കോവിഡ് കാലത്ത് നികുതി തര്‍ക്കങ്ങളില്‍ നിന്ന് തലയൂരാം, വിവാദ് സെ വിശ്വാസ് പദ്ധതിയെ പറ്റി അറിയാം ഇക്കാര്യങ്ങള്‍

ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ് സെ വിശ്വാസ് പദ്ധതി അവതരിപ്പിച്ചത്. ഇന്‍കം ടാക്‌സ് വകുപ്പുമായി നിലനില്‍ക്കുന്ന നികുതി തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതിയാണിത്.

തീര്‍പ്പാകാതെ കിടക്കുന്ന നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുക, നികുതി സംബന്ധമായ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിച്ച് സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക എല്ലാത്തിനും ഉപരിയായി നികുതി ദായകര്‍ പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരുന്ന പ്രയാസങ്ങള്‍ രമ്യമായി പരിഹരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

ഇന്‍കം ടാക്‌സ് സംബന്ധമായ തര്‍ക്കങ്ങള്‍ ഈ പദ്ധതി വഴി പരിഹരിച്ചാല്‍ പിന്നീട് അതുസംബന്ധിച്ച എല്ലാവിധ നൂലാമാലകളില്‍ നിന്നും വ്യക്തികള്‍ക്കോ സംരംഭകര്‍ക്കോ തലയൂരാന്‍ സാധിക്കും. ഇത്തരമൊരു കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ വകുപ്പുകളോ നികുതി വകുപ്പോ അവരെ വേട്ടയാടുകയുമില്ല.

2019 ജൂലൈയില്‍ പ്രഖ്യാപിച്ച ഡിസ്പ്യൂട്ട് റെസലൂഷന്‍ സ്‌കീമിന്റെ വിജയത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 4,83,000 പ്രത്യക്ഷ നികുതി കേസുകള്‍ വിവിധ അപ്പലേറ്റ് അതോറിറ്റികളിലും രാജ്യത്തെ വിവിധ നിയമ ഫോറങ്ങളിലും തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. ഈ തര്‍ക്കങ്ങള്‍ സര്‍ക്കാരിനും നികുതി ദായകര്‍ക്കും ഒരുപോലെ സഹായകരമാകുന്ന വിധത്തില്‍ രമ്യമായി പരിഹരിച്ചാല്‍ സര്‍ക്കാരിന് വരുമാനം കിട്ടുകയും നികുതിദായകര്‍ക്ക് പുതിയൊരു ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും. നികുതി സംബന്ധമായ പ്രശ്‌നങ്ങള്‍ നികുതി ദായകരുടെ തലയ്ക്കുമുകളില്‍ വാള്‍ പോലെ കിടക്കില്ല. കോവിഡ് ഭീതിയില്‍ രാജ്യമെമ്പാടുമുള്ളവര്‍ പകച്ചുനില്‍ക്കുന്ന ഈ ഘട്ടത്തില്‍ പ്രത്യക്ഷ നികുതി സംബന്ധിച്ച തര്‍ക്കങ്ങളില്‍ നിന്ന് തലയൂരാനുള്ള നല്ല അവസരമാണ് ഈ പദ്ധതി.

എന്നുവരെയാണ് ഈ പദ്ധതിയുടെ കാലാവധി?

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതായത്, അധിക തുക നല്‍കാതെ തന്നെ പ്രത്യക്ഷ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ ജൂണ്‍ 30 നകം പരിഹരിക്കാം.

ഈ പദ്ധതി അവതരിപ്പിച്ചപ്പോള്‍ അധിക തുക നല്‍കാതെ തന്നെ തര്‍ക്കത്തിലുള്ള നികുതി കുടിശ്ശികകള്‍ തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെയായിരുന്നു സമയം. അതിനുശേഷം ജൂണ്‍ 30 വരെ, 10 ശതമാനം തുക അധികമായി നല്‍കി കുടിശ്ശികകള്‍ തീര്‍ത്ത് നികുതി തര്‍ക്കങ്ങളില്‍ നിന്ന് തലയൂരാന്‍ അവസരവുമുണ്ടായിരുന്നു.

എന്നാല്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അധിക തുക നല്‍കാതെ തന്നെ ജൂണ്‍ 30 വരെ നികുതി കുടിശ്ശിക സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനാകും.

ഏതെല്ലാം നിയമവ്യവഹാരങ്ങള്‍ക്കാണ് ഈ പദ്ധതി ബാധകം?

1. പ്രത്യക്ഷ നികുതി സംബന്ധിച്ച്, ജനുവരി 31 വരെ, ഏതെങ്കിലും അപ്പലേറ്റ് ഫോറത്തിന് മുന്നില്‍ പരിഗണനയിലുള്ള അപ്പീല്‍/ റിട്ട് പെറ്റീഷന്‍/ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ എന്നിവയ്‌ക്കെല്ലാം

2. ഡ്രാഫ്റ്റ് അസസ്‌മെന്റ് ഓര്‍ഡനെതിരെ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ പാനലിന് (ഡിആര്‍പി) മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്ന, ജനുവരി 31 വരെ തീര്‍പ്പാകാതെ കിടക്കുന്ന ആക്ഷേപങ്ങള്‍, ഡിആര്‍പി നികുതി നിര്‍ണയ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുകയും എന്നാല്‍ അക്കാര്യത്തില്‍ ജനുവരി 31വരെ അന്തിമ തീരുമാനം വരാതെയിരിക്കുന്നതുമായ വ്യവഹാരങ്ങള്‍

3. ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍, മറ്റ് ഇന്‍കം ടാക്‌സ് ആര്‍ബിട്രേഷന്‍ ഫോറങ്ങള്‍, കോടതികള്‍ എന്നിവയ്ക്കു മുമ്പാകെ ജനുവരി 31 വരെ തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍

4. ഒരു അസസ്‌മെന്റ് വര്‍ഷത്തില്‍, അഞ്ച് കോടി രൂപയില്‍ താഴെയുള്ള നികുതിയുടെ പേരില്‍ പുറപ്പെടുവിച്ചിരിക്കുന്ന സ്‌പെഷല്‍ സെര്‍ച്ച് കേസുകള്‍

കോടതിയില്‍ ഇതിനകം പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ള കേസുകളും, അഞ്ച് കോടി രൂപയ്ക്കുമേല്‍ നികുതി തുകയുള്ള സെര്‍ച്ച് കേസുകളും ഈ പദ്ധതിയുടെ പരിധിയില്‍ വരില്ല.

ഒരു ലീഗല്‍ ഫോറത്തില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുകയും അവര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നികുതി ദായകന് നികുതി തുകയുടെ 50 ശതമാനം അടച്ചാല്‍ മതി. മുഴുവന്‍ തുക അടയ്‌ക്കേണ്ട.

പദ്ധതി സ്വീകരിച്ചാലുള്ള മെച്ചമെന്താണ്?

തുടര്‍ന്നുള്ള നിയമ നടപടികളില്‍ നിന്നും പരിരക്ഷ ലഭിക്കും. മറ്റൊരു വകുപ്പും പുനഃപരിശോധിക്കാത്ത വിധം തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പാകും. നികുതി ദായകന് എല്ലാ വ്യവഹാരങ്ങളും വിലയിരുത്താനുള്ള അവസരം ഇതിലൂടെ വരുമെന്ന് മാത്രമല്ല അന്തിമമായി നല്‍കാനുള്ള നികുതി തുകയില്‍ വലിയ ഇളവ് നേടിയെടുക്കാനും സാധിക്കും. വ്യക്തിഗത വരുമാന നികുതി, കോര്‍പ്പറേറ്റ് ടാക്‌സ് എന്നിവ സംബന്ധിച്ച വ്യവഹാരങ്ങള്‍ക്ക് ഇതിലൂടെ തീര്‍പ്പ് കല്‍പ്പിക്കാം. ടിഡിഎസ്, ടിസിഎസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പരിഹാരമുണ്ടാക്കാം.

വ്യവഹാരങ്ങളുടെ ഭാഗമായി നികുതിദായകന്‍ കൂടുതല്‍ തുക കെട്ടിവച്ചിട്ടുണ്ടെങ്കില്‍ ഈ സ്‌കീം വഴി കേസുകളില്‍ തീര്‍പ്പാകുമ്പോള്‍, അധികമായുള്ള തുക റീഫണ്ടായി തിരികെ ലഭിക്കും.

കാലാവധി ദീര്‍ഘിപ്പിച്ചതുകൊണ്ടുള്ള മെച്ചങ്ങള്‍

വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചതുകൊണ്ട് അധികമായി പത്തുശതമാനം തുക നല്‍കാതെ തന്നെ തര്‍ക്കങ്ങളില്‍ നിന്ന് തലയൂരാ. മാത്രമല്ല, ഇതുവരെ ഈ സ്‌കീം ഉപയോഗപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാത്തവര്‍ക്ക് കുറച്ചുകൂടി സാവകാശം കിട്ടും.

നഷ്ടം കാരിഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുമോ?

വിവാദ് സെ വിശ്വാസ് പദ്ധതി സ്വീകരിച്ചാല്‍ നിബന്ധനകള്‍ക്ക് വിധേയമായി നഷ്ടം കാരിഫോര്‍ഡ് ചെയ്യാന്‍ സാധിക്കും.

ഈ പദ്ധതിയുടെ പ്രസക്തിയെന്താണ്?

1. കോവിഡ് കാലം അനിശ്ചിതത്വങ്ങളുടെ കാലമാണ്. അതിനിടെ നികുതി സംബന്ധമായ തര്‍ക്കങ്ങളുടെ അവസാനഫലം എന്താകുമെന്ന ആശങ്ക കൂടി ചേരുമ്പോള്‍ സ്ഥിതി കൂടുതല്‍ ദയനീയമാകും. കോവിഡ് കാലത്ത് കുറഞ്ഞത് നികുതി കേസുകളുടെ കാര്യത്തിലെങ്കിലും ഒരു പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗമാണിത്.

2. വെറും ഒരുമാസത്തിനുള്ളില്‍ ഈ പദ്ധതി വഴി തര്‍ക്കത്തിന് പരിഹാരം കാണാം. എന്ന് തീരുമെന്നറിയാത്ത കേസുകളുടെ പിന്നാലെ പോകുന്നത് ഇതിലൂടെ അവസാനിപ്പിക്കാം.

3. പലിശ, പിഴ, പ്രോസിക്യൂഷന്‍ നടപടികള്‍ എന്നിവയില്‍ നിന്ന് ഇതിലൂടെ വിടുതല്‍ നേടാം.

4. ഇത്തരം വ്യവഹാരങ്ങള്‍ക്ക് എന്തായാലും പണവും സമയവും ചെലവിടണം. അവ രമ്യമായി പരിഹരിച്ചാല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പ്രതിസന്ധി കാലത്ത് പ്രധാന ബിസിനസില്‍ മാത്രം ശ്രദ്ധയൂന്നാം. പണം ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം.

5. നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ വെവ്വേറെ കേസുകളാണെങ്കില്‍, നികുതി ദായകന് വേണ്ട അസസ്‌മെന്റ് വര്‍ഷം തെരഞ്ഞെടുത്ത് ആ കേസുകള്‍ മാത്രം ഈ പദ്ധതി വഴി പരിഹരിക്കാം. കോവിഡ് കാലമായതിനാല്‍ പലര്‍ക്കും ഫണ്ട് ശരിയായ വിധത്തില്‍ വരുന്നുണ്ടാവില്ല. കോസ്റ്റ് അനാലിസിസ് നടത്തുമ്പോള്‍ ചില തര്‍ക്കങ്ങള്‍ പിന്നീട് പരിഹരിച്ചാല്‍ മതിയെന്ന് തോന്നിയാല്‍ അതിനും അവസരമുണ്ട്.

6. വിവാദ് സെ വിശ്വാസ് പദ്ധതിയുടെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്ന ഫോം 1, ഫോം 2, ഫോം 4 എന്നിവ ഫയല്‍ ചെയ്താല്‍ ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും.

പദ്ധതി സ്വീകരിച്ചാല്‍ എത്ര തുക അടയ്‌ക്കേണ്ടി വരും?

1. വ്യവഹാരത്തിലുള്ള നികുതി തുക, അതിന്റെ പലിശ, പിഴ എല്ലാമുണ്ടെങ്കില്‍ ഈ പദ്ധതി സ്വീകരിച്ചാല്‍ ജൂണ്‍ 30 നകം തര്‍ക്കത്തിലുള്ള നികുതി മാത്രം മുഴുവനായി അടച്ചാല്‍ മതി. അതിനുശേഷം ഇതിന്റെ കൂടെ 10 ശതമാനം തുക അധികമായി നല്‍കണം. അതായത് തര്‍ക്കത്തിലുള്ള നികുതിയുടെ 110 ശതമാനം നല്‍കണം. ഇത് എന്നുവരെയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2. പലിശ, പിഴ, ഫീസ് എന്നിവയാണ് തര്‍ക്കത്തിലുള്ളതെങ്കില്‍ അതിന്റെ 25 ശതമാനം ജൂണ്‍ 30 നകം അടയ്ക്കണം. അതിനുശേഷമാണെങ്കില്‍ 30 ശതമാനം.

3. തര്‍ക്കത്തിലിരിക്കുന്ന നികുതി, പലിശ, പിഴ എന്നിവയുടെ കേസ് അപ്പീല്‍ പോയിരിക്കുകയാണെങ്കില്‍ ജൂണ്‍ 30നുള്ളിലാണെങ്കില്‍ തര്‍ക്കത്തിലുള്ള നികുതിയുടെ 50 ശതമാനം അടച്ചാല്‍ മതി. അതിനുശേഷം 55 ശതമാനമാകും.

4. പിഴ, ഫീസ് എന്നിവ സംബന്ധിച്ച തര്‍ക്കത്തില്‍ അപ്പീല്‍ പോയിരിക്കുകയാണെങ്കില്‍ ജൂണ്‍ 30നുള്ളില്‍ 12.5 ശതമാനം അടച്ചാല്‍ മതി. അതിനുശേഷം അത് 15 ശതമാനമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it