതൽ ആശ്വാസമേകുന്ന മാറ്റങ്ങളാണ് ബില്ലിൽ ഉള്ളത്.

ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് കോമ്പൗണ്ടിങ് നികുതി അടയ്ക്കാൻ അനുവാദം നൽകുന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനം. ആകെ വിറ്റുവരവിന്റെ 10 ശതമാനം വരെ സേവനങ്ങൾ നൽകുന്ന വ്യാപാരികൾക്കും കോമ്പൗണ്ടിങ് തെരഞ്ഞെടുക്കാം.

മറ്റു ഭേദഗതികൾ

  • റിവേഴ്സ് ചാർജ് പ്രകാരം നികുതി നൽകേണ്ട ചരക്കുകളും സേവനങ്ങളും ഏതൊക്കെയാണെന്ന് ജിഎസ്ടി കൗൺസിലിന്റെ ഉത്തരവ് പ്രകാരം തീരുമാനിക്കും.
  • വ്യാപാരികളുടെ ബ്രാഞ്ചുകൾക്ക് പ്രത്യേക റജിസ്ട്രേഷൻ ലഭിക്കും.
  • ജിഎസ്ടി റജിസ്ട്രേഷൻ സസ്പെൻഡു ചെയ്യാനുള്ള അധികാരം റജിസ്ട്രേഷൻ അധികാരികൾക്ക് നൽകും.
  • ഭേദഗതി പ്രകാരം വ്യാപാരികൾ നൽകേണ്ട ലളിതമായ റിട്ടേണുകൾ ഏതൊക്കെയാണെന്ന് നിർദ്ദേശിക്കാൻ ജിഎസ്ടി കൗൺസിലിന് അധികാരം നൽകി.
  • സ്പെഷൽ ഇക്കണോമിക് സോണിൽ വ്യാപാരം നടത്തുന്നവർ പ്രത്യേക ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണം.
  • നികുതിയും പിഴയും നൽകാത്ത വാഹനങ്ങൾ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴ് ദിവസത്തിൽ നിന്നും 14 ദിവസമായി വർധിപ്പിച്ചു.
  • ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കായി നിർദേശിച്ചിരുന്ന നിർബന്ധിത റജിസ്ട്രേഷൻ ഉൽഭവസ്ഥാനത്ത് നികുതി പിരിക്കാൻ ബാധ്യതയുള്ള ഇ-കൊമേഴ്സ് കമ്പനികൾക്കു മാത്രമായി ചുരുക്കി.
  • ഓരോ ഇൻവോയ്സിലും ക്രെഡിറ്റ് – ഡെബിറ്റ് നോട്ട് നൽകാനുള്ള വ്യവസ്ഥ ലഘൂകരിച്ച് ക്രോഡീകരിച്ച ക്രെഡിറ്റ് – ഡെബിറ്റ് നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി.
  • അപ്പലേറ്റ് കേസുകളിൽ അടയ്‌ക്കേണ്ടത്, തർക്കമുള്ള തുകയുടെ 10 ശതമാനമോ പരമാവധി 25 കോടിയോ ആയി പുതുക്കി നിശ്ചയിച്ചു. ട്രിബ്യൂണൽ ഇത‌് 20 ശതമാനമോ പരമാവധി 50 കോടി രൂപയോ ആണ‌്.
  • ജോബ് വർക്കിനു നൽകുന്ന ചരക്കുകളിൽ സാധാരണ ചരക്കുകൾ ഒരു വർഷത്തിനകവും മൂലധന ചരക്കുകൾ മൂന്നു വർഷത്തിനകവും വർക്ക് പൂർത്തീകരിച്ചു നൽകണമെന്നായിരുന്നു മുൻവ്യവസ്ഥ. ഇനിമുതൽ സാധാരണ ചരക്കുകൾക്ക് ഒരു വർഷവും മൂലധന ചരക്കുകൾക്ക് രണ്ട് വർഷവും കൂടി അധികം നൽകാൻ അധികാരം ലഭിക്കും.
  • കംപ്‌ട്രോളർ ആൻഡ‌് ഓഡിറ്റർ ജനറലോ നിയമപ്രകാരം നിയമിച്ച ഓഡിറ്റർമാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്രസംസ്ഥാന ലോക്കൽ അതോറിറ്റികൾക്ക് ഇനിമുതൽ ജിഎസ്ടി നിയമത്തിൽ പറഞ്ഞ പ്രത്യേക കണക്ക് പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതില്ല.

Related Articles
Next Story
Videos
Share it