കെട്ടിട നിർമ്മാണ സാമഗ്രികളുടെ പേരില്‍ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് തിരികെ നല്‍കേണ്ടതുണ്ടോ?

ഞാനൊരു കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടര്‍ ആണ്. നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന ഒരു കെട്ടിടം വെള്ളപ്പൊക്കത്തില്‍ വീണ്ടെടുക്കാനാവാത്തവണ്ണം പൂര്‍ണമായും കേടുവന്നു. കെട്ടിടം നിര്‍മിക്കാന്‍ ഉപയോഗിച്ച ഉല്‍പ്പന്നങ്ങളുടെ പേരില്‍ ഞാന്‍ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് ഞാന്‍ തിരികെ നല്‍കേണ്ടതുണ്ടോ?

ഉത്തരം: വിപണനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ അങ്ങനെയുള്ള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് (ITC) തിരികെ നല്‍കേണ്ടി വരിക. അങ്ങനെയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് സ്ഥാവര വസ്തുക്കള്‍ നിര്‍മ്മിക്കുകയും അങ്ങനെയുള്ള സ്ഥാവര വസ്തുക്കള്‍ നിര്‍മ്മാണത്തിലിരിക്കെ നഷ്ടപ്പെടുകയും ചെയ്താല്‍ നേരത്തെ ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കേണ്ടതില്ല. അതിനു കാരണം, ഉത്പന്നങ്ങള്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ ഉപയോഗിച്ചു കഴിഞ്ഞു എന്നതുകൊണ്ടാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

കേടുവന്ന സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാന്‍ എനിക്ക് സാധിച്ചു. അത്തരം സാധനങ്ങളില്‍ നേരത്തെ ഉപയോഗപ്പെടുത്തിയ ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് ഞാന്‍ തിരികെ നല്‍കേണ്ടതുണ്ടോ?

ഉത്തരം: ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ജി എസ് ടി നിര്‍ണ്ണയിക്കുന്നത്. അതായത്, വിതരണക്കാരനും സ്വീകര്‍ത്താവും പരസ്പരം ബന്ധുക്കളല്ലാത്തവരും വിതരണം ചെയ്ത ഉല്‍പ്പന്നത്തിന് അല്ലെങ്കില്‍ സേവനത്തിനു ലഭിച്ച വില മാത്രമാണ് അതിന്റെ പ്രതിഫലമെങ്കില്‍ അങ്ങനെ കൊടുത്ത അല്ലെങ്കില്‍ കൊടുക്കേണ്ട തുകയെയാണ് ഇടപാടിന്റെ മൂല്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട്, നഷ്ടം സംഭവിച്ച ഉത്പന്നങ്ങള്‍ പരസ്പരം ബന്ധമില്ലാത്ത ഒരാള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമ്പോള്‍ ആ വിലയാണ് അതിന്റെ ഇടപാട് മൂല്യം. ആ മൂല്യത്തിനാണ് ഔട്ട്പുട്ട് ടാക്സ് കൊടുക്കേണ്ടത്. ITC തിരികെ നല്‍കേണ്ട ആവശ്യവുമില്ല.

ജി എസ് ടി നിയമപ്രകാരം, സാധനങ്ങളുടെ നഷ്ടം സംബന്ധിച്ചു ഞാന്‍ എന്റെ ബിസിനസ്സിന്റെ കണക്കുകളിലും റിക്കാര്‍ഡുകളിലും രേഖപ്പെടുത്തേണ്ടതുണ്ടോ?

ഉത്തരം: പുസ്തകങ്ങളും രേഖകളും സൂക്ഷിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്യുന്ന GST വകുപ്പുകള്‍ അനുസരിച്ച് കോമ്പസിഷന്‍ സ്‌കീമില്‍ (Composition Scheme) GST നികുതി ഒടുക്കുന്ന ആളുകള്‍ ഒഴികെ, GST രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള മറ്റെല്ലാവരും വാങ്ങുകയും വില്‍ക്കുകയും ചെയ്ത ഉത്പന്നങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച് കണക്കുകള്‍ സൂക്ഷിക്കേണ്ടതാണ്. അങ്ങനെയുള്ള കണക്കുകളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കും വിധം സ്റ്റോക്ക് അക്കൗണ്ടുകള്‍ സൂക്ഷിക്കേണ്ടതാണ്:

i. മുന്‍ ബാക്കി (opening balance)

ii. സ്വീകരിച്ച ഉത്പന്നങ്ങള്‍

iii. കൊടുത്ത ഉത്പന്നങ്ങള്‍

iv. നഷ്ടപ്പെട്ട ഉത്പന്നങ്ങള്‍

v. മോഷ്ടിക്കപ്പെട്ട ഉത്പന്നങ്ങള്‍

vi. കേടു വന്ന ഉത്പന്നങ്ങള്‍

vii. എഴുതിത്തള്ളിയ ഉത്പന്നങ്ങള്‍

viii. gift അഥവാ free sample ആയി നല്‍കിയ ഉത്പന്നങ്ങള്‍

ix. സ്റ്റോക്ക് ബാലന്‍സ് (അസംസ്‌കൃത വസ്തുക്കള്‍, പൂര്‍ത്തിയായ ഉല്‍പന്നങ്ങള്‍, സ്‌ക്രാപ്പ്, പാഴായവ എന്നിവ ഇനം തിരിച്ച്)

ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് റിവേഴ്‌സ് ചെയ്യുന്നതിനുള്ള നടപടിക്രമമെന്താണ്?

ഉത്തരം: ജി എസ് ടി നിയമം അനുസരിച്ച്, നഷ്ടം നേരിട്ട / കേടുപാടുകള്‍ സംഭവിച്ച ഉത്പന്നങ്ങളെ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും അതിനനുസൃതമായി നഷ്ടം നേരിട്ട മാസത്തെ ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ജി എസ് ടി റിവേര്‍ഴ്‌സ് രേഖപ്പെടുത്താവുന്നതാണ്. അതിനായി നഷ്ടപ്പെട്ട / കേടുവന്ന സാധനങ്ങള്‍ വാങ്ങിയ സമയത്ത് മുന്‍ മാസങ്ങളില്‍ GSTR3B യില്‍ ടാക്‌സ് ക്രെഡിറ്റ് എത്രമാത്രം ക്ലെയിം ചെയ്തിരുന്നു എന്ന് കണക്കാക്കുക. യഥാര്‍ത്ഥ നഷ്ടം നേരിട്ട മാസത്തെ GSTR3B റിട്ടേണില്‍ അത്തരം ക്ലെയിമുകള്‍ റിവേര്‍ഴ്‌സ് ചെയ്യുക.

മേല്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടുക.

JAKS Business Empowerment

തിരുവനന്തപുരം- 94471 23625, ചേര്‍ത്തല – 90207 04915,കൊച്ചി – 82810 19444, തൃശൂര്‍ – 99610 46701

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it