ഇന്‍ഷ്വറന്‍സ് ക്ലെയിമായി ലഭിച്ച തുകയ്ക്ക് ജിഎസ്ടി നൽകേണ്ടി വരുമോ?

ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് റിവേഴ്‌സ് ചെയ്യുന്നതിനുള്ള നടപടിക്രമമെന്താണ്?

ഉത്തരം: ജി എസ് ടി നിയമം അനുസരിച്ച്, നഷ്ടം നേരിട്ട / കേടുപാടുകള്‍ സംഭവിച്ച ഉത്പന്നങ്ങളെ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും അതിനനുസൃതമായി നഷ്ടം നേരിട്ട മാസത്തെ ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ജി എസ് ടി റിവേര്‍ഴ്‌സ് രേഖപ്പെടുത്താവുന്നതാണ്. അതിനായി നഷ്ടപ്പെട്ട / കേടുവന്ന സാധനങ്ങള്‍ വാങ്ങിയ സമയത്ത് മുന്‍ മാസങ്ങളില്‍ GSTR-3B യില്‍ ടാക്‌സ് ക്രെഡിറ്റ് എത്രമാത്രം ക്ലെയിം ചെയ്തിരുന്നു എന്ന് കണക്കാക്കുക. യഥാര്‍ത്ഥ നഷ്ടം നേരിട്ട മാസത്തെ GSTR-3B റിട്ടേണില്‍ അത്തരം ക്ലെയിമുകള്‍ റിവേര്‍ഴ്‌സ് ചെയ്യുക.

എന്റെ ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറില്‍ (Electronic Credit Ledger) എനിക്ക് ക്രെഡിറ്റ് ബാലന്‍സ് ഇപ്പോള്‍ ഇല്ലെങ്കില്‍?

ഉത്തരം: ITC യുടെ റിവേഴ്സല്‍ നടത്തുമ്പോള്‍ ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറില്‍ (Electronic Credit Ledger) മതിയായ ക്രെഡിറ്റ് ബാലന്‍സ് ലഭ്യമല്ലെങ്കില്‍ അത് ഔട്ട്പുട്ട് ടാക്‌സ് ബാധ്യതയായി പരിഗണിച്ച് കുറവ് വരുന്ന തുക അടക്കേണ്ടതാണ്.

നഷ്ടപ്പെട്ട / കേടുപാടുകള്‍ സംഭവിച്ച സാധനങ്ങളുടെ ഇന്‍ഷ്വറന്‍സ് ക്ലെയിമിന് എനിക്ക് യോഗ്യതയുണ്ട്. എനിക്ക് ലഭിച്ച ഇന്‍ഷുറന്‍സ് തുക ഇടപാടിന്റെ മൂല്യമായി പരിഗണിച്ച് ആ തുകയ്ക്ക് ജിഎസ്ടിക്ക് നല്‍കേണ്ടിവരുമോ? കൂടാതെ, ഞാന്‍ ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് റിവേഴ്‌സ് ചെയ്യേണ്ടതുണ്ടോ?

ഉത്തരം: GST നിയമത്തിന്റെ ഷെഡ്യൂള്‍ III അനുസരിച്ച് ഇന്‍ഷ്വറന്‍സ് ക്ലെയിം ഒരു Supply അല്ല, മറിച്ച് വ്യവഹാര സംബന്ധിയായ ക്ലെയിം മാത്രമാണ്. അതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം വഴി ലഭിക്കുന്ന തുക സാധനം വിറ്റത്തിനു ലഭിച്ച തുകയായി കണക്കാക്കാനാകില്ല. അതുകൊണ്ടുതന്നെ അതിനു GST നികുതി ബാധ്യതയില്ല. എന്നിരുന്നാലും, നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്ത സാധനങ്ങളുടെ വിലയുടെ ഒരു ഭാഗം പോലും തിരിച്ചു കിട്ടാത്ത വണ്ണം ആണെങ്കില്‍ അത്തരം സാധങ്ങളുടെ പേരില്‍ നേരത്തെ ക്ലെയിം ചെയ്ത input tax credit തിരികെ നല്‍കേണ്ടതാണ്.

ഇന്‍ഷ്വറന്‍സ് ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ നഷ്ടം വന്ന / കേടുപാട് സംഭവിച്ച സാധനങ്ങളുടെ വീണ്ടെടുക്കാവുന്ന തുക (Salvage value) തീര്‍ത്തും ഇല്ലാതെ പരിപൂര്‍ണ്ണ നഷ്ടത്തിനായാണ് ക്ലെയിം സമര്‍പ്പിച്ചതെങ്കില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സ് ചെയ്യേണ്ടതാണ്. GST അധികാരികള്‍ താങ്കള്‍ നല്‍കിയ claim form തെളിവായിസ്വീകരിക്കാന്‍ സാധ്യതയുണ്ട്. സാധനങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ ഇന്പുട്ട് ടാക്‌സ് റിവേഴ്‌സല്‍ മൂലമുണ്ടാകുന്ന നഷ്ടവും കൂടി പരിഗണിച്ച് അതിനുകൂടിയുള്ള തുക ഇന്‍ഷ്വറന്‍സ് ക്ലെയിമില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും.

ഞാന്‍ ഒരു വ്യാപാരിയാണ്. പ്രളയബാധിതര്‍ക്ക് സൗജന്യമായി ചില സാധനങ്ങള്‍ സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ അവസരത്തില്‍ ജി എസ് ടി നിയമപ്രകാരം ഞാന്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് പാലിക്കേണ്ടത്?

ഉത്തരം: പ്രളയ ബാധിതര്‍ക്ക് വസ്തുക്കള്‍ സൗജന്യമായി സംഭാവന ചെയ്യുകയാണെങ്കില്‍, ജി എസ് ടി നിയമപ്രകാരം അത് ഒരു 'supply' അല്ല. അതിനാല്‍ അത്തരം വസ്തുക്കളുടെ യഥാര്‍ത്ഥ മൂല്യത്തില്‍ ഒരു നികുതിയും നല്‍കേണ്ടതില്ല, എന്നിരുന്നാലും അത്തരം വസ്തുക്കളില്‍ നേരത്തെ ഉപയോഗപ്പെടുത്തിയ ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് തിരിച്ചടയ്‌ക്കേണ്ടതുണ്ട്. അത്തരം അവസരങ്ങളില്‍ നികുതി ഇന്‍വോയ്‌സിന് പകരം Delivery Note, E -Way Bill എന്നിവ സംഭാവനയായി നല്‍കിയ സാധനങ്ങളോടൊപ്പം നല്‍കണം.

പ്രളയബാധിതര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഞാന്‍ സാധനങ്ങള്‍ വിറ്റാല്‍ GST നിയമം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കും?

ഉത്തരം: പ്രളയബാധിതര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനകള്‍ വില്‍ക്കുകയും അങ്ങനെ വില്‍ക്കുമ്പോള്‍ ലഭുക്കുന്ന / ലഭിക്കാന്‍ അര്‍ഹതപ്പെട്ട തുക മാത്രമാണ് വില്പനയുടെ പ്രതിഫലമെങ്കില്‍, കൂടാതെ വില്പനക്കാരനും സ്വീകര്‍ത്താവും പരസ്പരം ബന്ധുക്കളല്ലെങ്കില്‍ ആ കുറഞ്ഞ വില്പനയ്ക്ക് തന്നെയാണ് GST നികുതി ബാധ്യതയുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ഇടപാടിന്റെ മൂല്യം കാണിക്കുന്ന നികുതി ഇന്‍വോയിസും E Way Bill ഉം സാധനത്തിനൊപ്പം നല്‍കണം.

മേല്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടുക.

JAKS Business Empowerment (തിരുവനന്തപുരം- 94471 23625, ചേര്‍ത്തല – 90207 04915,കൊച്ചി – 82810 19444, തൃശൂര്‍ – 99610 46701)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it